നാലുമണിക്കാറ്റ്

നാലുമണിക്കാറ്റ് കുറെ ഓർമ്മക്കുറിപ്പുകളാണ്. ജീവിത യാത്രയെ തൊട്ടും തലോടിയും ചിലപ്പോളൊക്കെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മറ്റു ചിലപ്പോൾ ഒട്ടൊന്നു വിഷമിപ്പിച്ചും കടന്നു പോകുന്ന കുളിർ കാറ്റ്... എല്ലാവര്ക്കും ഉണ്ടാകും ഇത് പോലെ ഉള്ള അനുഭവങ്ങളും കഥകളും. വായനക്കാരെ മടുപ്പിക്കാതെ രസകരമായി എന്റെ ചില കുറിപ്പുകൾ വരച്ചിടാൻ ശ്രമിക്കുകയാണ് ഈ ബ്ലോഗിലൂടെ...

Saturday, December 21, 2019

ഒരു ഡൽഹി യാത്ര

പണ്ട് പണ്ട്...എന്നാൽ അത്രയ്ക്ക് പണ്ടല്ല…കൗമാരത്തിലേക്ക് കാലൂന്നിയ സമയത്തു അതായത് എട്ടാം ക്ലാസ്സ് കഴിഞ്ഞുള്ള മദ്ധ്യവേനലവധിക്കാലത്തു പോയൊരു ഹൃദ്യമായ യാത്രയുടെ ഓർമ്മക്കുറിപ്പാണിത്. എല്ലാ കുട്ടികളേയും പോലെ അവധിക്കാല യാത്രകൾ എനിക്കും പ്രിയപ്പെട്ടതായിരുന്നു. അതിനു മുൻപുള്ള ദീർഘ ദൂര യാത്രയെന്ന് പറയുന്നത് നാലാം ക്ലാസിലെയും അഞ്ചാം ക്ലാസിലെയും അവധിക്കാലത്തു അന്ന് സകുടുംബം മദ്രാസിൽ താമസമാക്കിയ അമ്മയുടെ സഹോദരിയെ കാണാൻ പോകാറുള്ളതായിരുന്നു. അതിനു ശേഷം എൻ്റെ കുട്ടിക്കാലത്തെ ഏറ്റവും ദൈർഘ്യമേറിയ യാത്രയായിരുന്നു തലസ്ഥാന നഗരിയായ ഡൽഹി അഥവാ ദില്ലിയിൽ പോയത്. എയർഫോഴ്‌സിൽ ജോലി ചെയ്യുന്ന മാമന് [അമ്മയുടെ സഹോദരൻ] രാജസ്ഥാനിൽ നിന്നും ഡൽഹിയിലേക്ക് സ്ഥലം മാറ്റം കിട്ടി കുറച്ചു മാസങ്ങൾക്കു ശേഷം സ്ഥലങ്ങൾ കാണാനായി അവർ ഞങ്ങളെ ക്ഷണിക്കുകയായിരുന്നു. ആ മറക്കാനാവാത്ത യാത്രയിൽ സ്നേഹനിധിയായ എൻ്റെ വല്യമ്മയും [ അമ്മമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ടു ഇപ്പോൾ കുറച്ചു മാസങ്ങളായി] മാമിയുടെ അമ്മയും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.

കൃത്യമായ തീയ്യതി ഓർമ്മിച്ചെടുക്കാൻ ആവുന്നില്ലെങ്കിലും ഞങ്ങൾ പോയത് ഏപ്രിൽ മാസാവസാനമായിരുന്നു. വിമാന യാത്രയെക്കുറിച്ചു കൂടുതൽ ചിന്തിച്ചു തുടങ്ങിയിട്ടില്ലാത്ത കാലം ... പോകുന്നതിനായി എൻ്റെ അച്ഛൻ്റെ സ്വന്തം തീവണ്ടി [അച്ഛന് ജോലി റെയിൽവേയിൽ ആയിരുന്നത് കൊണ്ട് അങ്ങനെ പറയാനാണെനിക്കിഷ്ടം ] തന്നെയായിരുന്നു ആശ്രയം . യാത്രാദൈർഘ്യം പകുതിയോളം കുറയ്ക്കുമായിരുന്ന കൊങ്കൺ റെയിൽ പാത തുറക്കുന്നതിനു തൊട്ടു മുൻപുള്ള വർഷമായിരുന്നു ഞങ്ങളുടെ വളഞ്ഞു പിടിച്ചുള്ള ഡൽഹി തീവണ്ടി യാത്ര. നിസാമുദ്ദീൻ ട്രെയിനിൽ തലശ്ശേരിയിൽ നിന്നും രാവിലെ യാത്ര തിരിച്ച ഞങ്ങൾ മൂന്നാമത്തെ ദിവസമാണ് ഡൽഹിയിലെത്തിയത് .

ട്രെയിനില്‍ ഇത്രയും ദിവസം ചിലവഴിച്ച ഒരേയൊരു യാത്രയും ഇതു തന്നെയാണ്. മറ്റൊരു സവിശേഷത എന്ന് പറയുന്നത് ഒരു യാത്രികൻ്റെ കയ്യിലും മൊബൈലോ ലാപ്ടോപ്പോ ഇല്ലായിരുന്നു എന്നതാണ്[ഇന്നത്തെ കുട്ടികൾക്കും യുവ ജനങ്ങൾക്കും ആലോചിക്കാനേ പറ്റാത്ത കാര്യം!] . സ്‌ക്രീനിൽ കണ്ണുകൾ തറച്ചു വച്ച് ചുറ്റും നടക്കുന്നതൊന്നും തനിക്കു ബാധകമല്ല എന്ന മട്ടിലുള്ള ഇരിപ്പ് അന്ന് പറ്റില്ലായിരുന്നു എന്ന് ചുരുക്കം. സഹയാത്രികരുമായി വിശേഷങ്ങളും പലഹാരങ്ങളും പങ്കു വച്ചും, ഇടയ്ക്കു വല്യമ്മയുടെ പഴയകാല കഥകൾ കേട്ടും, മുതിർന്നവർ ‘അന്താരാഷ്ട്ര പ്രശ്നങ്ങൾ’ ചർച്ച ചെയ്യുമ്പോൾ ഞാനും ചേട്ടനും ‘ഏണീം പാമ്പും’ കളിച്ചും , വിൻഡോ സീറ്റിലിരുന്നു കൊണ്ട് പ്രകൃതി ഭംഗി ആവോളം ആസ്വദിച്ചും, പാട്ടു കേൾക്കാനായി ചേട്ടൻ്റെ കൈയിലുള്ള ‘സോണി വാക്മാൻ’ ചോദിച്ചാൽ തരാതെ വരുമ്പോൾ വഴക്കു കൂടി അച്ഛനെ കൊണ്ട് ചോദിപ്പിച്ചു വാങ്ങിയും ഒക്കെ ‘ബോറടി’ എന്ന വാക്കിനെ ഞങ്ങൾ അക്ഷരാർത്ഥത്തിൽ ഒഴിവാക്കി. രണ്ടര ദിവസം റെയിൽവേ ഷെഫുകളുടെ പാചക നൈപുണ്യവും അനുഭവിച്ചറിയാനിടയായി.

 മൂന്നാം ദിവസം ഉച്ചയോടടുത്തപ്പോഴാണ് ഡൽഹി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. അവിടെ കാറുമായി കാത്തു നിന്ന മാമനോടൊപ്പം റേസ് കോഴ്സ് എന്ന സ്ഥലത്തെ എയർഫോഴ്സ് ക്വാർട്ടേഴ്സിലേക്കാണ് ഞങ്ങൾ പോയത് . മാമൻ്റെ കല്യാണം കഴിഞ്ഞിട്ട് ഏതാണ്ട് ആറു മാസമായിട്ടേ അപ്പോൾ ഉണ്ടായിരുന്നുള്ളു. മാമി എല്ലാവരോടും വളരെ ഫ്രണ്ട്‌ലി ആയിരുന്നു . ഞങ്ങളെ എല്ലാവരെയും നിറഞ്ഞ ചിരിയോടെയാണ് മാമി സ്വീകരിച്ചത് . അങ്ങനെ എട്ടു പേർ ആ രണ്ടു മുറി വീട്ടിൽ കളി ചിരികളുമായി ഏതാണ്ട് 10 ദിവസങ്ങള്‍ കഴിഞ്ഞു കൂടി. വേനൽക്കാലമായിരുന്നെങ്കിലും അവിടെ അപ്പോഴും തണുപ്പായിരുന്നു. കേരളത്തിലെ ചൂടിൽ നിന്നും അവിടെയെത്തിയപ്പോൾ ആദ്യം കാലാവസ്ഥ ഭയങ്കര തണുപ്പായി തോന്നിയെങ്കിലും പിന്നീട് അതുമായി എല്ലാവരും ഇണങ്ങിച്ചേർന്നു.

ഓർക്കുമ്പോൾ ഇപ്പോഴും എനിക്ക് ചിരി വരാറുള്ള ഒരു കാര്യം .. അപ്പുറത്തെ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ‘മീഥാലി’ എന്ന് പേരുള്ള നോർത്ത് ഇന്ത്യൻ ചേച്ചിയോട് ആദ്യമായി ഞാൻ ഹിന്ദിയിൽ സംസാരിച്ചതാണ്. ഹിന്ദി പഠിക്കുന്നുണ്ടെങ്കിലും ആദ്യമായാണ് സംസാരിക്കാൻ ഒരു അവസരം ഒത്തു വന്നത് . ഗ്രാമ്മർ,സ്ത്രീലിംഗ് ,പുല്ലിംഗ് ഇവരെയൊന്നും മൈൻഡ് ചെയ്യാതെ രാഷ്ട്ര ഭാഷയിൽ അവർ എന്നോട് ചോദിച്ച ചോദ്യങ്ങൾക്കു ഞാൻ മറുപടി നൽകി . പിന്നീട് റൂമിലെത്തി അമ്മയോട് ഞാൻ പറഞ്ഞ വാചകങ്ങൾ ഏറ്റു പറഞ്ഞപ്പോൾ ഗ്രാമറൊക്കെ ഞാൻ കാറ്റിൽ പറത്തിയെന്നു മനസ്സിലായി. പക്ഷെ പിന്നീട് മാമി വന്നു പറഞ്ഞു ആ ചേച്ചി എൻ്റെ ‘കിടു’ ഹിന്ദി കേട്ട് അന്തോം കുന്തോം വിട്ടു നിന്ന് പോയീന്നു!. മാമിയുടെ പാചക നൈപുണ്യം ആദ്യമായി അറിയാൻ കഴിഞ്ഞത് ഡൽഹിയിൽ വച്ചാണ്. സൗത്ത് ഇന്ത്യൻ മാത്രമല്ല എയർഫോഴ്‌സിലുള്ള നോർത്ത് ഇന്ത്യൻ സൗഹൃദത്തിലൂടെ അവരുടെ പാചക രീതികളും പഠിച്ചെടുത്ത മാമി ഞങ്ങൾക്കായി അവരുടെ കുറെ രുചികരങ്ങളായ ഭക്ഷണങ്ങൾ ഉണ്ടാക്കിത്തന്നു. ആദ്യമായി ഞാൻ ‘നൂഡിൽസ്’ എന്ന പരിഷ്ക്കാരി ഭക്ഷണം കഴിക്കുന്നതും അവിടെ വച്ചായിരുന്നു.

ഡൽഹിയിൽ എത്തിയതിനു ശേഷം ആദ്യമായി പുറത്തിറങ്ങിയത് ഇന്ത്യയിലെ തന്നെ പഴക്കമാർന്നതും തിരക്കുള്ളതുമായ മാർക്കറ്റ് ആയ ചാന്ദ്നിചൗക്കിൽ ഷോപ്പിംഗിനായിരുന്നു.രാത്രിയിൽ നിലാവിൻ്റെ പ്രതിഫലനം ഉണ്ടാകുന്നതു കൊണ്ടാണ് ആ സ്ഥലത്തിന് ചാന്ദ്നി ചൗക്ക് എന്ന പേര് വന്നത്. ഇന്ത്യയുടെ തനതായ മധുര പലഹാരങ്ങൾക്കും [ഹൽദിറാം പലഹാരക്കടയുടെ യഥാർത്ഥ ഉറവിടം ഇവിടെയാണ്] സാരികൾക്കും വളരെ പ്രസിദ്ധമാണ് ചുവരുകളുടെ നഗരം എന്നറിയപ്പെടുന്ന ഈ സുപ്രധാന വീഥി. കൂടാതെ ചെരിപ്പുകൾ, തുകൽ ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ എന്നിങ്ങനെയുള്ള എല്ലാ സാധനങ്ങളും ഇവിടെ ലഭ്യമാണ്. നാട്ടിലേക്ക് കൊണ്ടു പോകാൻ കുറെ സാധനങ്ങൾ വാങ്ങിയാണ് ഞങ്ങൾ ആ ചരിത്ര-പ്രധാന സ്ഥലത്തോട് വിട പറഞ്ഞത്. തൊട്ടടുത്ത ദിവസങ്ങളിൽ അവിടെയുള്ള പ്രസിദ്ധമായ അയ്യപ്പ ക്ഷേത്രത്തിലും ഹനുമാൻ ക്ഷേത്രത്തിലും തൊഴാൻ പോയി.

തിരിച്ചു വരുന്നതിനു മൂന്നു ദിവസങ്ങൾക്കു മുൻപാണ് എല്ലാവരും ഒരുമിച്ചുള്ള ഒരു ഫുൾ ഡേ ട്രിപ്പ് മാമൻ പ്ലാൻ ചെയ്തത് . അതിനു വേണ്ടി വാൻ ഏർപ്പാടാക്കി തന്നതാകട്ടെ അച്ഛൻ്റെ കസിനായ വിനുവേട്ടനായിരുന്നു. അവരും ഡെൽഹിയിലായിരുന്നു ജോലി ചെയ്തിരുന്നത് . പോകാനുള്ള ദിവസം വിനുവേട്ടൻ രാവിലെ വീട്ടിൽ വന്നു എല്ലാവരെയും കണ്ടു. വണ്ടി റെഡിയാണെന്നും ജോലിത്തിരക്കു കാരണം കൂടെ വരാൻ പറ്റില്ലെന്നും പറഞ്ഞു. അങ്ങനെ അതിരാവിലെ തന്നെ ഞങ്ങൾ വാനിൽ ഡൽഹിയുടെ മനോഹര കാഴ്ചകൾ കാണാൻ യാത്ര തിരിച്ചു . ഇന്നത്തെ അന്തരീക്ഷ മലിനീകരണം കൊണ്ടും ഗതാഗതക്കുരുക്കു കൊണ്ടും വീർപ്പു മുട്ടുന്ന ഡെൽഹിയായിരുന്നില്ല ഇരുപത്തിരണ്ടു വർഷങ്ങൾക്കു മുൻപുള്ള അന്നത്തെ ഡൽഹി. തിരക്കുകൾക്കിടയിലും ശാന്തമായിരുന്നു അന്നത്തെ തലസ്ഥാന നഗരി. അന്ന് പോയ പ്രധാന സ്ഥലങ്ങൾ ഇന്ത്യ ഗേറ്റ്, ലോട്ടസ് ടെംപിൾ, റെഡ്ഫോർട്ട്, ഖുത്ബ് മിനാർ എന്നിവയായിരുന്നു. സ്ഥലങ്ങളെക്കുറിച്ചു ചുരുക്കിപ്പറയാം .

ആദ്യം തന്നെ ഇന്ത്യ ഗേറ്റ് കാണാനാണ് ഞങ്ങൾ പോയത്. ഡൽഹിയിലെ പ്രധാന പാതയായ രാജ്‌പഥിൽ ആണ് ഇന്ത്യ ഗേറ്റ് സ്ഥാപിച്ചിരിക്കുന്നത്. ഒന്നാം ലോകമഹായുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലും മരിച്ച സൈനികരുടെ ഓർമ്മ നിലനിർത്തുവാൻ വേണ്ടി നിർമ്മിച്ച ഈ സ്മാരകം ലോകത്തിലെ ഏറ്റവും വലിയ യുദ്ധസ്മാരകങ്ങളിൽ ഒന്നാണ്. 1931 ൽ പണി പൂർത്തിയായ ഇന്ത്യ ഗേറ്റിൻ്റെ ചുവരുകളിൽ യുദ്ധത്തിൽ മരിച്ച സൈനികരുടെ പേരുകൾ കൊത്തി വച്ചിട്ടുണ്ട് . സൈനികരുടെ ഓർമ്മയ്ക്കായി ആർച്ചിൻ്റെ താഴെയായി കത്തിച്ചു വച്ചിരിക്കുന്ന ദീപമാണ് അമർ ജവാൻ ജ്യോതി. കറുത്ത മാർബിൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഇതോടൊപ്പം ഒരു സൈനിക തോക്കും തൊപ്പിയും പണിതിട്ടുണ്ട്. 1971 ലെ ഇന്ത്യ-പാക് യുദ്ധത്തിൻ്റെ ഓർമ്മയ്ക്കായി തൊട്ടടുത്ത വർഷം സ്ഥാപിച്ച അമർ ജവാൻ ജ്യോതിയുടെ സ്ഥാപന കർമ്മം നിർവഹിച്ചിരിക്കുന്നത് അന്നത്തെ പ്രധാമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ്. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യ ഗേറ്റിൻ്റെ ഉള്ളിൽ സാധാരണക്കാർക്ക് പ്രവേശനം ഇല്ലായിരുന്നു. പക്ഷെ ഒരു എയർഫോഴ്സ് ജവാൻ കൂടെയുള്ളത് കൊണ്ട് ഞങ്ങളെ അവർ അകത്തു കയറാൻ അനുവദിച്ചു. ഇരുട്ട് നിറഞ്ഞ അതിൻ്റെ ഉള്ളിലെ 300 പടവുകൾ ഞങ്ങൾ ടോർച്ചു തെളിച്ചു കൊണ്ടാണ് കയറിയത്. ഞാൻ പടവുകളുടെ എണ്ണമെടുത്താണ് കയറിയത്. ഏറ്റവും മുകളിലെത്തിയപ്പോൾ എല്ലാവരും നന്നേ ക്ഷീണിച്ചു. പ്രത്യേകിച്ചും വല്യമ്മ. പക്ഷെ അതിൻ്റെ മുകളിൽ നിന്നു കൊണ്ട് ഡൽഹിയുടെ പ്രൗഢി മുഴുവൻ കണ്ണുകളാൽ ഒപ്പിയെടുത്തപ്പോൾ ക്ഷീണമൊക്കെ പമ്പ കടന്നു. രാജ്‌പഥിൻ്റെ ഒരു വശത്തു സ്ഥിതി ചെയ്യുന്ന രാഷ്‌ട്രപതി ഭവൻ്റെ വ്യക്തമായ കാഴ്ച അവിടെ നിന്നാൽ കിട്ടും. കൂടാതെ ചുറ്റുമുള്ള ഉദ്യാനങ്ങളുടെ ഭംഗിയും നയന മനോഹരങ്ങളാണ് .

അവിടെ നിന്നും നേരെ പോയത് ലോട്ടസ് ടെംപിളിലാണ്. ഡൽഹിയിലെ പ്രധാന ആകർഷണ കേന്ദ്രമായ ഈ ബഹായ് ക്ഷേത്രം ഏകദൈവ വിശ്വാസത്തിൽ അധിഷ്ഠിതമായ ബഹായി എന്ന മതക്കാരുടേതാണ്. ബഹാവുള്ള ആണ് പേർഷ്യയിൽ ഉടലെടുത്ത ഈ മതത്തിൻ്റെ സ്ഥാപകൻ. ഇന്ത്യയിലെ തന്നെ ശില്പ ചാതുര്യങ്ങളിലും വലിപ്പത്തിലും മുന്നിട്ടു നിൽക്കുന്ന അമ്പലങ്ങളിൽ ഒന്നാണീ താമരപ്പൂവിൻ്റെ ആകൃതിയിലുള്ള ക്ഷേത്രം. ഒൻപതുവശങ്ങൾ മുഴുവനും വെണ്ണക്കല്ലിൽ പൊതിയപ്പെട്ട് മൂന്നിൻ്റെ ഗണങ്ങളിൽ സ്വതന്ത്രമായി നിൽക്കുന്ന 27 ദളങ്ങൾ ചേർന്നതാണ് ഈ ക്ഷേത്രത്തിൻ്റെ ഘടന. ഒൻപത് വാതിലുകളും ഉള്ളിലേക്ക് തുറക്കുന്നത് ഒരു നടുത്തളത്തിലേക്കാണ്. ഏതാണ്ട് 2500 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ആ നടുത്തളത്തിൻ്റെ തറ വെള്ള മാർബിൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഫരിബോസ് എന്ന ഇറാൻകാരൻ നിർമ്മിച്ച ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ബഹാപൂർ എന്ന ഗ്രാമത്തിൽ ആണ് . കണ്ണിനും മനസ്സിനും കുളിർമ്മ നൽകുന്നതാണ് ഈ ടെംപിളിൻ്റെ രൂപ ഭംഗി. അവിടെ കുറച്ചു സമയം ചിലവഴിച്ച ഞങ്ങൾ പിന്നീട് ചെങ്കോട്ട അഥവാ റെഡ് ഫോർട്ട് കാണുവാനായി പോയി .

മുഗൾ ഭരണാധികാരിയായിരുന്ന ഷാജഹാൻ ചക്രവർത്തി പതിനേഴാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച രണ്ടു കിലോമീറ്ററോളം ചുറ്റളവിലുള്ള വിസ്തൃതമായ കോട്ടയാണ് ചുവപ്പു കോട്ട അഥവാ ചെങ്കോട്ട. ഈ കോട്ടയുടെ കിഴക്കു ഭാഗത്തു കൂടിയാണ് യമുനാ നദി ഒഴുകുന്നത്. കോട്ടയിലേക്കുള്ള രണ്ടു പ്രധാന പ്രവേശന കവാടങ്ങളാണ് പടിഞ്ഞാറു വശത്തുള്ള ലാഹോറി ഗേറ്റ്, തെക്കു വശത്തുള്ള ഡൽഹി ഗേറ്റ് എന്നിവ. ഇതിൽ ചുവന്ന മണൽക്കൽ പാളികൾ കൊണ്ടലങ്കരിച്ചിട്ടുള്ള ലാഹോറി ഗേറ്റ് കടന്ന് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ കാണുന്ന ഇരുവശത്തും വാണിജ്യ സ്ഥാപനങ്ങളോട് കൂടിയ ഇടനാഴിയാണ് ‘മേൽക്കൂരയുള്ള ചന്ത’ എന്നർത്ഥം വരുന്ന ‘ഛത്ത ബസാർ’. ലാഹോറി ഗേറ്റിനു മുകളിൽ ഇന്ത്യയുടെ ദേശീയ പതാക എപ്പോഴും ഉയർത്തിയിരിക്കും. ഈ ഗേറ്റിനു മുന്നിൽ നിന്നാണ് നമ്മുടെ പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തിൽ പ്രസംഗിക്കുന്നത്. കോട്ടയ്ക്കുള്ളിലെ കാഴ്ചകൾ മുഗൾ ഭരണകാലത്തേയ്ക് കാഴ്ചക്കാരെയും കൂട്ടി കൊണ്ട് പോകുന്നതായിരുന്നു . കൊത്തുപണികളാലലംകൃതമായ ഗോപുരങ്ങൾ, മണ്ഡപങ്ങൾ, മന്ദിരങ്ങൾ എന്നിവയുടെ ഭംഗി വർണ്ണനാതീതമാണ്. അവിടെ നിന്നും ഏറ്റവും ഒടുവിൽ പോയത് ഖുത്ബ് മിനാർ കാണാനാണ്.

ഇഷ്ടിക കൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ സ്തൂപമാണ് ഖുത്ബ് മിനാർ. അഞ്ചു നിലകളിലായി 399 പടികളുള്ള ഈ ഗോപുരത്തിൻ്റെ താഴെ നിലയിലുള്ള വ്യാസം കുറഞ്ഞു കുറഞ്ഞു ഏറ്റവും മുകളിലെത്തുമ്പോൾ 2.75 മീറ്ററാകുന്നു. 1199 ൽ ദില്ലി സുൽത്താനായിരുന്ന ഖുത്ബ്ദീൻ ഐബക്ക് ആണ് ഇതിൻ്റെ ആദ്യ നില പണിതത്. 1980 ൽ വൈദ്യുതിത്തകരാറിനാറിനെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 25 കുട്ടികൾ മരിച്ചതിനെത്തുടർന്ന് മിനാറിനകത്തേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നില്ല. അതിനു മുകളിൽ നിന്നു പലരും ആത്മഹത്യ ചെയ്തതും പ്രവേശനം നിഷേധിച്ചതിന് മറ്റൊരു കാരണമാണ്. പുറമെ നിന്ന് അതിൻ്റെ ഭംഗി നോക്കി കണ്ടു കൊണ്ട് ഞങ്ങൾ വീട്ടിലേക്കു മടങ്ങി.

10 ദിവസം കഴിഞ്ഞപ്പോൾ ഞങ്ങൾ ഡെൽഹിയോട് വിട പറഞ്ഞു കൊണ്ട് വീണ്ടും ട്രെയിൻ യാത്ര ആരംഭിച്ചു . എത്രയും പെട്ടന്ന് സ്കൂൾ തുറന്നു കൂട്ടുകാരോട് ഡെൽഹി വിശേഷങ്ങൾ പറയാനുള്ള വെമ്പലിലായിരുന്നു മടക്കയാത്രയിൽ എൻ്റെ മനസ്സ് . ഒപ്പം ലോക മഹാത്ഭുതങ്ങളിലൊന്നായ താജ്‌മഹൽ കാണാതെ മടങ്ങേണ്ടി വന്നതിലുള്ള ചെറിയ ദുഃഖവും. ടാഗോറിൻ്റെ വാക്കുകളിൽ പറഞ്ഞാൽ ‘കാലത്തിൻ്റെ കവിളിൽ വീണ ആ കണ്ണുനീർത്തുള്ളിയെ’ കാണാനുള്ള ആഗ്രഹം ആഗ്രഹമായിത്തന്നെ തുടരുന്നു.

Thursday, October 24, 2019

ആകാശഗംഗ

 ഈ കഥയ്ക്ക് 1999 ൽ വിനയൻ സംവിധാനം ചെയ്ത സിനിമയായ ‘ആകാശഗംഗ’ യുടെ യക്ഷിക്കഥയുമായി ബന്ധമുണ്ടോ എന്നു ചോദിച്ചാൽ അല്പ സ്വല്പം ഉണ്ടെന്നു പറയേണ്ടി വരും . സിനിമയിറങ്ങിയിട്ടു രണ്ടു വർഷം കഴിഞ്ഞാണ് ഈ പേരിനാസ്പദമായ സംഭവം നടക്കുന്നത്. സിനിമയിൽ മേൽപ്പാടൻ മന്ത്രവാദി കാഞ്ഞിരത്തിൽ തറച്ച ഗംഗയെന്ന യക്ഷിയെ വർഷങ്ങൾക്കു ശേഷം ഡെയ്‌സി എന്ന പെൺകുട്ടി ഒരു വിനോദയാത്രയ്ക്കിടയിൽ അബദ്ധത്തിൽ സ്വതന്ത്രയാക്കുകയും യക്ഷി അവളിൽ ആവേശിക്കുന്നതുമാണ് കഥയെങ്കിൽ എനിക്കു വീണു കിട്ടിയ ‘ആകാശഗംഗ’ യെന്ന വിളിപ്പേരും ഒരു വിനോദ യാത്രയുമായി ബന്ധപ്പെട്ടതാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും വിളിപ്പേര് അഥവാ ഇരട്ടപ്പേര് കിട്ടാത്തവരുണ്ടാകില്ല..ആ പേര് ഇടുന്നവർ കൂടുതലും നമ്മെ അടുത്തറിയാവുന്നവരായിരിക്കും എന്നതാണ് അതിലെ രസകരമായ കാര്യം. ഇരട്ടപ്പേരുകളെ ചിലർ സമചിത്തതയോടെ ഉൾക്കൊള്ളും. മറ്റു ചിലർക്കാകട്ടെ അത് വിളിക്കുന്നവരോട് കടുത്ത ദേഷ്യവും കാണും. എന്തായാലും യക്ഷിക്കഥകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന എനിക്ക് വിളിപ്പേരും  ഇഷ്ടമായി.

എൻ്റെ ‘യക്ഷിക്കഥ’ ഉണ്ടായത് പ്ലസ്ടുവിൽ പഠിച്ചിരുന്ന കാലത്താണ്. അതിനാൽത്തന്നെ ആദ്യം പറയാനുള്ളതും ഓർമ്മകളിൽ ഞാനേറെയിഷ്ടപ്പെടുന്ന ആ വിദ്യാഭ്യാസ കാലഘട്ടത്തെക്കുറിച്ചാണ്.ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ [RVHSS]..

                                

 
അമ്മ അദ്ധ്യാപികയായിരുന്ന ഗേൾസ് ഓൺലി സ്കൂളിൽ നിന്നും 6 വർഷത്തെ ‘നല്ലനടപ്പു’ കഴിഞ്ഞെത്തിയത് RVHSS ലാണ്. രാമവിലാസം സ്കൂളിൽ പ്ലസ്ടു തുടങ്ങിയിട്ട് രണ്ടാമത്തെ ബാച്ചായിരുന്നു ഞങ്ങളുടേത്. മൂന്ന് ഹയർ സെക്കൻഡറി സ്കൂളുകളിൽ അപേക്ഷ നൽകിയതിൽ മറ്റു രണ്ടു സ്കൂളുകളും വളരെ ദൂരെയായതിനാൽ ഇവിടെ ചേരാൻ തീരുമാനിക്കുകയായിരുന്നു. പോയി ചേരാനുള്ള ഡേറ്റ് കിട്ടി അവിടെയെത്തുന്നത് വരെ ഏതു വിഷയം എടുക്കണം എന്നതിനെക്കുറിച്ചു വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. സയൻസ്, കോമേഴ്‌സ്, കമ്പ്യൂട്ടർ സയൻസ് എന്നിങ്ങനെ മൂന്ന് കോഴ്സുകളാണ് അന്ന് ഉണ്ടായിരുന്നത്. ബിസിനസ്സും ഞാനുമായി ചേരാത്തത് കൊണ്ട് കോമേഴ്‌സിനെപ്പറ്റി ആലോചിച്ചതേയില്ല. പിന്നെയുള്ള രണ്ടെണ്ണത്തിൽ സയൻസ് എടുത്താലോ എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അതിലുള്ള ബയോളജിയുടെ ലാബിൽ എൻ്റെ ബദ്ധശത്രു ‘പാറ്റ’ യെ കീറിമുറിച്ചു പഠിക്കാനുണ്ടെന്നറിഞ്ഞത്. പാറ്റയെന്ന ‘ഭീകരപ്രാണി’ യെ കാണുമ്പോൾ അലറിക്കൂവി മുറിയിൽ നിന്നും ഇറങ്ങി ഓടാറുള്ളത് ഒരു ഞെട്ടലോടെ ഓർത്തുകൊണ്ട് ഞാൻ ഒടുവിലത്തെ ഇനമായ കമ്പ്യൂട്ടർ സയൻസിൽ ചേർന്നു .

50 പേരടങ്ങുന്ന ഞങ്ങളുടെ CS ക്ലാസ്സ്.. എല്ലാവരും വളരെ നല്ല കൂട്ടുകാർ. അതിൽ കുറച്ചു പേർ പത്താം ക്ലാസ്സു വരെയുള്ള സ്കൂളിൽ കൂടെ പഠിച്ചിരുന്നവരായിരുന്നു. 6 വർഷം ഒരേ ക്ലാസ്സിലുണ്ടായിരുന്ന വിനിയെയും നിധിനയെയും ഒരേ ബെഞ്ചിൽത്തന്നെ സഹപാഠികളായി കിട്ടിയപ്പോൾ എന്നിലെ കൂട്ടുകാരി വളരെയധികം സന്തോഷിച്ചു. പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള, ഉപദേശങ്ങൾ തന്നിരുന്ന ശാന്ത ശീലയായ നിധിനയുടെയും എപ്പോഴും പൊട്ടിച്ചിരിച്ചു കൊണ്ട് പോസ്റ്റിറ്റീവ് എനർജിയുമായി നടക്കുന്ന വിനിയുടെയും കൂടെക്കൂടിയപ്പോൾ പഴയ ‘മിണ്ടാപ്പൂച്ചയിൽ’ നിന്നും ഞാൻ വളരെയധികം മാറിത്തുടങ്ങി. നേരമ്പോക്കായി നോട്ട്ബുക്കുകളുടെ പിൻതാളുകളിൽ ഞാൻ കുത്തിക്കുറിച്ചിരുന്ന കവിതകളുടെ നിരൂപകർ കൂടിയായിരുന്നു ഇവർ രണ്ടു പേരും. അതോർക്കുമ്പോൾ അവരുടെ ക്ഷമശക്തിക്കു വല്ല അവാർഡും കൊടുക്കേണ്ടിയിരുന്നു എന്ന് പലപ്പോഴും തോന്നാറുണ്ട്!.

കുട്ടിക്കുറുമ്പു നിറഞ്ഞ കൗമാരപ്രായത്തിൻ്റെതായ എല്ലാവിധ ചേരുവകളും കൊണ്ട് സമ്പന്നമായിരുന്നു ഞങ്ങളുടെ ക്ലാസ്.. രഹസ്യവും പരസ്യവുമായ കൊച്ചു കൊച്ചു പ്രണയങ്ങൾ..ബോറൻ ക്ലാസ്സുകളിൽ ആൺ പെൺ പക്ഷത്തിലേക്കുള്ള പ്രണയ സന്ദേശങ്ങളുടെ പേപ്പർചുരുട്ടേറുകൾ..സാർ ചോദ്യങ്ങൾ വരിവരിയായി ചോദിക്കുകയാണെങ്കിൽ ബെഞ്ചിനടിയിൽ ബുക്ക് തുറന്ന് ഉത്തരം നോക്കിവച്ചു തൻ്റെ ഊഴമെത്തുമ്പോൾ വളരെ കൃത്യമായി പറയുന്ന ഉത്തരം കേട്ട് ‘ ഇവൻ പഠിക്കാൻ തുടങ്ങിയോ’ എന്ന് അന്തം വിടുന്ന കൂട്ടുകാർ .. ചില ‘തകർപ്പൻ’ ക്ലാസ്സുകളിൽ പഠിപ്പിക്കുന്നത് തലയിൽ കയറാതെ ഞാനടക്കമുള്ളവർ അന്തം വിട്ടിരിക്കുമ്പോൾ ‘സാർ ഒരു ഡൌട്ട് ‘ എന്ന് പറഞ്ഞു എഴുന്നേറ്റു ചോദ്യങ്ങൾ ചോദിച്ചു അദ്ധ്യാപകരുടെ ‘ഗുഡ് ലിസ്റ്റ്’ ൽ കയറിപ്പറ്റുന്ന പഠിപ്പിസ്റ്റുകൾ..ചുള്ളൻ സാറന്മാർ ക്ലാസ്സെടുക്കുമ്പോൾ ആരാധനയോടെ നോക്കിയിരിക്കാറുള്ള തരുണീമണികൾ.. ഉച്ച സമയമായാൽ ഞങ്ങൾ പെൺതരികൾ വീട്ടിൽ നിന്നും കൊണ്ടു വന്ന ഭക്ഷണ പൊതി പരസ്പരം പങ്കു വയ്ക്കുന്നതിനിടയിൽ കൂട്ടത്തിലാരെങ്കിലും സ്കൂളിനടുത്തുള്ള ഹോട്ടലിൽ നിന്നും പൊറോട്ടയും കറിയും വാങ്ങുകയാണെങ്കിൽ അതിൻ്റെ അവകാശി കഴിക്കാൻ തുടങ്ങുന്നതിനു മുൻപ് കയ്യിട്ടു വാരി കഴിച്ചു സഹായിക്കുന്ന സന്മനസ്സുള്ള കൂട്ടുകാരികൾ.. ഇടയ്ക്ക് അൽപ്പസ്വൽപ്പം ഒച്ചപ്പാടുണ്ടാക്കാനും സാറന്മാർക്കു ഇരട്ടപ്പേരുകൾ ഇടാനും ഒക്കെ മുൻകൈയ്യെടുക്കുന്ന നല്ലവരായ ‘തരികിട' സംഘങ്ങൾ..അങ്ങനെ നീളുന്നു CS ക്ലാസ്സിൻ്റെ വിശേഷങ്ങൾ.

ഞങ്ങളെ പഠിപ്പിച്ചിരുന്ന അദ്ധ്യാപകർ ...അവരില്ലാതെ ഞങ്ങളുടെ കഥ പൂർണ്ണമാകില്ല . പ്രശാന്ത് സാർ ,പ്രജിത്ത് സാർ , വിനോദ് സാർ, പ്രവീൺ സാർ ,ഹരീന്ദ്രൻ സാർ,അജിത് സാർ,ശ്രീജ ടീച്ചർ ... ഇവരെയൊക്കെ ഇപ്പോഴും സ്നേഹത്തോടെ സ്മരിക്കുന്നു . ആ പ്രഗത്ഭരായ ഗുരുക്കന്മാരുടെ ശിക്ഷണ മികവിൻ്റെ ഫലമായി കുറച്ചു വർഷങ്ങൾ കൊണ്ടു തന്നെ 10th ൽ ഉയർന്ന മാർക്കുള്ളവർക്കു മാത്രം സീറ്റ് കിട്ടുന്ന, റാങ്കുകാരെ സൃഷ്ടിക്കുന്ന ഹയർ സെക്കണ്ടറി സ്കൂളായി മാറി ഞങ്ങളുടെ RVHSS. കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ്, കെമിസ്ട്രി, മാത്‍സ്, ഇംഗ്ലീഷ്, മലയാളം / ഹിന്ദി ഇത്രയും വിഷയങ്ങളാണ് ഞങ്ങൾ CS കാർക്ക് പഠിക്കാൻ ഉണ്ടായിരുന്നത്. കുട്ടികളുമായി വളരെ ഫ്രണ്ട്‌ലി ആയിരുന്ന പ്രിയപ്പെട്ട അദ്ധ്യാപകർക്ക് ക്ലാസ്സിൽ ഇട്ടിരുന്ന ഇരട്ടപ്പേരുകൾ അവരോടു തന്നെ പറയാനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്ക് ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ് . അവരാകട്ടെ അതിൻ്റെ പേരിൽ ഒരിക്കലും കുട്ടികളോട് ദേഷ്യപ്പെട്ടിട്ടില്ല . മാത്രവുമല്ല പ്രായത്തിൻ്റെ തമാശയായിക്കണ്ട് അവരും ആ പേരുകൾ ആസ്വദിച്ചിരുന്നു. വളരെയധികം നീളമുള്ള കെമിസ്ട്രി അദ്ധ്യാപകനെ ‘ഗള്ളിവർ‘ എന്നത് ചുരുക്കി ‘ഗല്ലു’ എന്നും മറ്റൊരു കെമിസ്ട്രി അദ്ധ്യാപകൻ പഠിപ്പിക്കുന്നതിനിടയ്ക്കു പല തവണ പറഞ്ഞു കൊണ്ടിരുന്ന ‘ഗുട്ടൻസ്’ എന്നത് ചുരുക്കി ‘ഗുട്ടു’ എന്നും കണക്കു സാർ പറഞ്ഞു കൊണ്ടിരുന്ന ‘ദാറ്റ് ഇമ്പ്ലൈസ് ‘ ചുരുക്കി ‘ഇപ്ലൂ’ എന്നും രസകരമായ അദ്ധ്യാപക വിളിപ്പേരുകളിൽ ചിലതാണ്.

കളി ചിരികളും ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയായി പ്ലസ് വൺ കടന്നു പോയത് അറിഞ്ഞതേയില്ല. പ്ലസ് ടു ആയപ്പോഴേക്കും പ്രാക്ടിക്കൽ ലാബുകളും യൂണിറ്റ് ടെസ്റ്റുകളുമൊക്കെയായി എല്ലാവരും പഠിത്തത്തെ ഗൗരവമായി കാണാൻ തുടങ്ങി. അങ്ങനെ രണ്ടാം അധ്യയന വർഷം ഏകദേശം പകുതിയിലെത്തി നിൽക്കുന്ന സമയത്തു ദേ വരുന്നു ഒരു സന്തോഷ വാർത്ത .. വിനോദയാത്ര പോകുന്നു..അതും 3 ദിവസത്തേക്ക്. വേറൊരു പ്രത്യേകത മുഴുവൻ പ്ലസ്ടുക്കാരും [CS ,സയൻസ് & കോമേഴ്‌സ്] ഒരുമിച്ചാണ് പോകുന്നതെന്നായിരുന്നു . എല്ലാ ക്ലാസ്സുകാരുമായും നല്ല കൂട്ടായിരുന്നത് കൊണ്ടും ആ സ്കൂളിൽ നിന്നും വിടവാങ്ങാറായതിൻ്റെ വിഷമം തീർക്കാനും ട്രിപ്പ് പരമാവധി അടിച്ചു പൊളിക്കാൻ ഞങ്ങൾ തീരുമാനിച്ചു. മലമ്പുഴ ഡാം, മൂന്നാർ, തേക്കടി, പഴനി , കൊടൈക്കനാൽ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര . സങ്കടകരമായൊരു കാര്യം പല കാരണങ്ങൾ കൊണ്ട് കുറച്ചു കൂട്ടുകാർക്ക് വരാൻ കഴിഞ്ഞില്ല എന്നതാണ്. മൂന്നു ബസ്സുകളിലായിട്ടായിരുന്നു യാത്ര. പോകുന്ന വഴിയിലായിരുന്നു ‘ഗുട്ടു’ എന്ന് ഞങ്ങൾ സ്നേഹപൂർവ്വം വിളിച്ചിരുന്ന വിനോദ് മാഷിൻ്റെ വീട് . വീടിനടുത്തെത്തിയപ്പോൾ ബസ്സ് നിർത്തി മാഷ് ഞങ്ങളെയെല്ലാവരെയും വീട്ടിൽ കൊണ്ടുപോയി ചായയും പലഹാരങ്ങളും തന്നു . സാറൊരുക്കിയ ആ കലക്കൻ സർപ്രൈസ് വിരുന്ന് ഞങ്ങൾ എല്ലാവരും ആസ്വദിച്ചു.

ആദ്യം മലമ്പുഴ ഡാം കാണാനാണ് പോയത് . അവിടെ നിന്നും പളനിയിലേക്ക്. പിന്നീട് കൊടൈക്കനാൽ , തേക്കടി, മൂന്നാർ എന്നിങ്ങനെയായിരുന്നു സന്ദർശന സ്ഥലങ്ങളുടെ ഓർഡർ. തേക്കടിയിലെ വന്യജീവി സംരക്ഷണ കേന്ദ്രം സന്ദർശിക്കാൻ പോയ ദിവസം..മൊബൈലിൻ്റെയും സെൽഫിയുടെയും കടന്നു കയറ്റം ഒട്ടുമില്ലാതിരുന്ന കാലം. ഞങ്ങൾ പെൺകുട്ടികളുടെ സംഘത്തിൽ ജയശ്രീയുടെ കൈയിൽ മാത്രമായിരുന്നു ക്യാമറ ഉണ്ടായിരുന്നത് . പ്രകൃതി രമണീയമായ തേക്കടിയിൽ വച്ചാണ് അവൾ കൂടുതൽ ഫോട്ടോകളെടുത്തത്.. എല്ലാം തന്നെ ഗ്രൂപ്പ് ഫോട്ടോകളായിരുന്നു. ഏറ്റവും ഒടുവിലത്തെ സ്ഥലമായ മൂന്നാറിലും പോയി നാലാം ദിവസം രാവിലെ ഞങ്ങൾ സ്കൂൾ മുറ്റത്തു തിരിച്ചെത്തി. പോയ സ്ഥലങ്ങളിലെ കാഴ്ചകളിൽ പലതും ഇപ്പോൾ ഓർത്തെടുക്കാൻ ആവുന്നില്ലെങ്കിലും എൻ്റെ വിദ്യാഭ്യാസകാലഘട്ടത്തിലെ ഏറ്റവുമധികം ആസ്വദിച്ച ഒരു ഉല്ലാസയാത്രയായിരുന്നു അത് .

ട്രിപ്പ് കഴിഞ്ഞു ഏകദേശം രണ്ടാഴ്ചയോളം കഴിഞ്ഞാണ് ജയശ്രീ ആൽബവുമായി ക്ലാസ്സിലെത്തിയത് . ആൽബം കാണുന്നതിന് മുൻപ് തന്നെ ആദ്യ പീരിയഡിൽ വിനോദ് സാർ ക്ലാസ്സെടുക്കാനായി എടുക്കാനായി കയറി വന്നു. പഠിപ്പിക്കുമ്പോൾ വളരെ കാർക്കശ്യക്കാരനായ അദ്ദേഹം ഇടയ്ക്കിടെ ചോദ്യങ്ങൾ ചോദിക്കുന്നതു കാരണം എല്ലാവരും വളരെ ശ്രദ്ധാലുക്കളുംഅച്ചടക്കമുള്ളവരും ആയിരിക്കും ആ ക്ലാസ്സിൽ. ബോറടിപ്പിക്കാതെ ക്ലാസ്സെടുക്കുവാനുള്ള സാറിൻ്റെ കഴിവ് ഒന്ന് വേറെ തന്നെയാണ്. എല്ലാ ദിവസവും ക്ലാസ്സിൻ്റെ അവസാന 10 മിനുട്ട് കളി തമാശകളും വിജ്ഞാനപ്രദമായ കാര്യങ്ങളും പറയാൻ മാഷ് മാറ്റിവയ്ക്കുമായിരുന്നു. അന്നത്തെ ആ 10 മിനുട്ടിൽ ജയശ്രീ ട്രിപ്പ് ആൽബം സാറിനെ കാണിച്ചു. ആൽബത്തിൻ്റെ താളുകൾ ഓരോന്നായി മറിച്ചു നോക്കവേ പൊടുന്നനെ തേക്കടിയിൽ നിന്നുമെടുത്ത ഒരു ഫോട്ടോയിൽ സാർ കുറേ നേരം നോക്കുന്നതു കണ്ടു . പിന്നീടത് ഞങ്ങളുടെ ബെഞ്ചിനു നേരെ നീട്ടിയിട്ടു ചോദിച്ചു ‘ഇതിൽ നിങ്ങൾക്ക് ആരെയെങ്കിലും കാണാമോ’ എന്ന്. പെട്ടന്ന് നോക്കുമ്പോൾ മൂന്നോ നാലോ മരങ്ങൾ മാത്രം ഉണ്ടായിരുന്ന ആ ഫോട്ടോയിൽ ആർക്കും വേറൊന്നും കാണാൻ കഴിഞ്ഞില്ല . ഒന്ന് കൂടി സൂക്ഷിച്ചു നോക്കൂ എന്ന് പറഞ്ഞപ്പോൾ വിനിയാണെന്നു തോന്നുന്നു കണ്ടു പിടിച്ചത്...അവൾ എന്നോട് ഉറക്കെ പറഞ്ഞു ‘ദേ നീ ഈ മരത്തിൻ്റെയുള്ളിൽ’...അത് കേട്ട് ഞാൻ വേഗം ആ ഫോട്ടോ വാങ്ങി സൂക്ഷിച്ചു നോക്കി … ശരിയാണല്ലോ അന്നിട്ട ചുവന്ന കളറുള്ള ചുരിദാറും കറുത്ത ഷാളുമായി... തലയ്ക്കു മുകളിൽ വെള്ളയും ഇളം നീലയും കലർന്ന പ്രകാശവലയം .. മുൻപിലത്തെ രണ്ടു പല്ലുകൾ വെട്ടിത്തിളങ്ങുന്നു ...ഒരു മരത്തടിയുടെ ഉള്ളിൽ.. ശരിക്കും ഒരു യക്ഷി ലുക്ക്!!!.

പിന്നീട് ക്ലാസ്സു മുഴുവൻ ആ ‘അദ്‌ഭുത’ കാഴ്ച കാണാൻ ഫോട്ടോയ്ക്കു വേണ്ടി ബഹളമായി . ഇതെങ്ങനെ സംഭവിച്ചു എന്ന് തലപുകഞ്ഞാലോചിച്ചിട്ടും എനിക്കും എടുത്തവൾക്കും ഒരു പിടിയും കിട്ടിയില്ല . എൻ്റെ ഒറ്റയ്ക്കുള്ള ഫോട്ടോ എടുത്തിട്ടേയില്ലായിരുന്നു. ഗ്രൂപ്പ് ഫോട്ടോയിൽ നിന്നും ഞാൻ മാത്രം എങ്ങനെ..അതും മരത്തടിയിൽ കൃത്യമായി...പോരാത്തതിന് ആ തലയ്ക്കും പല്ലിനും ഉള്ള വെളിച്ചവും..ഇതേക്കുറിച്ചു ചിലർ കൂലങ്കുഷമായ ചർച്ചയും തുടങ്ങി...സൈലെൻസ് എന്നു ഉറക്കെ പറഞ്ഞു കൊണ്ട് സാർ തുടർന്നു . ‘ ഇതു കണ്ടിട്ടെനിക്ക് ഓർമ്മ വന്നത് ആകാശഗംഗയെന്ന പ്രേത സിനിമയാണ് . ആ ഫോട്ടോയിൽ രജിനയ്ക്കു ഒരു പ്രേതാത്മക ഭാവം ഉള്ളതിനാൽ ഞാനവൾക്കു ഒരു പേരിടുകയാണ് ‘ആകാശഗംഗ’ ‘. പറഞ്ഞു തീരുന്നതിനു മുൻപ് എൻ്റെ പ്രിയപ്പെട്ട പ്രിയപ്പെട്ട കൂട്ടുകാർ ആ വിളിപ്പേരിനെ നിറഞ്ഞ കൈയ്യടികളോടെ സ്വീകരിച്ചു. എന്തു കൊണ്ടോ എനിക്കും ആ പേര് വളരെ ഇഷ്ടമായി.

അന്ന് തൊട്ടിന്നു വരെ ആ ഫോട്ടോ കാണുന്നവരുടെ വിലയിരുത്തലുകൾ രണ്ടു തരമായിരുന്നു . കുറേപേർ പറഞ്ഞത് ഫോട്ടോയെടുക്കുമ്പോഴുണ്ടാകുന്ന റിഫ്ലക്ഷൻ കാരണമാണ് അങ്ങനെ വന്നത് എന്നായിരുന്നു. പക്ഷെ മറ്റേ പകുതിക്കാർ ചിന്തിക്കുന്നതു പോലെ ‘എന്നാലും അത് എങ്ങനെ ശെരിയാവും’ എന്നു തന്നെയാണ് ഇന്നും എൻ്റെ ചിന്ത. കാര്യം എന്തു തന്നെയായാലും ആ സ്കൂളിൽ നിന്നും വിട വാങ്ങുന്നതു വരെ എന്നെ കൂട്ടുകാർ ആകാശഗംഗയെന്നും ഗംഗയെന്നുമൊക്കെ വിളിച്ചു കൊണ്ടിരുന്നു . അന്നെഴുതിച്ച ഓട്ടോഗ്രാഫ് താളുകളിലും ‘പ്രിയപ്പെട്ട ഗംഗയ്‌ക്ക്‌’ എന്നു തുടങ്ങുന്നതായിരുന്നു മിക്കവയും. അന്ന് ആ ഫോട്ടോയുടെ ഒരു കോപ്പി ജയശ്രീയുടെ അടുത്തു നിന്നും ഞാൻ വാങ്ങി സൂക്ഷിച്ചിരുന്നു. പിന്നീടുള്ള എൻ്റെ ജീവിതത്തിൽ എൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരോട് ഈ വേറിട്ട അനുഭവം പങ്കു വയ്ക്കുകയും ഫോട്ടോ കാണിച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇതെഴുതുമ്പോൾ ആ ഫോട്ടോ കൈവശം ഇല്ലാത്തതു കൊണ്ട് എനിക്കിവിടെ പോസ്റ്റു ചെയ്യാൻ പറ്റുന്നില്ല..എന്നെങ്കിലും അത് കിട്ടുകയാണെങ്കിൽ ഈ ഓർമ്മകുറിപ്പിനു താഴെ ചേർക്കുന്നതായിരിക്കും.

ഒരിക്കലും മരിക്കാത്ത ഓർമ്മകളുമായി, കാലത്തിൻ്റെ മാറ്റങ്ങളിലൂടെ കടന്നു വന്ന മൊബൈൽ വാട്ട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഞങ്ങൾ CS ബാച്ച് ഇന്നും സൗഹൃദ സഞ്ചാരം തുടരുന്നു ..ഗ്രൂപ്പ് അഡ്മിനായ പ്രിയ കൂട്ടുകാരി ജോഷിതയുടെ ശ്രമഫലമായി വർഷങ്ങൾക്കിപ്പുറം ഒരു തവണ ഞങ്ങളിൽ കുറച്ചു കൂട്ടുകാർ ചേർന്ന് തലശ്ശേരി പാരഡൈസ് റെസ്റ്റോറന്റിൽ വച്ചു ഒത്തു കൂടിയതിൻ്റെ ഓർമ്മകൾ ഇന്നും സന്തോഷം തരുന്നു . അവളുടെ നേതൃത്വത്തിൽ അടുത്ത വർഷം സ്കൂൾ അങ്കണത്തിൽ വച്ച് ഗുരുക്കന്മാരുടെ സാനിധ്യത്തിൽ വീണ്ടുമൊരു ഒത്തുചേരലിനായി എല്ലാ ക്ലാസ്സ്മേറ്റ്സും തയ്യാറെടുക്കുകയാണ്. ' ഒരു വട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാൻ' എനിക്കും മോഹമുണ്ട് ... ഓൾഡ് ഈസ് ഗോൾഡ്.. അതേ നല്ല സൗഹൃദങ്ങൾ എന്നും ജീവിതത്തിൽ ഒരു മുതൽക്കൂട്ടാണ്..നല്ല ഓർമ്മകളും.

Wednesday, July 17, 2019

മൌണ്ട് സെയിന്റ് ഹെലെൻസ് [Mount Saint Helens]

പതിവുള്ള ഓർമ്മക്കുറിപ്പുകളിൽ നിന്നും വ്യത്യസ്തമായി എന്തെഴുതാം എന്ന ചിന്തയാണ് ഒരു യാത്രാ വിവരണമെഴുതാൻ എന്നെ പ്രേരിപ്പിച്ചത്. “ TO TRAVEL IS TO INSPIRE AND TO BE INSPIRED” എന്നത് വളരെ അന്വർത്ഥമാണ് . പുതിയ അനുഭവങ്ങളും അറിവുകളുമാണ് ഓരോ യാത്രയും നമുക്ക് നൽകുന്നത് . അത്തരമൊരു വേറിട്ട അനുഭവമായിരുന്നു പാഠപുസ്തകങ്ങളിലൂടെ പരിചിതമായ, പ്രകൃതിയുടെ അത്ഭുതങ്ങളിലൊന്നായ അഗ്നിപർവതം നേരിൽ കാണാൻ പോയപ്പോഴുണ്ടായത്.

അമേരിക്കയിലെ വാഷിങ്ടൺ സംസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഒരു സജീവ അഗ്നിപർവതമാണ് Saint Helens. യുഎസ്സിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ അഗ്നിപർവതങ്ങളിലൊന്ന്. ആ അതികായികയെ [തൊട്ടടുത്തു കിടക്കുന്ന Mt.Adams ൻ്റെ ‘സിസ്റ്റർ’ എന്നാണ് Mt.Helens നെ വിശേഷിപ്പിക്കുന്നത്] നേരിൽ കാണാൻ വേണ്ടി ഒരു ശനിയാഴ്ച ദിവസം രാവിലെയാണ് ‘സിയാറ്റിൽ’ സിറ്റിയിൽ നിന്നും ഞങ്ങൾ യാത്ര തിരിച്ചത് . കൂടെ മറ്റൊരു ഫാമിലിയും ഉണ്ടായിരുന്നു . ഞങ്ങളുടെ താമസ സ്ഥലത്തു നിന്നും ഏകദേശം 154 കിലോമീറ്ററോളം ദൂരമുണ്ട് ഹെലെൻസ് അഗ്നിപർവതം സ്ഥിതി ചെയ്യുന്ന ‘സ്കമാനിയ’ എന്ന സ്ഥലത്തേക്ക് . ഗൂഗിൾ മാപ്പ് പ്രകാരം മൂന്നര മണിക്കൂർ യാത്രയുണ്ട്. തുടർച്ചയായി അത്രയും ദൂരം വണ്ടിയോടിക്കുന്നത് മടുപ്പുളവാക്കുമെന്നതിനാൽ പോകുന്ന വഴിയിൽ മറ്റൊരു സ്ഥലം കൂടി കാണാൻ തീരുമാനിച്ചു .

അങ്ങനെ യാത്രയുടെ രണ്ടു മണിക്കൂർ പിന്നിട്ടപ്പോൾ എത്തിച്ചേർന്നത് ‘winlock city’ യിലാണ്. 2017 ലെ സെൻസസ് പ്രകാരം വെറും 1354 പേർ മാത്രം വസിക്കുന്ന ശാന്ത സുന്ദരമായൊരു പട്ടണം. അവിടുത്തെ പ്രധാന ആകർഷണമായ ‘World’s Largest Egg’ ൻ്റെ മുൻപിലാണ് ഞങ്ങൾ എത്തിയത്. വലിയൊരു മുട്ടയുടെ സ്തൂപമാണത്. 1920 കാലഘട്ടങ്ങളിൽ വിൻലോക്കിൽ നിന്നുമാണ് ഏറ്റവും കൂടുതൽ മുട്ടകൾ മാർക്കറ്റുകളിലേക്ക് കയറ്റുമതി ചെയ്തിരുന്നത് . അതിൻ്റെ പ്രതീകമായിട്ടാണ് അങ്ങനൊരു മുട്ടയുണ്ടാക്കി സ്ഥാപിച്ചത്. ആദ്യത്തെ മുട്ടയുണ്ടാക്കിയത് മരം കൊണ്ടുള്ള ഫ്രെയിമിൽ വെളുത്ത പെയിന്റ് അടിച്ചിട്ടായിരുന്നു. പിന്നീട് പഴക്കം ചെന്നപ്പോൾ അത് മാറ്റി വേറൊരെണ്ണം സ്ഥാപിച്ചു. അങ്ങനെ കുറെ മാറ്റങ്ങൾ വരുത്തിയിട്ടുള്ള നാലാമത്തെ നവീകരിച്ച മുട്ടയാണ് ഇപ്പോൾ അവിടെയുള്ളത്. ഏതാണ്ട് 1200 പൗണ്ട് ആണ് അതിൻ്റെ ഭാരം.
                            
                                              
മുട്ടയുടെ സ്തൂപത്തിനു മുന്നിൽ നിന്നും ഫോട്ടോസ് ഒക്കെയെടുത്തു മടങ്ങാൻ തുടങ്ങുമ്പോഴാണ് അവിടെയൊരു ബോർഡിൽ എഴുതിയ കാര്യം ശ്രദ്ധയിൽപ്പെട്ടത്.അന്ന് വിൻലോക്ക് നിവാസികളുടെ ആണ്ടിലൊരിക്കലുള്ള ‘egg parade day’ ആയിരുന്നു. അതിൻ്റെ ഭാഗമായി ബാൻഡ് വാദ്യങ്ങളോടു കൂടിയ പരേഡ്, കാർ ഷോകൾ, ഫുഡ് ഫെസ്റ്റിവൽ, പടക്കം പൊട്ടിക്കൽ മറ്റു കലാ പരിപാടികൾ തുടങ്ങിയവ നടത്തപ്പെടുന്നു. ശെരിക്കും പറഞ്ഞാൽ നമ്മുടെ നാട്ടിലെ ഒരു ഉത്സവാഘോഷ പ്രതീതിയാണവിടെ ...ഞങ്ങൾ ചെല്ലുമ്പോഴേക്കും പരേഡും കാർ ഷോയും ഒക്കെ കഴിഞ്ഞിരുന്നു എന്ന് അവിടെ നിന്നും മടങ്ങുന്ന ആൾക്കാരിലൂടെ മനസ്സിലായി .എങ്കിലും കുറേയധികം ‘vintage cars’[വളരെ പുരാതന മോഡലുകൾ] അപ്പോഴും അതിലൂടെ പോകുന്നത് കാണാൻ കഴിഞ്ഞു. മോൻ്റെ കൈയിലുള്ള ‘Hotwheels’ കളിപ്പാട്ട കാറുകളുടെ യഥാർത്ഥ രൂപങ്ങൾ ഒട്ടൊരു കൗതുകത്തോടെയാണ് ഞാൻ നോക്കിക്കണ്ടത്. അതിനു ശേഷം അൽപ്പം അകലെയായി ഒരു മൈതാനത്ത് ധാരാളം ചെറിയ ടെന്റുകൾ കണ്ടപ്പോൾ എന്താണെന്നറിയാനുള്ള ആകാംക്ഷയിൽ അങ്ങോട്ടു പോയി. ഉത്സവപ്പറമ്പുകളിലേതു പോലെയുള്ള വില്പനകൾ പൊടിപൊടിക്കുകയാണ് അവിടെ. അവിടുത്തുകാർ സ്വന്തമായി ഉണ്ടാക്കിയ സാധനങ്ങളാണ് അന്നത്തെ ദിവസം വിൽപ്പനയ്ക്ക് വച്ചിരുന്നത് എന്നറിഞ്ഞപ്പോൾ വളരെ ആശ്ചര്യം തോന്നി. ഭക്ഷണങ്ങൾ,വസ്ത്രങ്ങൾ , അലങ്കാര വസ്തുക്കൾ, പാത്രങ്ങൾ അങ്ങനെ പോകുന്നു സാധങ്ങളുടെ നിര. അതൊക്കെ കണ്ടപ്പോൾ അവരോട് വളരെ ബഹുമാനം തോന്നി എനിക്ക്. സ്വന്തമായി നിർമ്മിച്ച സാധനങ്ങൾ ഒത്തൊരുമിച്ചു വിൽപ്പന നടത്തുന്നു ..അതും കുട്ടികളടക്കമുള്ളവർ...വളരെ നല്ലൊരു കാര്യം തന്നെ . കുറച്ചു സമയം അവിടെ ചിലവഴിച്ചതിനു ശേഷം അവിടെ നിന്നും അടുത്ത സ്ഥലത്തേക്ക് യാത്ര തുടർന്നു .

നയനമനോഹരങ്ങളായ കാഴ്ചകളാണ് റോഡിന് ഇരുവശങ്ങളിലും ഉണ്ടായിരുന്നത് . വളരെ ഹരിതാഭമാർന്നതും ശാന്തവുമായ സ്ഥലങ്ങൾ..റോഡിലാകട്ടെ ഒട്ടും തിരക്കുണ്ടായിരുന്നില്ല..ആ വഴിയിലൂടെ കാറിൽ ഹൃദ്യമായ ഒരു പാട്ടു കേട്ടു കൊണ്ട് പോയപ്പോൾ  മനസ്സ് ഒരു തൂവൽ പോലെ അകലങ്ങളിലേക്ക് പാറിപ്പറന്നു പോകുന്നതു പോലെയുള്ള അവസ്ഥയായിരുന്നു...ഭാരങ്ങളേതുമില്ലാതെ ...ഇതു പോലുള്ള ശാന്ത സുന്ദരമായ പ്രദേശങ്ങൾ കാണുമ്പോൾ എന്നും എൻ്റെ മനസ്സിലുണ്ടാവുന്ന ചിന്തയാണ് അവിടെയൊരു വീട് വച്ച് താമസിക്കാൻ പറ്റിയിരുന്നെങ്കിലെന്ന്!

ഒരു മണിക്കൂർ ഡ്രൈവിനു ശേഷം ഞങ്ങൾ ‘മൌണ്ട് ഹെലെൻസ് വിസിറ്റർ സെന്ററിൽ’ എത്തി. 1980 ലെ ഹെലെൻസ് അഗ്നിപർവത വിസ്ഫോടനത്തിനു ശേഷം കുറച്ചു വർഷങ്ങൾ കഴിഞ്ഞാണ് ഇത് ആളുകൾക്ക് വേണ്ടി തുറന്നു കൊടുത്തത്. വിസ്ഫോടനത്തിനു മുൻപും ശേഷവും അവിടുത്തെ ഭൂപ്രകൃതിയിലുണ്ടായ മാറ്റങ്ങളെപ്പറ്റി സന്ദർശകരിൽ അവബോധം ഉണ്ടാക്കുകയാണ് വിസിറ്റർ സെന്ററിൻ്റെ ലക്ഷ്യം. അവിടെ എത്തിയപ്പോൾതന്നെ 20 മിനുട്ടുള്ള ഷോയ്ക്ക് ടിക്കറ്റെടുത്തു കണ്ടു. ഒരു വൻ ദുരന്തത്തിൻ്റെ നേർക്കാഴ്ചയാണ് അതിലൂടെ കാണാൻ കഴിഞ്ഞത്. 1980 മെയ് 18 ൽ ഹെലെൻസ് പൊട്ടിത്തെറിച്ചപ്പോൾ ഇല്ലാതായത് വലിയൊരു ഭൂപ്രദേശം തന്നെയാണ് . ആ പൊട്ടിത്തെറിയുടെ ആഘാതം മുന്നിൽ കണ്ട് സർക്കാരിന്റെ ഇടപെടൽ മൂലം വളരെ മുൻപു തന്നെ ആളുകളെ കുടിയൊഴിപ്പിച്ചിരുന്നു..എങ്കിലും വർഷങ്ങളായി അവിടെ താമസിച്ചു വന്ന ചിലർ ഒഴിയാൻ കൂട്ടാക്കിയില്ല ..അവരിൽ ടുറിസ്റ്റുകൾക്കായി അഗ്നിപർവ്വതത്തിന്റെ പേരിൽ തന്നെയുള്ള Mt.St.Helens Lodge പണി കഴിപ്പിച്ച ഹാരി.ആർ .ട്രൂമാനും ഉൾപ്പെടും. അവരടക്കം അന്ന് പൊലിഞ്ഞത് 57 ജീവനുകളാണ് . ലാവാ പ്രവാഹം മൊത്തമായി ഇല്ലാതാക്കിയ ആ ഭൂപ്രകൃതിയിൽ ചെടികളടങ്ങുന്ന ജീവൻ്റെ തുടിപ്പുകൾ ഉയരാൻ തുടങ്ങിയത് പിന്നെയും കുറേ വർഷങ്ങൾ കഴിഞ്ഞാണ്.. അത്തരമൊരു  ഉഗ്രരൂപിണിയെയാണ് നേരിൽ കാണാൻ പോകുന്നത് എന്നറിഞ്ഞപ്പോൾ എന്നിലെ ആകാംക്ഷയുടെ തോത് ഇരട്ടിയായി. ഷോ കണ്ടിറങ്ങി വന്നപ്പോഴേക്കും ഉച്ചസമയം രണ്ടരയായി . വിസിറ്റർ സെന്ററിനു മുന്നിലുള്ള ബെഞ്ചിലിരുന്ന് ഞങ്ങൾ കൊണ്ടു വന്ന ഭക്ഷണം കഴിച്ചു. അതിനു ശേഷം ഹെലെൻസിനെ ഏറ്റവും അടുത്തു നിന്നും കാണാവുന്ന ‘ജോൺസ്റ്റൻ റിഡ്ജ് ഒബെസെർവേറ്ററി’ യിലേക്ക് യാത്രയായി.

ഹെലെൻസിൽ നിന്നും 6 കിലോമീറ്ററോളം ദൂരം മാത്രമാണ് ഒബ്സെർവേറ്ററിയിലേക്കുള്ളത് . അങ്ങോട്ടുള്ള യാത്രയിൽ ധാരാളം മരങ്ങൾ അങ്ങിങ്ങായി കടപുഴകി വീണുകിടക്കുന്നത് കാണാമായിരുന്നു.. ദുരന്തത്തിന്റെ അവശേഷിപ്പുകൾ...ഒബെസെർവേറ്ററി എത്തുന്നതിന് തൊട്ടു മുൻപ് മറ്റൊരു വ്യൂ പോയിന്റ് ഉണ്ടായിരുന്നു . ആ വലിയ പൊട്ടിത്തെറിക്ക് മുൻപ് ടൂറിസ്റ്റുകളുടെ പ്രധാന കേന്ദ്രമായ spirit lake. ആ മനോഹരമായ നദിയുടെ പകുതിഭാഗവും പൊട്ടിത്തെറിയിൽ അടിഞ്ഞു കൂടിയ മരക്കഷ്ണങ്ങളാൽ നിറഞ്ഞിരിക്കുന്ന അവസ്ഥയാണ് ഇപ്പോൾ . അതു കഴിഞ്ഞു ഞങ്ങൾ ഒബെസെർവേറ്ററിയിൽ എത്തി. കാർ നിർത്തി പുറത്തിറങ്ങിയപ്പോഴേ കണ്ടു പൊട്ടിത്തെറിയിൽ തലയെടുപ്പ് അൽപ്പം കുറഞ്ഞു പോയ, ഇപ്പോഴും ഉറക്കം നടിച്ചു കിടക്കുന്ന സെയിന്റ് ഹെലെൻസ് എന്ന ഉഗ്രരൂപിണിയെ . അതിൻ്റെ ഒരു ഭാഗത്തു നിന്നും അപ്പോഴും പുക ഉയരുന്നുണ്ടായിരുന്നു. കുറെ സമയം ആ വിസ്മയത്തെ നോക്കി നിന്നു ..അന്നുണ്ടായ പൊട്ടിത്തെറി മനസ്സിൽ വിഭാവനം ചെയ്തു കൊണ്ട്...ലാവയൊഴുകിയ വഴികൾ...എല്ലാം കഴിഞ്ഞുള്ള ശാന്തതയാണിപ്പോൾ...പക്ഷേ അതൊരിക്കലും ശാശ്വതമല്ല . ഞങ്ങൾ നിരീക്ഷണ കേന്ദ്രത്തിന്റെ ഉള്ളിൽ കടന്നു.അവിടെയും ഉണ്ടായിരുന്നു വിസിറ്റർ സെന്ററിൽ കണ്ട അതേ ഇൻഫർമേഷൻ ഷോ..കൂടാതെ തുടർച്ചയായി ഭൂകമ്പമാപിനി ഉപയോഗിച്ചുള്ള നിരീക്ഷണത്തിന്റെ ഭാഗമായി അവിടെ സ്ഥാപിച്ച ഒരു ഉപകരണത്തിൽ കൈ വച്ചപ്പോൾ അഗ്നിപർവ്വതത്തിനുള്ളിലെ ഇരമ്പൽ നമുക്കും ശ്രവിക്കാൻ കഴിഞ്ഞു . ഈ സ്മാരക കേന്ദ്രത്തിന് ജോൺസ്റ്റൺ റിഡ്ജ് ഒബെസെർവേറ്ററി എന്ന പേര് വരാൻ ഒരു കാരണമുണ്ട്. ഈ സ്ഥലത്തു നിന്നു കൊണ്ടാണ് അഗ്നിപർവത ശാസ്ത്ര ഗവേഷകനായ ഡേവിഡ് എ ജോൺസ്റ്റൻ ഹെലെൻസിനെ തുടർച്ചയായി നിരീക്ഷിച്ച് ഓരോ നീക്കങ്ങളും റേഡിയോയിൽ കൂടെ അധികാരികളെ അറിയിച്ചു കൊണ്ടിരുന്നത്. അദ്ദേഹത്തിൻ്റെ മുന്നറിയിപ്പിന്റെ ഫലമായാണ് നൂറു കണക്കിനു ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞത് . ഒടുവിൽ അവസാന ശ്വാസം ലാവ്‍ഗ്നിയിൽ ലയിക്കുന്നതു വരെയും പൊട്ടിത്തെറിയുടെ തീക്ഷ്ണത അറിയിച്ചു കൊണ്ടിരുന്നു ആ ജീവത്യാഗി. അദ്ദേഹത്തിൻ്റെ ഓർമ്മയ്ക്കായിട്ടാണ് നിരീക്ഷണകേന്ദ്രത്തിന് ആ പേര് നൽകിയത്.


Mt.St.Helens
           
അവിടെ നിന്നും ഞങ്ങൾ നേരെ പോയത് നേരത്തെ ബുക്ക് ചെയ്തിരുന്ന മോട്ടലിലേക്കാണ്[ വഴിവക്കിലെ ചെറിയ ഹോട്ടൽ ] . അവിടെയെത്തി ബാഗുകളുമായി റൂമിൽ പോയി ഫ്രഷ് ആയി അടുത്തുള്ള ചൈനീസ് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു. പിന്നീട് തിരികെ റൂമിലെത്തി നല്ല ഉറക്കമായിരുന്നു. പിറ്റേ ദിവസം രാവിലെയായപ്പോൾ അവിടെ നിന്നും അമേരിക്കൻ ബ്രേക് ഫാസ്റ്റും കഴിച്ചു മുറിയൊഴിഞ്ഞു 9.30 നു ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. ഇടയ്ക്കുവച്ച് ഉച്ചയ്ക്ക് കഴിക്കാൻ വേണ്ടി ബർഗറുകളും വാങ്ങിച്ചു വച്ചു. ഒന്നര മണിക്കൂർ നീണ്ട യാത്രയിൽ തകർന്നു കിടക്കുന്ന ശൂന്യമായ വീടുകൾ ഇപ്പോഴും സ്മാരകം പോലെ അവിടവിടെയായി കാണാമായിരുന്നു. പൊട്ടിത്തെറിക്ക് മുൻപ് അതിലൊക്കെയും ഒരു കുടുംബമുണ്ടായിരുന്നു… ഓർക്കുമ്പോൾ ആ നഷ്ടത്തിന്റെ തീവ്രത നമുക്കും അനുഭവിക്കാൻ കഴിയും. ഒന്നര മണിക്കൂർ നീണ്ട യാത്ര അവസാനിച്ചത് ape cave നുമുന്നിലാണ്.

വാഷിങ്ടണിലെ ദേശീയ വനങ്ങളിലൊന്നായ Gifford pinchot National Forest ലാണ് Ape Cave സ്ഥിതി ചെയ്യുന്നത് ..ഹെലെൻസ് അഗ്നിപർവതത്തിന്റെ തെക്ക്‌ ഭാഗത്തായിട്ടാണ് അത് വരുന്നത്‌ . ഹെലെൻസിൻ്റെ തന്നെ നൂറ്റാണ്ടുകൾക്കു മുൻപുള്ള മറ്റൊരു സ്‌ഫോടനത്തിൽ ഉണ്ടായതാണിത്. ലാവ പാറക്കൂട്ടങ്ങളിലേക്ക് ഉരുകിയൊലിച്ചൊഴുകി വന്നുണ്ടായ ഗുഹയായതു കൊണ്ട് ഇതിനെ lava tube എന്നും വിളിക്കാം..എൻ്റെ ജീവിതത്തിൽ ഇത്തരമൊരു ഗുഹാനുഭവം ആദ്യമായിട്ടാണ്. പോകുന്നതിനു മുൻപ് ഇതിനെപ്പറ്റി ഗൂഗിളിനോട് ചോദിച്ചു മനസ്സിലാക്കിയത് കൊണ്ട് ഞങ്ങളെല്ലാവരും ടോർച്ചു കരുതിയിരുന്നു . ഇതിന്റെ ഉള്ളിൽ വര്ഷങ്ങളായി വാവലുകൾ താമസിച്ചു വരുന്നുണ്ടെന്നും അവരുടെ സുരക്ഷയെക്കരുതി പോകുന്നവരെല്ലാം അവരുടെ പാദരക്ഷകളുടെ അടിവശം നന്നായി ഒരു ബ്രഷിനു മുകളിൽ ഉരച്ചു വൃത്തിയാക്കി വേണം ഉള്ളിലേക്ക് കടക്കാൻ എന്നും പുറത്തുള്ള ബോർഡിൽ എഴുതിയിട്ടുണ്ട് . കൂടാതെ ഭക്ഷണപ്പൊതികൾ കൊണ്ടു പോവരുതെന്നും നിഷ്കർഷിക്കുന്നു.ഞങ്ങൾ ഷൂസുകൾ  അവിടെ സ്ഥാപിച്ച കറങ്ങുന്ന ബ്രഷിന്മേൽ ഉരച്ചു വൃത്തിയാക്കിയ  ശേഷം ഗുഹാകവാടത്തിനു മുന്നിലെത്തി . അകത്തു തണുപ്പുള്ളതിനാൽ എല്ലാവരും ജാക്കറ്റ് ഒക്കെ ഇട്ടു കൈയിൽ ടോർച്ചും പിടിച്ചു കൊണ്ട് ഉള്ളിലേക്ക് നടന്നു . വളരെ വ്യത്യസ്തമായൊരു അനുഭവമായിരുന്നു കൂരാക്കൂരിരുട്ടിൽ വെളിച്ചം തെളിച്ചുള്ള നടപ്പ്... നാട്ടിലെ നടവഴികളെ ഓർമിപ്പിക്കുന്ന യാത്ര . ചുറ്റിലും പാറകൾ കൊണ്ടുള്ള ഗുഹയുടെ മുകളിൽ നിന്നും ചില സ്ഥലങ്ങളിൽ വെള്ളം ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു .നല്ല തണുപ്പും അനുഭവപ്പെട്ടു . വെളിച്ചം ഓഫാക്കിയപ്പോൾ ഉണ്ടായ ഇരുട്ട് തെല്ലൊന്ന് ഭീതി പരത്തി . ഇടയ്ക്കിടെ കുറച്ചു ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് കണ്ടപ്പോഴാണ് ആശ്വാസമായത് .

Inside Ape Cave
Ape Cave's Meat ball

  
Ape cave ൻ്റെ ഉള്ളിലുള്ള പ്രധാന ആകർഷണം ‘meat ball ‘ ആണ്. ലാവ ഒഴുകിയപ്പോൾ ചെറിയ കല്ലുകൾ കൂടിച്ചേർന്ന് ഒരു ബോളിൻ്റെ  രൂപത്തിലായി മുകൾഭാഗത്തു തൂങ്ങി കിടക്കുന്ന കാഴ്ച കാണുന്നവരിൽ കൗതുകമുണർത്തുന്നു. അകത്തു വവ്വാലുകൾ ഉണ്ടെന്നു പറഞ്ഞെങ്കിലും കാണാൻ കഴിഞ്ഞില്ല. പോകുന്നവരുടെ കണ്ണുകൾക്ക് കാണാൻ പറ്റാത്തവിധം മുകൾത്തട്ടിൽ ഒട്ടേറെ മറഞ്ഞു കിടക്കുന്ന ഭാഗങ്ങൾ ഉണ്ട്. അവിടെയെവിടെയെങ്കിലും അവ സുരക്ഷിതമായി താമസിക്കുന്നുണ്ടാവാം . അര മണിക്കൂറോളം നടന്നപ്പോൾ ഗുഹയുടെ ഏതാണ്ട് അവസാന ഭാഗമെന്ന് തോന്നിക്കും വിധം അതിൻ്റെ ഉയരം കുറഞ്ഞു കിടന്നു പോകാൻ മാത്രം പറ്റുന്ന ഒരു പോയിന്റിൽ ഞങ്ങൾ എത്തി. അതിൻ്റെ അപ്പുറം എന്തായിരിക്കുമെന്ന ആകാംക്ഷ എല്ലാവരിലും ഉണ്ടായിരുന്നെങ്കിലും മറ്റു സഞ്ചാരികൾ ചെയ്തത് പോലെ അവിടെ നിന്നും ഫോട്ടോയെടുത്തു ഞങ്ങളും തിരിച്ചു നടന്നു. എല്ലാം കഴിഞ്ഞു പുറത്തെത്തിയപ്പോൾ മനസ്സിൽ ആ ഒരു മണിക്കൂർ യാത്ര സമ്മാനിച്ച അനുഭവം മറക്കാൻ പറ്റാത്ത ഒന്നായി മാറിയിരുന്നു .

Spirit Lake with logs mat

 ഹെലെൻസ് യാത്രയുടെ ഏറ്റവും ഒടുവിൽ പോയത് ‘windy ridge view point’ ലാണ്. വളരെയധികം വളവുകളുള്ള വീതികുറഞ്ഞ ,ഇരുവശവും വേലികളില്ലാതെ ചെങ്കുത്തായ താഴ്‍ച്ചയുടെ ഭീതി പരത്തുന്ന റോഡിലൂടെ ഒന്നര മണിക്കൂർ ഡ്രൈവ് ചെയ്തു ആ കുന്നിൻ മുകളിലെത്തിയപ്പോൾ spirit lake ന്റെ മറ്റൊരു മനോഹരമായ ഭാഗം കാണാൻ കഴിഞ്ഞു . കൂടാതെ സെയിന്റ് ഹെലെൻസും  അവിടെ നിന്നാൽ കാണാം . പേരു പോലെ തന്നെ അതിശക്തമായി വീശുന്ന കാറ്റിൽ കുഞ്ഞു പക്ഷികൾ ഉദ്ദേശിച്ച ദിശയിൽ പറക്കാനാവാതെ വലയുന്ന കാഴ്ചയും കൗതുകമുളവാക്കി. കുറച്ചു സമയം അവിടെ ചിലവഴിച്ചതിനു ശേഷം മനസ്സിൽ ഒരുപാട് അറിവുകളും ഓർമ്മകളും സമ്മാനിച്ച ഹെലെൻസിനോടും അതിൻ്റെ ഭൂപ്രദേശത്തോടും വിട പറഞ്ഞു കൊണ്ട് ഗൂഗിൾ മാപ്പ് വീട്ടിലേക്ക് സെറ്റ് ചെയ്തുകൊണ്ട്  മടക്കയാത്ര...



Thursday, June 13, 2019

ഓർമ്മയിലൊരു വിഷുക്കാലം






“ തിരിയോ തിരി പൂത്തിരി കണിയോ കണി വിഷുക്കണി
കാലിൽ കിങ്ങിണി കൈയിൽ പൂത്തിരി നാളെ പുലരിയിൽ വിഷുക്കണി “

പി ഭാസ്കരൻ മാഷുടെ ഈ മനോഹരമായ വരികൾ വിഷുക്കണിയെപ്പറ്റിയുള്ളതാണ് . ഓണം പോലെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട മറ്റൊരു ആഘോഷമാണ് കേരളത്തിൻ്റെ കാർഷികോത്സവമെന്നറിയപ്പെടുന്ന വിഷു . മലയാള മാസമായ മേടം ഒന്നിന് അതിരാവിലെ കണികണ്ടുണരുന്ന വിഷുക്കണി കണ്ണിനും മനസ്സിനും നിറവേകുകയും അതിൻ്റെ ഫലമായി ആ വർഷമുടനീളം ജീവിതത്തിൽ നന്മയും ഐശ്വര്യവും ഉണ്ടാകുമെന്നുമുള്ള ശുഭാപ്തി വിശ്വാസമാണ് വിഷുവെന്ന ആഘോഷത്തെ ഇത്രയും പ്രാധാന്യമുള്ളതാക്കുന്നത് … വിഷുക്കാലമാകുമ്പോഴേക്കും നാടെങ്ങും കണിക്കൊന്ന പൂത്തു നിൽക്കുന്നതു കാണാൻ പ്രത്യേക ഭംഗി തന്നെയാണ് . മുതിർന്നവരേക്കാൾ എന്തു കൊണ്ടും ആഘോഷങ്ങൾ മനസ്സറിഞ്ഞു ആസ്വദിക്കുന്നത് നിഷ്കളങ്ക ബാല്യങ്ങളാണ്. എനിക്കും ഏറ്റവും പ്രിയപ്പെട്ട വിഷുക്കാല ഓർമ്മകൾ കുട്ടിക്കാലത്തേതു തന്നെയാണ് .

വർഷാവസാന പരീക്ഷയൊക്കെ കഴിഞ്ഞു നീണ്ട രണ്ടു മാസത്തെ മദ്ധ്യവേനലവധിക്കാലത്താണ് വിഷുവെത്തുന്നത് എന്നത് എല്ലാ കുട്ടികളെയും പോലെ എനിക്കും ഏറ്റവും സന്തോഷം നൽകിയിരുന്ന കാര്യമായിരുന്നു. വിഷുവിന് രണ്ടു ദിവസം മുൻപ് തന്നെ അച്ഛൻ്റെ കൈയിൽ ചേട്ടനും ഞാനും പടക്കങ്ങളുടെ നീണ്ട ലിസ്റ്റ് ഏൽപ്പിക്കും. കണിവയ്ക്കാനുള്ള സാധനങ്ങളുടെ കൂടെ അച്ഛൻ അവയൊക്കെ വാങ്ങിക്കൊണ്ടു വരും . ഞങ്ങൾ കുട്ടികളുടെ ഭാഷയിൽ രണ്ടു തരമായിരുന്നു ഈ പടക്കങ്ങൾ. 'കത്തിക്കാനുള്ളതും പൊട്ടിക്കാനുള്ളതും'. തലേ ദിവസം സന്ധ്യ വിളക്ക് കത്തിച്ചതിനു ശേഷമാണു ആദ്യ ഇനത്തിൽപ്പെട്ട കമ്പിത്തിരി, പൂക്കുറ്റി, ചക്രം, നാട, തീപ്പെട്ടി എന്നിവ ഞങ്ങൾ വീട്ടുകാരെല്ലാവരും ചേർന്ന് കത്തിക്കാറുള്ളത് . എൻ്റെ അച്ചമ്മയ്ക്കു ഇഷ്ടമുള്ള ഒന്നായിരുന്നു കമ്പിത്തിരി കത്തിക്കൽ . രണ്ടു കയ്യിലും ഓരോ കത്തിച്ച കമ്പിത്തിരി പിടിക്കുമ്പോൾ പല്ലില്ലാത്ത അച്ഛമ്മയുടെ സന്തോഷമാർന്ന ചിരി കാണാൻ പ്രത്യേക ഭംഗി തന്നെയായിരുന്നു . 5 വർഷങ്ങൾക്കു മുൻപ് അച്ഛമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞെങ്കിലും എൻ്റെ ഓർമ്മകളിൽ എന്നും അവർ നിറ സാന്നിധ്യമാണ്.

കത്തിക്കൽ പടക്കങ്ങളിൽ എനിക്കേറ്റവും ഇഷ്ടമുള്ളത് മത്താപ്പൂ അഥവാ പൂക്കുറ്റിയായിരുന്നു . മുറ്റത്ത് ഒരു കോണിൽ പൂക്കുറ്റി വച്ച് അതിലേക്ക് കമ്പിത്തിരിയിൽ നിന്നും തീ കൊളുത്തിയിട്ട് ഒരോട്ടമാണ് .അത് മുകളിലേക്ക് ഉയർന്നു കത്തുന്ന കാഴ്ച മനസ്സിന് സന്തോഷം തരുന്ന ഒരനുഭവമായിരുന്നു. പിന്നെ ‘ചക്രം’ വരാന്തയിൽ വച്ച് തീ കൊളുത്തുമ്പോൾ അവിടെ പാട് വീഴുമെന്നു പറഞ്ഞു അമ്മയുടെ വഴക്കും കേട്ടിട്ടുണ്ട് ധാരാളം . ഏകദേശം രാത്രി പത്തു മണിയോടു കൂടി എല്ലാ കത്തിക്കൽ ഇനങ്ങളും തീർന്നിട്ടുണ്ടാകും .അതിനിടയിൽ തന്നെ ചേട്ടനും അച്ഛനും പടക്കം പൊട്ടിക്കാൻ തുടങ്ങിയിട്ടുണ്ടാകും . ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ അപകട സാധ്യതയേറെയുള്ള പടക്കങ്ങളാണ് അവയൊക്കെ. പേടി കാരണം അതിൻ്റെ ഏഴയലത്തേക്ക് ഞാൻ പോകാറില്ല. നാടെങ്ങും തലേ നാൾ മുതൽ തുടങ്ങുന്ന ഈ പടക്കത്തിൻ്റെ ശബ്ദഘോഷങ്ങൾ വിഷുവിൻ്റെ അന്ന് മുഴുവൻ തുടരുന്നു. തലേനാൾ ഉറങ്ങാൻ പോകുന്നതിനു മുൻപായി അമ്മ കണിവയ്ക്കാനായി കൊന്നപ്പൂ,വെള്ളരിക്ക ,മാങ്ങ , നവധാന്യങ്ങൾ , അരി, ഫലങ്ങൾ ,കോടിമുണ്ട് ,നാണയത്തുട്ടുകൾ ,സ്വർണാഭരണം തുടങ്ങിയവയൊക്കെ പൂജാമുറിയിൽ കൃഷ്ണ വിഗ്രഹത്തിൻ്റെ മുന്നിൽ ഉരുളിയിൽ ഒരുക്കി വയ്ക്കും . അതിനടുത്തായി നിലവിളക്ക് കഴുകിത്തുടച്ചു എണ്ണയൊഴിച്ചു തിരിയിട്ടു വയ്ക്കും .

വിഷുവിൻ്റെ അന്ന് അതിരാവിലെ എഴുന്നേറ്റു കുളിച്ചു വിളക്ക് കത്തിച്ചു പിന്നീട് എന്നെയും ചേട്ടനെയും അച്ഛനെയും എഴുന്നേൽപ്പിച്ചു കണ്ണു പൊത്തി പൂജാ മുറിയിൽ കൊണ്ടു പോയി കണി കാണിക്കും . ആ നിലവിളക്കിൻ്റെ പ്രഭയിൽ തിളങ്ങി നിൽക്കുന്ന ഭഗവാനോട് സർവ്വഐശ്വര്യവും ഉണ്ടാകണേ എന്ന് മനസ്സുരുകി പ്രാർത്ഥിക്കുന്നു. അതിനു ശേഷം വേഗം തന്നെ കുളിച്ചു പുത്തനുടുപ്പിട്ടു കുടുംബ ക്ഷേത്രമായ കൂലോത്ത് ഭഗവതിക്കാവിലുള്ള കണി കാണാൻ പോകുന്നു . വെളിച്ചം വീഴുന്നതിനു മുൻപ് പോകുമെന്നതിനാൽ ടോർച്ചും എടുത്താണ് അമ്പലത്തിലേക്ക് വീട്ടുകാരോടൊപ്പം തൊഴാൻ പോയിരുന്നത് . അവിടെ 'കാരണവർ' പ്രതിഷ്ഠയുടെ മുന്നിൽ വച്ചിരിക്കുന്ന കണി കണ്ടതിന് ശേഷം ഭഗവതിയമ്മയുടെ നടയ്ക്കൽ തൊഴുത് പൂജാരിയുടെ കൈയിൽ നിന്നും ആദ്യം വിഷുക്കൈനീട്ടവും ( നാണയത്തുട്ട്) പിന്നീട് പ്രസാദവും വാങ്ങിക്കുന്നു .

അതു കഴിഞ്ഞു വീട്ടിലെത്തിയാൽ അച്ഛന്റെയും അമ്മയുടെയും അച്ഛമ്മയുടെയും കൈയിൽ നിന്നും കൈനീട്ടം കിട്ടും. ഇങ്ങനെ കൈനീട്ടം വഴി കിട്ടുന്ന ‘പോക്കറ്റ് മണി’ ക്ക് ആ കുഞ്ഞു മനസ്സിൽ ലക്ഷങ്ങളുടെ വിലയുണ്ടായിരുന്നു . തീർന്നില്ല കൈനീട്ടത്തിൻ്റെ കണക്ക് ..മൂത്തഛനും [അച്ഛൻ്റെ സഹോദരൻ ] പിന്നെ വല്യച്ചനും [അമ്മയുടെ അച്ഛൻ ] തരുമായിരുന്നു . കൂടാതെ അപ്രതീക്ഷിതമായി വിഷു ദിനത്തിൽ വീട്ടിലെത്തുന്ന ഏതൊരു മുതിർന്ന ബന്ധുക്കളും കുട്ടികൾക്ക് കൈനീട്ടം തരിക പതിവാണ് . അവയൊക്കെ മഞ്ചാടി മണികൾ കാത്തു വയ്ക്കുന്നതു പോലെ സൂക്ഷിച്ചു വച്ച് ഒടുവിൽ അമ്മയുടെ കൈയിൽ ഏൽപ്പിക്കും . ഓണസദ്യ പോലെ തന്നെ വിഷുസദ്യയും ഒരുക്കാറുണ്ട് അമ്മ . സദ്യ കഴിഞ്ഞാണ് അവസാന ഇനമായ മാലപ്പടക്കത്തിന് ചേട്ടൻ തീ കൊളുത്തുന്നത് . അതോടു കൂടി വീട്ടിലെ വിഷു ആഘോഷങ്ങൾക്ക് പരിസമാപ്തിയാകുന്നു .

വിഷുവിനോടനുബന്ധിച്ച് ഞങ്ങൾ തലശ്ശേരിക്കാർക്കു വേറൊരു പ്രത്യേകത കൂടെയുണ്ട്. വിഷുവിൻ്റെ തലേ ദിവസമാണ് പ്രശസ്തമായ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ എട്ടു ദിവസം നീളുന്ന ഉത്സവത്തിന് കൊടിയേറുന്നത് . വിഷു കഴിഞ്ഞു ഉത്സവം കൊടിയിറങ്ങുന്നതു വരെയുള്ള ദിവസങ്ങളിൽ എന്നും പോകുമായിരുന്നു അമ്പലത്തിൽ. ആദ്യ ദിവസം നാലോ അഞ്ചോ ആനകളുമായി തുടങ്ങുന്ന ഉത്സവം അവസാന ദിനമാകുമ്പോഴേക്കും എഴുന്നള്ളിപ്പിന് പത്തു പന്ത്രണ്ടു കൊമ്പന്മാരുണ്ടാകും . അതിൽ ഏറ്റവും തലയെടുപ്പുള്ള ആനപ്പുറത്താണ് തിടമ്പേറ്റുന്നത് . ഉത്സവത്തിനു മുന്നോടിയായി ഏകദേശം വെകുന്നേരം നാലു മാണിയോട് കൂടി അരങ്ങേറിയിരുന്ന ഓട്ടൻതുള്ളലും കഥകളിയും കാണാൻ എനിക്കേറെയിഷ്ടമായിരുന്നു . ഇന്ന് ഇവ കൂടാതെ മറ്റു നൃത്ത ഇനങ്ങളൂം അവിടെ കാണികൾക്കായി നടത്തപ്പെടുന്നുണ്ട് . ഈ സ്റ്റേജ് പരിപാടി കഴിഞ്ഞാൽ നട അടയ്ക്കുന്നതിന് മുൻപ് അമ്പലത്തിൽ കയറി തൊഴുതു നേരെ ക്ഷേത്ര മതിൽക്കെട്ടിനകത്തു തന്നെ ആനകളെ ഉത്സവത്തിനു വേണ്ടി തയ്യാറാക്കുന്ന സ്ഥലത്തു പോയി ഇരിക്കും . ആനകളെ ഒന്ന് തൊട്ടു തലോടാൻ കിട്ടുന്ന ആ സുവർണാവസരം ഞാൻ വളരെയധികം ആസ്വദിച്ചിരുന്നു .ആ സമയത്തു ഏതൊരു കുട്ടിയേയും പോലെ ‘ആനവാൽ’ കിട്ടാൻ വല്ല വഴിയുമുണ്ടോയെന്ന് ഞാനും ചിന്തിച്ചിട്ടുണ്ട് .വളരെ അനുസരണയുള്ള കുട്ടികളെപ്പോലെയാണ് വയറു നിറച്ചും പനംപട്ടയൊക്കെ കഴിച്ചു ഉത്സവ ഒരുക്കങ്ങൾക്ക് ആനകൾ നിന്നു കൊടുക്കുന്നത് . നെറ്റിപ്പട്ടമൊക്കെയണിഞ്ഞാൽ നമ്മുടെ ആനകൾക്കുള്ള സൗന്ദര്യം ഒന്നു വേറെ തന്നെയാണ് . രണ്ടോ മൂന്നോ പേർ ഓരോ ആനകളുടെ പുറത്തും കയറിയിരിപ്പുറപ്പിക്കും. ഏറ്റവും ഒടുവിലായി ശ്രീരാമസ്വാമിയുടെ വിഗ്രഹം ആനപ്പുറത്തു കയറ്റുമ്പോൾ അടുത്തു നിന്നു കണ്ടു തൊഴുതു പ്രാർത്ഥിക്കുവാനും കഴിഞ്ഞിരുന്നു . ഒരുക്കങ്ങളെല്ലാം കഴിഞ്ഞ് ആനകളോരോന്നായി പുറത്തേക്കു വന്നു നിരനിരയായി നിന്നതിനു ശേഷം ഉഗ്രൻ കതിന വെടിയോടു കൂടി ഉത്സവം ആരംഭിക്കുകയായി . ചെണ്ടയടക്കമുള്ള പഞ്ചവാദ്യങ്ങളുടെ മേളക്കൊഴുപ്പിൽ നടക്കുന്ന കുടമാറ്റം നയന മനോഹരമായ കാഴ്ചയാണ് . ആനകളും വാദ്യസംഘങ്ങളും ക്ഷേത്രത്തിനു ചുറ്റും മൂന്നു തവണ വലംവയ്ക്കുമ്പോൾ ഭക്തജനങ്ങളും അവരോടൊപ്പം ചേരുകയായി. ഏതാണ്ട് രാത്രി ഒൻപതുമണിയോടു കൂടി ഉത്സവം അവസാനിക്കുന്നു.

വിഷുവോടു കൂടി തുടങ്ങുന്ന മദ്ധ്യവേനലവധിക്കാലം തന്നിരുന്ന ഇതു പോലെയുള്ള ഒട്ടേറെ ബാല്യകാല ഓർമ്മകൾ ഇന്നും നിധി പോലെ മനസ്സിൽ സൂക്ഷിക്കുന്നു . അതു കൊണ്ട് തന്നെ പ്രായം കൂടുന്തോറും വീണ്ടും ആ കുട്ടിക്കാലത്തേക്ക് മടങ്ങാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് മനസ്സ് വെറുതേ കൊതിക്കുന്നു .

Sunday, March 31, 2019

കല്യാണമേളം

വിവാഹ വേളയിൽ കേന്ദ്ര കഥാപാത്രങ്ങൾ വധൂവരൻമാരാണെങ്കിലും അതിൻ്റെ മേളക്കൊഴുപ്പെന്നു പറയുന്നത് ഒരുക്കങ്ങൾ, സദ്യ, ബന്ധുമിത്രാദി സമാഗമം ഇവയൊക്കെ കൂടിച്ചേർന്നതാണ്. ഞാൻ ഈ പറഞ്ഞുവരുന്ന ഏട്ടൻ്റെ അനുജൻ്റെ കല്യാണത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. എൻ്റെ കല്യാണത്തിനു ശേഷം ആദ്യമായി പങ്കെടുക്കുന്ന കോട്ടയത്തെ കല്യാണമാണിത്. മറ്റു ബന്ധുക്കളുടെ കല്യാണങ്ങൾക്കൊന്നും പല കാരണങ്ങളും കൊണ്ട് പങ്കെടുക്കാൻ കഴിയാതെ പോയി. ഏറെ നാൾ കാത്തിരുന്ന ജനുവരി 20 നുള്ള കല്യാണാഘോഷങ്ങൾക്ക് തൊട്ടു തലേ ദിവസം തന്നെ തിരശ്ശീലയുയർന്നു . 19 നു അതിരാവിലെ തന്നെ വീട്ടിലേക്ക് ആദ്യമായി വന്നെത്തിയ അതിഥികൾ ബാംഗ്ലൂരിൽ നിന്നും എൻ്റെ സഹോദരനും ഭാര്യയും അവരുടെ അമ്മയും ആയിരുന്നു. ചെറുപ്പത്തിൽ എന്നോടെന്നും ഗുസ്തി പിടിക്കാറുള്ള, ‘ഇരട്ടപ്പേരുകൾ’ വിളിച്ചു ശുണ്ഠി പിടിപ്പിക്കാറുള്ള എൻ്റെ ചേട്ടൻ [ഇപ്പോഴും അതേ രീതിയിൽ തുടരുന്നു!]...എന്തൊക്കെ പറഞ്ഞാലും അവരെ കണ്ടപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല ..അങ്ങനെ അവരുടെ വരവോടു കൂടി അന്നത്തെ തിരക്കുകൾക്കു തുടക്കമായി. അവരോടൊപ്പം ഒത്തിരി വിശേഷങ്ങളൊക്കെ പങ്കു വച്ച് പ്രഭാതഭക്ഷണം കഴിച്ചു. പിന്നീട് കല്യാണ വീട്ടിലേക്ക് ബന്ധുക്കളും അയൽക്കാരുമൊക്കെ വന്നു തുടങ്ങി.

അന്ന് ഉച്ചയ്ക്കു ശേഷം ഞാനടങ്ങുന്ന ആറംഗ സംഘം കോതമംഗലത്തുള്ള കല്യാണപ്പെണ്ണിൻ്റെ വീട്ടിൽ പുടവയും കൊണ്ട് പോയി. അവരുടെ വീട്ടിലേക്ക് ഏകദേശം ഒന്നര മണിക്കൂറോളം ദൂരമുണ്ട് . തലശ്ശേരി വീട്ടിലേക്കുള്ള ദൂരം വച്ചു നോക്കുമ്പോൾ ഇത് എത്രയോ ഭേദമാണെന്നു തോന്നി. നാലര മണിയോടു കൂടി അവിടെയെത്തി പരിചയപ്പെടലുകൾക്കു ശേഷം ചേട്ടത്തിയായ എൻ്റെ കൈ കൊണ്ട് താലത്തിൽ വാൽക്കണ്ണാടിയും മുല്ലപ്പൂവിനുമൊപ്പം കല്യാണപ്പുടവ പെണ്ണിനു കൈമാറി . അതിനു ശേഷമുള്ള ചായസൽക്കാരവും കഴിഞ്ഞു തിരിച്ചു വീട്ടിലെത്തിയപ്പോൾ അവിടെ രാത്രി ഭക്ഷണം അവസാന പന്തിയിൽ വിളമ്പിത്തുടങ്ങിയിരുന്നു . സന്ധ്യയായപ്പോൾ തന്നെ തലശ്ശേരിയിൽ നിന്നും അച്ഛനും അമ്മയും ആന്റിയും ഇളയച്ഛനും ഒക്കെ വന്നിട്ടുണ്ടായിരുന്നു.ഞങ്ങൾ കാറിൽനിന്നിറങ്ങിയപ്പോഴേക്കും അച്ഛൻ ഓടി വന്നു മോനെയെടുത്ത് ഉമ്മ കൊടുത്തു. അച്ഛൻ്റെ കൈയിൽതൂങ്ങി ഞാനും വീടിനുള്ളിലേക്ക് നടന്നു.. ഓടിച്ചെന്ന് അമ്മയെയും ആന്റിയെയുമൊക്കെ കെട്ടിപിടിച്ചു അത്രയും നാൾ കാണാതിരുന്നതിൻ്റെ പരിഭവങ്ങൾ പങ്കു വച്ചു . എല്ലാവരും ഒരുമിച്ചുള്ള ഫോട്ടോയെടുക്കൽ ആ കണ്ടുമുട്ടലിനെ കൂടുതൽ മനോഹരമാക്കി. അടുത്ത ദിവസത്തെ പുലരിയെ വരവേൽക്കാൻ എല്ലാവരും സുഖനിദ്ര നേർന്നു പിരിഞ്ഞു.

കല്യാണ ദിവസം എല്ലാവരും അതിരാവിലെ തന്നെ എഴുന്നേറ്റു കുളിച്ചൊരുങ്ങി ഭക്ഷണവും കഴിച്ചു താലികെട്ടു നടക്കുന്ന കോതമംഗലത്തെ കല്യാണ ഓഡിറ്റോറിയത്തിലേക്കു യാത്രയായി. മൂന്നു ബസ്സുകളിലും മൂന്നു കാറുകളിലുമായാണ് കല്യാണ സംഘം യാത്ര തിരിച്ചത്. ഞാനും ഏട്ടനും മോനും കല്യാണചെറുക്കൻ്റെ കൂടെ കാറിലായിരുന്നു പോയത്‌. അവിടെ വച്ചു കല്യാണത്തിനു പങ്കെടുക്കാനെത്തിയ എൻ്റെ മൂത്തച്ഛൻ്റെ മകനടക്കം കുറേപ്പേരെ വളരെ നാളുകൾക്കു ശേഷം കാണാൻ കഴിഞ്ഞു. മുഹൂർത്ത സമയമായപ്പോൾ മനോഹരമായി അലങ്കരിച്ച കല്യാണ മണ്ഡപത്തിൽ വച്ച് വധൂവരന്മാർ താലി കെട്ടി . കണ്ണൂർ രീതിയിൽ നിന്നും വ്യത്യസ്തമായി ഇവിടെ മഞ്ഞച്ചരടിലാണ് താലി കെട്ടുന്നത്. അതിനു ശേഷം സ്വർണ്ണമാല ചാർത്തുന്നു. [കല്യാണശേഷം പിന്നീട് താലി ചരടിൽ നിന്നും മാലയിലേക്കു മാറ്റാം.] അതോടനുബന്ധിച്ചുള്ള ഫോട്ടോയെടുപ്പു കഴിഞ്ഞതിനു ശേഷം രണ്ടു തരം പായസത്തോടു കൂടിയ ഗംഭീര സദ്യയും കഴിച്ചു വധൂവരന്മാരോടൊപ്പം തിരിച്ചു അതേ കാറിൽ വീട്ടിലേക്ക്.. വീട്ടിലെത്തി കിണ്ടിയിൽ വെള്ളമെടുത്തു കാൽ കഴുകിച്ചു കൈയിൽ വിളക്കും കൊടുത്തു വധുവിനെ വീടിനുള്ളിലേക്ക് ആനയിച്ചു. പിന്നീട് പാലും പഴവും കൊടുക്കൽ ചടങ്ങുകൾക്കു ശേഷം ഫോട്ടോഗ്രാഫർമാർ വധൂവരന്മാരെ കൂടുതൽ ഫോട്ടോയെടുപ്പിനായി കൂട്ടിക്കൊണ്ടു പോയി. ബാക്കിയുള്ളവർക്ക് വൈകുന്നേരമുള്ള റിസപ്ഷൻ ചടങ്ങിന് മുന്നോടിയായുള്ള ഇടവേളയായിരുന്നു അത് . വീണ്ടും എല്ലാവരും അതിനു വേണ്ടിയുള്ള ഒരുക്കങ്ങളിൽ വ്യാപൃതരായി. വൈകിട്ട് ഏഴുമണിയോടു കൂടി ആരംഭിച്ച റിസപ്ഷൻ പരിപാടിയിൽ കല്യാണത്തിന് വരാൻ കഴിയാതിരുന്നവരടക്കം ഒട്ടനവധി പേർ പങ്കെടുത്തു. അതോടനുബന്ധിച്ചുള്ള സ്വാദിഷ്ടമായ, ഒത്തിരി വിഭവങ്ങളോടു കൂടിയ ബുഫേ മോഡൽ ഭക്ഷണം ഏവരുടെയും മനസ്സും വയറും നിറച്ചു. അന്ന് രാത്രി തന്നെ അമ്മയും അച്ഛനുമൊക്കെ തലശ്ശേരിയിലേക്കു തിരിച്ചു പോയി.

നവദമ്പതികളുടെ കൂടെ ബന്ധുവീടു സന്ദർശനങ്ങളും ചെറിയ യാത്രകളുമൊക്കെയായി പിന്നീടുള്ള ഏഴെട്ടു ദിവസങ്ങൾ പെട്ടന്ന് കടന്നു പോയി. അതിലൊന്നായ കോട്ടയം ഫുഡ് ഫെസ്റ്റിവൽ നല്ലൊരു അനുഭവമായിരുന്നു . നാടൻ ചക്ക മുതൽ ഫാസ്റ്റ്ഫുഡ് വിഭവങ്ങൾ വരെയുണ്ടായിരുന്നു ആ ഭക്ഷ്യമേളയിൽ. അതിനു മാറ്റു കൂട്ടാനാനെന്നവണ്ണം കാതിനിമ്പമാർന്ന സംഗീത പരിപാടിയും ഇതോടനുബന്ധിച്ചുണ്ടായിരുന്നു. ആദ്യം കണ്ട ചക്ക സ്റ്റാളിൻ്റെ 100 ഇനം ചക്കവിഭവങ്ങൾ എന്ന ബോർഡ് എന്നെ ഹഠാദാകാർഷിച്ചു. ഇത്രയും വിഭവങ്ങൾ ഉണ്ടാക്കാൻ പറ്റുന്ന ചക്ക ‘ഒരു സംഭവം’ തന്നെ എന്നു മനസ്സിലോർത്തു കൊണ്ട് അവിടെ നിന്നും ഞങ്ങൾ ചക്കയട വാങ്ങിക്കഴിച്ചു. പിന്നീട് കൊതിപ്പിക്കുന്ന മണമുള്ള തന്തൂരി- ചൈനീസ് കൗണ്ടറിൽ നിന്നും തന്തൂരി ചിക്കനും സിലോൺ പൊറോട്ടയും കഴിച്ചു. പല്ലിൻ്റെ ദയനീയ സ്ഥിതിയോർത്തു അന്നും ഇന്നും എൻ്റെ ഏറ്റവും പ്രിയപ്പെട്ട ഞണ്ടു വിഭവത്തെ കണ്ടിട്ടും മനസ്സില്ലാമനസ്സോടെ വേണ്ടെന്നു വച്ചു. അവിടെ നിന്നും ഇറങ്ങുമ്പോൾ ഇനിയൊന്നും വേണ്ടെന്ന തീരുമാനത്തെ വെല്ലുവിളിച്ചു കൊണ്ട് അതാ നിൽക്കുന്നു ഐസ്ക്രീം...എല്ലാവരും പ്രത്യേകിച്ച് മോന് വളരെ ഇഷ്ടമായ സാധനം കഴിക്കാതെ പോകുന്നതെങ്ങനെ...അങ്ങനെ അതും കഴിച്ചു നടന്നു നീങ്ങിയപ്പോഴാണ് ‘തന്തൂരി റ്റീ’ എന്ന ബോർഡ് കണ്ടത്. തീക്കനലിൽ ചുട്ടെടുത്ത മൺകപ്പിൽ ചായയൊഴിച്ചു തിളപ്പിക്കുന്ന കാഴ്ച വളരെ രസകരവും പുതിയൊരു അനുഭവവും കൂടെയായിരുന്നു .അതിൻ്റെ രുചിയും വ്യത്യസ്തമായിരുന്നു. എല്ലാം കൊണ്ടും ഞങ്ങളെല്ലാവരും വളരെയധികം ആസ്വദിച്ച ഒന്നായിരുന്നു ഈ ഭക്ഷ്യ മേള.

ഞങ്ങളുടെ വക വീട്ടിലെ പാചകവും ഈ അവധിക്കാലത്ത്‌ പൊടിപൊടിച്ചു..അമേരിക്കയിലെ ഞങ്ങൾ ഫ്രണ്ട്സിനിടയിൽ ഇടയ്ക്കിടെ ഉണ്ടാകാറുള്ള ‘ഗെറ്റ്-ടുഗെതർ’ അഥവാ ‘പോട്ട്ലക്ക്’ നു വേണ്ടി ഉണ്ടാക്കാറുള്ള ‘തലശ്ശേരി ദം ബിരിയാണി’ നാട്ടിലും പരീക്ഷിച്ചപ്പോൾ നല്ല അഭിപ്രായം ഏട്ടൻ്റെ അമ്മയടക്കമുള്ളവരിൽ നിന്നും കിട്ടി. പാചക വിദഗ്ദനായ ഏട്ടനാകട്ടെ ഒരു ദിവസം തൻ്റെ ഏറ്റവും ഇഷ്ട വിഭവമായ ‘ബീഫ് ഉലർത്തിയതുണ്ടാക്കി . താനും ഒട്ടും മോശമല്ല എന്നോണം അനിയത്തിയുണ്ടാക്കിയ ‘കോതമംഗലം സ്പെഷ്യൽ പോർക്ക് കറി’ യും അടുക്കളയിലെ തകർപ്പൻ പാചകത്തിന് മാറ്റു കൂട്ടി. കുടുംബാംഗങ്ങൾ എല്ലാവരുമൊത്തുചേർന്ന് ഭക്ഷണമുണ്ടാക്കി വിളമ്പി ഒരു മേശയ്ക്കു ചുറ്റും ഇരുന്ന് കഴിക്കുമ്പോഴുണ്ടാകുന്ന സുഖം ഒന്നു വേറെ തന്നെയാണ്. പിന്നീട് എല്ലാവരും ഓരോ വഴിക്കു പോകുമ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നത് ഇത്തരം കൂട്ടായ്മയുടെ ഓർമ്മകളാണ്.

അതിനിടയിൽ ഒരു ദിവസം വിസ സ്റ്റാമ്പിങ് കഴിഞ്ഞ പാസ്പോർട്ട്‌ വാങ്ങുവാൻ വേണ്ടി എറണാകുളം പോകേണ്ടി വന്നു . തിരിച്ചു വരുന്ന വഴി ആദ്യമായി ലുലു മാളിലും കയറി. ബാംഗ്ലൂരിലെ നിരവധി മാളുകളിൽ പോയിട്ടുണ്ടെങ്കിലും ലുലു ഗ്രൂപ്പിൻ്റെ ഇന്ത്യയിലെ തന്നെ ആദ്യ മാൾ സംരംഭമായ കൊച്ചി ലുലു മാൾ കാണുകയെന്നുളത് വളരെ നാളുത്തെ ആഗ്രഹമായിരുന്നു. കൊച്ചി നഗരത്തിൻ്റെ പ്രൗഢി വർധിപ്പിച്ച 6 നിലകളിലായുള്ള അതിവിശാലമായ മാൾ ചുറ്റിനടന്നു കണ്ടതിനു ശേഷം അവിടെയുള്ള പ്രശസ്തമായ പാരഗൺ റെസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ചു. അവിടെ നിന്നും കഴിച്ച ബിരിയാണി തലശ്ശേരി ബിരിയാണിയുടെ രുചിയെ ഓർമിപ്പിച്ചു. കൊച്ചി മെട്രോയിൽ കയറണമെന്നുണ്ടായിരുന്നെങ്കിലും സമയക്കുറവു കാരണം നടന്നില്ല.

ഒടുവിൽ ഏറെ നാൾ കാത്തിരുന്ന സ്വന്തം നാട്ടിലേയ്ക്കുള്ള യാത്രയുടെ ദിവസം വന്നെത്തി . ഏട്ടന് ബാംഗ്ലൂർ ഓഫീസിൽ പോകേണ്ടി വന്നതു കാരണം അച്ഛൻ വന്നാണ് എന്നെയും മോനെയും തലശ്ശേരിയിലേക്കു കൊണ്ടു പോയത് . രാവിലെ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിനിലാണ് ഞങ്ങൾ പോയത്. യാത്രാമദ്ധ്യേ റെയിൽവേ ട്രാക്കിൻ്റെ ഇരുവശങ്ങളിലുമുള്ള നാട്ടിൻപുറത്തെ വയലേലകളുടെ ഹരിതഭംഗിയും മേയാൻ വരുന്ന പശുക്കളുടെ അടുത്തിരുന്നു അവയോടു കുശലാന്വേഷണം നടത്തുന്ന കൊക്കുകളെയും പുഴകളെയും ഒക്കെ മോന് കാണിച്ചു കൊടുത്തു. വളരെക്കാലം കൂടി പോകുന്നതു കൊണ്ടാവാം എനിക്കും ആ ട്രെയിൻ യാത്ര വളരെ ഇഷ്ടമായി. സന്ധ്യയോടു കൂടി ഞങ്ങൾ മാഹിയിലെ വീട്ടിലെത്തി. സ്വന്തം വീട്ടിലെത്തുമ്പോൾ കല്യാണം കഴിഞ്ഞ ഏതൊരു പെൺകുട്ടിക്കും തോന്നുന്ന പറഞ്ഞറിയിക്കാനാവാത്തത്രയും ഇഷ്ടവും സന്തോഷവും എനിക്കും അനുഭവപ്പെട്ടു.

സമയക്കുറവു മൂലം എനിക്കനുവദിച്ചു കിട്ടിയ സ്വന്തം വീട്ടിലെ നാലു ദിനങ്ങൾ വളരെ പെട്ടന്ന് കടന്നു പോയി . വന്നതിനു പിറ്റേ ദിവസം തന്നെ ആദ്യമായി പോയത് ഞാൻ ജനിച്ചു വളർന്ന തറവാട്ടു വീട്ടിലേക്കായിരുന്നു. അവിടെ നിന്നും എൻ്റെ പ്രിയപ്പെട്ട എല്ലാ അയൽക്കാരെയും കാണാൻ പോയി. മുൻപ് എഴുതിയ കുറിപ്പിൽ പ്രതിപാദിച്ച സ്കൂൾ കാലത്തു മുടികെട്ടിത്തരാറുണ്ടായിരുന്ന സാവേച്ചിയേയും ധാരാളം നല്ല പുസ്തകങ്ങൾ തന്ന് കുട്ടിക്കാലത്തെ എന്നിലെ വായനക്കാരിയെ ആവോളം പ്രോത്സാഹിപ്പിച്ച കാഞ്ചനേച്ചിയെയും...അങ്ങനെ കുറേപ്പേരെ കാണുവാൻ കഴിഞ്ഞു. സമയക്കുറവു കാരണം മറ്റു പലരെയും കാണാൻ കഴിഞ്ഞില്ല. ഏറ്റവും ദുഃഖം തോന്നിയത് അമ്മയുടെ അനിയത്തിയുടെ മകളുടെ പ്രസവാനന്തരം എൻ്റെ എല്ലാമെല്ലാമായ കൂലോത്ത് ക്ഷേത്രത്തിൽ പോയി ഭഗവതിയമ്മയെ തൊഴാൻ കഴിയാതിരുന്നതാണ്. അടുത്ത രണ്ടാഴ്ച കൂടെ കഴിഞ്ഞാൽ ഭഗവതിക്കാവിൽ തിറയാണ് ...ഇത്തവണയും അതിനു കൂടാൻ കഴിയാത്തതോർത്തപ്പോൾ കയ്യെത്തും ദൂരത്തു നിന്ന് വിലപ്പെട്ടതെന്തോ നഷ്ടപ്പെട്ടതു പോലുള്ള വേദനയായിരുന്നു മനസ്സിൽ . എല്ലാം അറിയുന്ന അമ്മ മനസ്സിൽ പ്രാർത്ഥിച്ചാലും വിളികേൾക്കുമെന്ന വിശ്വാസത്തോടെ ദൂരെ നിന്നും ക്ഷേത്രം കണ്ടു ഞാൻ മടങ്ങി. ബാക്കിയുള്ള ദിവസങ്ങളിൽ അമ്മയോടൊപ്പം കുറച്ചു ഷോപ്പിംഗ് ഒക്കെ നടത്തി.മൂത്തഛന്റെയും പ്രസവിച്ചുകിടക്കുന്ന കസിൻ്റെയും വീടുകളിൽ പോയി. അങ്ങനെ ദിവസങ്ങൾ വളരെ പെട്ടന്ന് കടന്നു പോയി.

ശനിയാഴ്ച രാവിലെ ഏട്ടൻ ബാംഗ്ലൂരിൽ നിന്നും ഞങ്ങളുടെ വീട്ടിലേക്കു വന്നു. അന്ന് ഉച്ചയ്ക്ക് മാഹി കോളേജിൽ ഡിഗ്രിക്കു കൂടെ പഠിച്ചിരുന്ന പ്രിയകൂട്ടുകാരി അഖില എന്നെ കാണാൻ വന്നു. ഒത്തിരി വർഷങ്ങൾക്കിപ്പുറത്തെ ആ കൂടിക്കാഴ്ചയിൽ പറയാൻ ഏറെ ഉണ്ടായിരുന്നു. ഒടുവിൽ ഉച്ച ഭക്ഷണമൊക്കെ കഴിഞ്ഞു വൈകുന്നേരമായപ്പോഴേക്കും അവൾക്കു പോകേണ്ടി വന്നു. നല്ല സൗഹൃദങ്ങൾ എന്നും ജീവിതത്തിൽ ഒരു മുതൽക്കൂട്ടാണ്. വേറൊരു കൂട്ടുകാരി വരാമെന്നു പറഞ്ഞെങ്കിലും അസുഖം കാരണം വരാൻ പറ്റിയില്ല. സുഖമില്ലാതെ കിടക്കുന്ന അമ്മമ്മയോടും വീട്ടിലെല്ലാവരോടും മനസില്ലാ മനസ്സോടെ യാത്ര പറഞ്ഞു ഞായറാഴ്ച രാവിലത്തെ ട്രെയിനിൽ ഞങ്ങൾ തിരിച്ചു കോട്ടയത്തേക്കു പോയി

തൊട്ടടുത്ത ദിവസം നവവധുവിൻ്റെ വീട്ടിൽ നിന്നും അച്ഛനും അമ്മയും ‘വീടു കാണൽ’ ചടങ്ങിന് വന്നു. തെക്കൻ കേരളത്തിലെ ഒട്ടു മിക്ക സ്ഥലങ്ങളിലെയും ചടങ്ങാണ് കല്യാണം കഴിഞ്ഞാൽ പെണ്ണിൻ്റെ വീട്ടിൽനിന്നും കാഴ്ച സാധനങ്ങളുമായിട്ടുള്ള വരവ്. ഒരു വലിയ അലമാര കൂടാതെ കിണ്ടി, വിളക്ക് , താലം ,പലഹാരങ്ങൾ ഒക്കെയായിട്ടായിരുന്നു അവർ വന്നത്. അന്നത്തെ ഉച്ചഭക്ഷണത്തിൻ്റെ ഉത്തവാദിത്തം മൂത്ത മരുമകൾ എന്ന നിലയിൽ ഞാൻ നിർവഹിച്ചു. ഫ്രൈഡ് റൈസ് , ചിക്കൻ കറി, വെജ് കുറുമ , പുതിന ചട്ടിണി,സാലഡ് ഇത്രയുമായിരുന്നു വിഭവങ്ങൾ. അങ്ങനെ ആ ചടങ്ങും ഭംഗിയായി കഴിഞ്ഞു.

അടുത്ത ദിവസം ഞാൻ മോനെയും കൂട്ടി കോട്ടയം മണർകാട് പള്ളിയിൽ പോയി. എൻ്റെ ആത്മ സുഹൃത്തായ റിയയെ കാണാനും മാതാവിൻ്റെ മുന്നിൽ മെഴുകുതിരി കത്തിക്കാനും കൂടെയായിരുന്നു അവിടെ പോയത്.അവളുടെ വീട് പള്ളിയുടെ അടുത്തായിരുന്നു . എല്ലാ ദൈവങ്ങളിലും കുടികൊള്ളുന്നത് ഒരേ ചൈതന്യമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അതിനാൽത്തന്നെ പഠിക്കുന്ന സമയത്തും റിയയോടൊപ്പം ക്രിസ്ത്യൻ പള്ളയിൽ പോകാറുണ്ടായിരുന്നു. അവൾ എന്നോടൊപ്പം അമ്പലങ്ങളിലും വരാറുണ്ട്. അവിടെയിരുന്നു ഞങ്ങൾ ഒരുമിച്ചു മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ചു...വിശേഷങ്ങൾ പങ്കു വച്ചു..തിരിച്ചു വരുമ്പോൾ സമയം പെട്ടന്ന് തീർന്നതിൻ്റെ വിഷമം രണ്ടു പേരുടെയും മുഖത്തുണ്ടായിരുന്നു. പരിമിതമായ ഞങ്ങളുടെ നാട്ടിലെ അവധിക്കാലം തീരാൻ രണ്ടു ദിവസം കൂടെ ബാക്കി നിൽക്കേ ഞാൻ പല്ലുഡോക്ടറുടെ അടുത്ത് പോയി കേടായ പല്ലിനു റൂട്ട്കനാൽ ചെയ്തു താൽക്കാലിക ഫില്ലിംഗ് നടത്തി. ക്യാപ് ഇടാൻ സമയം ഇല്ലായിരുന്നു. ഇനി വരുമ്പോൾ പല്ലു ബാക്കിയുണ്ടേൽ ക്യാപ് ഇടാമെന്നു പറഞ്ഞു ആ ഡോക്ടർ. ജീവിതത്തിലാദ്യമായി ഒട്ടും വേദനപ്പിക്കാതെ റൂട്ട് കനാൽ ചെയ്തു തന്നതിന് ആ ഡോകറ്ററിനു നന്ദി പറഞ്ഞുകൊണ്ട് അവിടെനിന്നും മടങ്ങി. പോകുന്നതിൻ്റെ തലേ ദിവസം അണ്ണനും കുടുംബവും ചേട്ടായിയും മോളുമൊക്കെ വീട്ടിൽ വന്നിരുന്നു . അവരെല്ലാം യാത്ര പറഞ്ഞിറങ്ങിയപ്പോൾ ഞങ്ങളെപ്പോലെ തന്നെ മോനും ഭയങ്കര സങ്കടമുള്ളതായി തോന്നി .

ഒടുവിൽ തിരിച്ചു പോകാനുള്ള ദിനമെത്തി..ഫെബ്രുവരി എട്ടാം തീയതി വെള്ളിയാഴ്ച രാത്രി പത്തരയ്ക്ക് ഇന്നോവയിൽ അച്ഛനും അനുജനുമൊപ്പം കൊച്ചി എയർപോർട്ടിലേക്കു പോയി. ഒൻപതിന് പുലർച്ചെയായിരുന്നു ഫ്ലൈറ്റ്. മനസ്സിൽ ആ മുപ്പത് ദിവസങ്ങൾ പെട്ടന്ന് കൊഴിഞ്ഞുതീർന്നതിൻ്റെ നൊമ്പരവുമായി വീട്ടിൽ നിന്നും പടിയിറങ്ങുമ്പോൾ പെയ്തിറങ്ങിയ അമ്മയുടെ സങ്കടക്കടലിനു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ ഞങ്ങൾ വണ്ടിയിലേക്കു കയറി. പ്രിയപ്പെട്ടവരോട് അടുത്ത അവധിക്കാലത്തു കാണാമെന്നു പറഞ്ഞു കൊണ്ട്  ഒരുപിടി നല്ല ഓർമകളുമായി ഞങ്ങൾ വീണ്ടും അമേരിക്കയിലേക്ക്...

Wednesday, March 6, 2019

അങ്ങനെ ഒരവധിക്കാലം

ഈ കുറിപ്പിലൂടെ അടുത്തിടെ ഞാൻ നാട്ടിൽ പോയപ്പോഴുണ്ടായ അനുഭവങ്ങളും വിശേഷങ്ങളുമാണ് പങ്കു വയ്ക്കുന്നത്.

ജീവിതമെന്നത് ഒരു നീണ്ട യാത്രയാണ്. ജനനം മുതൽ മരണം വരെയുള്ള ഈ യാത്രയിൽ ഇടവേളകൾ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നും ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ നിന്നും അല്ലെങ്കിൽ ചുറ്റുപാടിൽ നിന്നും ഒരു മാറ്റം...മാനസിക പിരിമുറുക്കങ്ങളിൽ നിന്നും ആവർത്തന വിരസതയിൽ നിന്നും മോചനം നേടാൻ അത് നമ്മെ സഹായിക്കും. അങ്ങനെയൊരു ഇടവേള ഞങ്ങളുടെ മൂന്നു വർഷത്തെ പ്രവാസ ജീവിതത്തിലുണ്ടായത് ഈ പുതുവർഷപ്പിറവിയിലാണ്. വളരെ നാളത്തെ കാത്തിരിപ്പിനു ശേഷം ഭർത്താവിൻ്റെ [ഏട്ടൻ] അനുജൻ്റെ കല്യാണവും ഞങ്ങളുടെ നാട്ടിൽ പോകാനുള്ള വിസ സംബന്ധമായ കാര്യങ്ങളും ലീവും ശരിയായതും ജനുവരിയിലായിരുന്നു. അങ്ങനെ ഏറെ നാളുകൾക്കു ശേഷം ജനിച്ചു വളർന്ന നാട്ടിൽ പോയി വന്നപ്പോൾ ആ അവധിക്കാലത്തെ അനുഭവങ്ങളെക്കുറിച്ചു എഴുതണമെന്നു തോന്നി. കണ്ണുള്ളപ്പോൾ കണ്ണിൻ്റെ വിലയറിയില്ലെന്നു പറഞ്ഞതു പോലെ നമ്മുടെ നാടിൻ്റെയും മാതാപിതാക്കളുടെയുമൊക്കെ വിലയറിയണമെങ്കിൽ അവരിൽ നിന്നും കുറച്ചു നാൾ അകന്നു നിൽക്കണം. എത്രയൊക്കെ മെച്ചപ്പെട്ട ജീവിത നിലവാരങ്ങൾ അമേരിക്കയിൽ ഉണ്ടെന്നു പറഞ്ഞാലും പിറന്ന നാടിനെ സ്നേഹിക്കുന്ന ഏതൊരാളെയും പോലെ നാട്ടിലെത്താനുള്ള വെമ്പലിലായിരുന്നു മനസ്സ് എന്നും.

പല കാരണങ്ങൾ കൊണ്ടും ചില കാര്യങ്ങൾ മനുഷ്യൻ വിചാരിക്കുന്ന സമയത്ത് നടന്നെന്നു വരില്ല. അപ്പോൾ എന്നെപ്പോലെയുള്ള ദൈവ വിശ്വാസികൾ പറയുന്ന അല്ലെങ്കിൽ വിശ്വസിക്കുന്ന ഒരു കാര്യമാണ് “സമയമാകുമ്പോൾ എല്ലാം ശെരിയാകും “ എന്നുള്ളത്. അതായത്‌ നമ്മുടെ എല്ലാ കാര്യങ്ങളും ദൈവത്തിൻ്റെ കരങ്ങളാൽ മുൻകൂട്ടി എഴുതപ്പെട്ടതാണെന്ന വിശ്വാസം...പ്രത്യേകിച്ചും കല്യാണം,ജോലി, സന്താനങ്ങളുണ്ടാകൽ തുടങ്ങിയ കാര്യങ്ങളിൽ. അനിയൻ്റെ കല്യാണക്കാര്യവും ആ വിശ്വാസത്തിലൂന്നിയാണ് ഇത്രയും നാൾ മുന്നോട്ടു പോയത് . എന്തു കാര്യവും തുറന്നു പറയാവുന്ന, എന്നെ എന്നും പിന്തുണച്ചിട്ടുള്ള അവൻ എനിക്ക് സ്വന്തം കൂടപ്പിറപ്പിനെപ്പോലെയാണ്. അതിനാൽ തന്നെ അവനു വേണ്ടി കുറേക്കാലമായുള്ള മാട്രിമോണി തിരച്ചലിനൊടുവിൽ ഇഷ്ട്ടപ്പെട്ട പെൺകുട്ടിയെ കണ്ടെത്തിയപ്പോൾ നല്ലൊരു അനുജത്തിയെയും കിട്ടിയതിലുള്ള ഇരട്ടി സന്തോഷത്തിലായിരുന്നു ഞാൻ. ജീവിതത്തിൽ ഉണ്ടായിട്ടുള്ള ചില ദുഃഖങ്ങൾ മറക്കാനും പ്രിയപ്പെട്ടവരെ കാണാനും ഒക്കെയുള്ള അവസരം കൂടിയായിരുന്നു ഈ കല്യാണം കൂടൽ.

ജനുവരി 20 ന് ആയിരുന്നു കല്യാണം. ഞങ്ങളുടെ യാത്രയുടെ സൗകര്യം കൂടെ കണക്കിലെടുത്താണ് തീയ്യതി നിശ്ചയിച്ചത്. അങ്ങനെ പുതുവർഷത്തിൽ ജനുവരി പത്താം തീയ്യതി ഞങ്ങൾ Seattle-Tacoma ഇൻർനാഷണൽ എയർപോർട്ടിൽ നിന്നും എമിറേറ്റ്‌സ് വിമാനത്തിൽ നാട്ടിലേക്കു യാത്ര തിരിച്ചു. പതിനാലര മണിക്കൂർ യാത്ര കഴിഞ്ഞു ദുബായിൽ ഇറങ്ങി വീണ്ടും എമിറേറ്റ്‌സിൻ്റെ കണക്ഷൻ ഫ്ലൈറ്റിൽ കയറി കൊച്ചിയിൽ എത്തിയപ്പോൾ 12 നു  പുലർച്ചെ 3.10 am ആയി.

ആദ്യം കണ്ടതിനേക്കാൾ ഒരുപാട് മാറിയിരിക്കുന്നു കൊച്ചി അന്താരാഷ്ട്ര വിമാത്താവളം...നമ്മുടെ നാടിൻ്റെ പാരമ്പര്യത്തനിമ വിളിച്ചോതുന്ന ആനകളുടെയും കഥകളിയുടെയും മറ്റും സ്ടൂപങ്ങളും ചിത്രങ്ങളും കൊണ്ടലങ്കരിച്ച മനോഹരമായ അകത്തളങ്ങളോടു കൂടിയ ടെർമിനലുകൾ, പ്രാർത്ഥനാ ഹാൾ, VIP കൾക്കുള്ള പ്രത്യേക വിശ്രമ മുറി, അതിവിശാലമായ പാർക്കിംഗ് ഗ്രൗണ്ട്, ലോകത്തിലെ തന്നെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വിമാനത്താവളം ഇങ്ങനെ നീളുന്നു നമുക്ക് അഭിമാനിക്കാവുന്ന കൊച്ചി വിമാത്താവളത്തിൻ്റെ പ്രത്യേകതകൾ…

അവിടെ നിന്നും പകർത്തിയ കുറച്ചു ചിത്രങ്ങൾ താഴെ കൊടുക്കുന്നു






ഞങ്ങളെ കൂട്ടിക്കൊണ്ടു പോകാൻ ഏട്ടൻ്റെ അച്ഛനും അനുജനും കാറുമായി വന്നിട്ടുണ്ടായിരുന്നു. അവരോടൊപ്പം നാടിൻ്റെ ഗന്ധം ശ്വസിച്ചു കൊണ്ട് കോട്ടയം ഏറ്റുമാനൂർ വീട്ടിലേക്ക്….വീട്ടിലെത്തി കുളിയൊക്കെ കഴിഞ്ഞു അമ്മയുണ്ടാക്കിയ സ്വാദിഷ്ടമായ ഇഡ്‌ഡലിയും ചമ്മന്തിയും കഴിച്ചു അന്ന് പകൽ മുഴുവൻ യാത്രാക്ഷീണം തീർക്കാൻ ഉറങ്ങി. ഡ്രസ്സ് എടുക്കലും ബന്ധു സമാഗവുമൊക്കെയായി ആദ്യ രണ്ടു ദിനങ്ങൾ വളരെ പെട്ടന്ന് കടന്നു പോയി.

തിങ്കളാഴ്ച രാവിലെ തന്നെ ഞങ്ങൾ ഏറ്റുമാനൂരപ്പനെയും വൈക്കത്തപ്പനെയും തൊഴാൻ പോയി.ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ രൗദ്ര ഭാവത്തിലുള്ള പരമശിവനാണ് മുഖ്യ പ്രതിഷ്ഠ . ആദ്യം അവിടെ തൊഴുതതിനു ശേഷം വൈക്കം മഹാദേവ ക്ഷേത്രത്തിലേക്കു പോയി. അവിടെ ശ്രീപാർവതിയോടൊപ്പമാണ് ശ്രീപരമേശ്വര പ്രതിഷ്ഠ. ശ്രീകോവിലിൻ്റെ മുന്നിലായുള്ള നമസ്കാര മണ്ഡപത്തിൻ്റെ പടിഞ്ഞാറേ അറ്റത്ത് ഒരു വലിയ നന്ദി [ശിവൻ്റെ വാഹനമായ കാള] പ്രതിമയുണ്ട്. കൂടാതെ നാലമ്പലത്തിനു പുറത്തെ ഓരോ മൂലകളിലും നന്ദി പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്. നമ്മുടെ ആഗ്രഹങ്ങളും സങ്കടങ്ങളും നന്ദിയുടെ ചെവിയിൽ പറഞ്ഞാൽ അവ നന്ദി ഭഗവാൻ്റെയടുത്തു ബോധിപ്പിക്കുമെന്നാണ് വിശ്വാസം. മുൻപൊരിക്കൽ അവിടെ തൊഴാൻ പോയപ്പോൾ ഇത് എനിക്ക് ആദ്യമായി പറഞ്ഞു തന്ന അനുചേച്ചിയും [ ഏട്ടൻ്റെ കസിൻ] അന്ന് എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും കുട്ടിയുണ്ടായാൽ കൊണ്ട് വന്ന് തൊഴീക്കാമെന്നു നേരുകയും ചെയ്തു. ആ നേർച്ചയുടെ ഭാഗമായിട്ടു കൂടിയാണ് മോനെയും കൊണ്ടുള്ള ഇന്നത്തെ ക്ഷേത്ര ദർശനം. കോട്ടയം ജില്ലയിലെ ഈ രണ്ടു ക്ഷേത്രങ്ങൾ കൂടാതെ മൂന്നാമതായി കടുത്തുരുത്തി തളിയിൽ മഹാദേവക്ഷേത്രവും കൂടെ ഒരേ ദിവസം ഉച്ചയ്ക്കു മുൻപ് സന്ദർശിച്ചാൽ കൈലാസദർശന തുല്യമായ ഫലം കിട്ടുമെന്നാണ് പറയപ്പെടുന്നത്. പരശുരാമൻ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളിൽപ്പെട്ടതാണ് ഇവയെന്നാണ് ഐതിഹ്യം.സമയക്കുറവു കാരണം കടുത്തുരുത്തിയിൽ പോകാൻ പറ്റിയില്ല. മൂന്നു ക്ഷേത്രങ്ങളിലും ഒരുമിച്ചുപോയി തൊഴണമെന്ന ആഗ്രഹം മനസ്സിൽ ബാക്കിയാക്കി ഞാൻ വീട്ടിലേക്കു മടങ്ങി.

ഏറ്റുമാനൂർ അമ്പലത്തിൽ നിന്നുള്ള ചിത്രങ്ങൾ




അണ്ണൻ്റെ [അമ്മാവൻ്റെ മകൻ] മക്കളും ചേട്ടായിയുടെ [അച്ഛൻ്റെ അനുജൻ്റെ മകൻ] മകളുമൊക്കെയായി അദ്ദുമോൻ [അദ്വൈത് എന്നാണ് മകൻ്റെ ശരിയായ പേര്] പെട്ടന്നു കൂട്ടായി. അവൻ്റെ യാത്രാക്ഷീണവും ഉറക്ക സമയവുമൊക്കെ മാറിവരുന്നതിനിടയിൽ വീണ്ടും ഒരു യാത്ര...വിസ സ്റ്റാമ്പിങ്ങിനു വേണ്ടി ചെന്നൈയിലേക്കായിരുന്നു അത്. ഞങ്ങൾക്കു കിട്ടിയ ഇന്റർവ്യൂ തീയ്യതികൾ 17 th & 18th ആയിരുന്നു . അങ്ങനെ കല്യാണത്തിരക്കിനിടയിൽ 16 ന് ഉച്ചയ്ക്കുള്ള ഫ്ലൈറ്റിൽ ചെന്നൈയിൽ പോയി . കൊച്ചി എയർപോർട്ടിൽ നിന്നും ഫ്ലൈറ്റിനടുത്തേക്കുള്ള പിക്ക്അപ്പ് ബസ്സിൽ കയറിയപ്പോൾ തിരക്കു കാരണം നിൽക്കേണ്ടി വന്നു.അപ്പോൾ തൊട്ടടുത്ത് ആർക്കും മുഖം കൊടുക്കാതെ ഒറ്റയ്ക്ക് നിൽക്കുന്ന സുന്ദരിയായ സ്ത്രീയെ നോക്കി ഏട്ടൻ എന്നോട് ചോദിച്ചു ‘ഇവരെ അറിയുമോ’ എന്ന് . ഒന്ന് നോക്കിയപ്പോഴേ മനസ്സിൽ ഓടിയെത്തിയത് നരസിംഹത്തിലെ ലാലേട്ടൻ്റെ നായികയുടെ രൂപമാണ്. മനസ്സിൽ അപ്പോൾ ഇന്റർവ്യൂവിനെക്കുറിച്ചുള്ള ചിന്തയായിരുന്നതിനാൽ അവരുടെ പേരൊന്നും ഓർത്തെടുക്കാൻ പറ്റിയില്ല . അറിയില്ലെന്ന് പറയാനാണ് എനിക്കപ്പോൾ തോന്നിയത് . ഐശ്വര്യയെന്ന പ്രശസ്ത സിനിമാ നടിയുടെ കൂടെ ഒരു സെൽഫി എടുക്കാമായിരുന്നു എന്ന് പിന്നീട് തോന്നി.

ചെന്നൈ എയർപോർട്ടിലെത്തി അവിടെ നിന്നും ടാക്സി പിടിച്ചു ആദ്യമേ ബുക്ക് ചെയ്ത ഹോട്ടൽ മുറിയിലേക്കു യാത്രയായി. ഏതാണ്ട് മുക്കാൽ മണിക്കൂറോളം ദൂരമുണ്ടായിരുന്നു ഹോട്ടലിലേക്ക്. പുറം കാഴ്ചകളിൽ തമിഴ്‌നാടിൻ്റെ തലസ്ഥാനമായ ചെന്നൈ നഗരത്തിന് മുൻപ് വന്നതിൽ നിന്നും വലിയ മാറ്റങ്ങളൊന്നും കാണാൻ കഴിഞ്ഞില്ല. മുറിയിലെത്തി ഉച്ച ഭക്ഷണം കഴിച്ചതിനു ശേഷം കുറച്ചു ഡോക്യൂമെന്റുകളുടെ printouts എടുക്കാമെന്നു കരുതി അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് 14th നു പൊങ്കലിൻ്റെ ഭാഗമായുള്ള നാലു ദിവസം നീളുന്ന അവധിയിലാണ് ഒട്ടുമിക്ക കടകളും. പിറ്റേ ദിവസം വിസ ഇന്റർവ്യൂവിൻ്റെ ഭാഗമായുള്ള biometric [ഫോട്ടോ എടുക്കൽ, കൈവിരൽപ്പാട് ശേഖരണം എന്നിവ] കഴിഞ്ഞു ഞങ്ങൾ പുറത്തു പോയി അത്യാവശ്യമുള്ള പേപ്പേഴ്‌സ് ഒക്കെ ശെരിയാക്കി. ദൈവാനുഗ്രഹം കൊണ്ട് അടുത്ത ദിവസമായ 18th നു രാവിലെ വിസാ ഇന്റർവ്യൂ ഭംഗിയായി കഴിഞ്ഞു. കുട്ടികളുമായി വരുന്നവരെ വേഗം തന്നെ പരിഗണിക്കുന്നത് കൊണ്ട് ഞങ്ങൾക്ക് ക്യൂവിൽ അധികം നിൽക്കേണ്ടി വന്നില്ല. വിസ അപ്പ്രൂവ്ഡ് ആണെന്ന് പറഞ്ഞപ്പോഴാണ് ആശ്വാസമായത് . ആദ്യമായി സ്റ്റാമ്പിങ്ങിനു വന്നപ്പോൾ ഓഫീസിൽ നിന്നും കിട്ടിയ പ്രോജെക്റ്റിൻ്റെ രേഖകൾ പോരെന്നും പറഞ്ഞു ”on hold” സ്റ്റാറ്റസ് ആയിരുന്നത് ഒരു നിമിഷം ഓർത്തു പോയി.

അന്ന് വൈകുന്നേരമായിരുന്നു തിരിച്ചു കൊച്ചിയിലേക്കുള്ള ഫ്ലൈറ്റ് . ഇന്റർവ്യൂ കഴിഞ്ഞു മുറിയിൽ എത്തി എല്ലാം പായ്ക്ക് ചെയ്തു വച്ചു .12 മണിക്ക് റൂം ഒഴിഞ്ഞു കൊടുക്കണം . അതിനു മുൻപായി ഞങ്ങൾ കസിന്റെ കുഞ്ഞുവാവയ്ക്ക് ഒരു മോതിരം വാങ്ങിക്കാനായി ഗൂഗിളിനോട് അടുത്തുള്ള സ്വർണ്ണക്കട ചോദിച്ചപ്പോൾ കിട്ടിയത് ‘Spencer plaza’ യാണ്.ചെന്നൈ നഗരത്തിലെ മർമ്മ പ്രധാനമായ ഏതാണ്ട് 400 വർഷത്തിലേറെ പഴക്കം ചെന്ന അണ്ണാ സാലൈ റോഡിനോട് ചേർന്നാണ് സ്‌പെൻസർ പ്ലാസ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 1863–1864 കാലഘട്ടത്തിൽ ബ്രിട്ടീഷുകാരാൽ പണിത ഈ മാൾ ഇന്ത്യയിലെ തന്നെ ഏറ്റവും ആദ്യത്തെ ഷോപ്പിങ് മാൾ ആണ്. പിന്നീട് 1991 ൽ ഇത് പുതുക്കി പണിയുകയും ഷോപ്പിങ്ങിനായി തുറന്ന് കൊടുക്കുകയും ചെയ്തു. ആ കാലയളവിൽ ഏകദേശം എഴുന്നൂറോളം കടകൾ ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത് .ബാംഗ്ലൂർ മാളുകളുടെ എടുപ്പും തിരക്കും പ്രതീക്ഷിച്ചു അവിടെയെത്തിയ ഞങ്ങൾക്ക്  കാണാൻ കഴിഞ്ഞത്  പ്രൗഢിയൊക്കെ നശിച്ച ,തിരക്കൊഴിഞ്ഞ ഒരു പഴയ  കെട്ടിടമാണ്. അവിടെയുള്ള ഒരു സ്വർണ്ണ കടയിൽ നിന്നും മോതിരവും വാങ്ങി ഞങ്ങൾ ഹോട്ടലിലെത്തി മുറി ഒഴിഞ്ഞു കൊടുത്തു. അവിടെ നിന്നും ടാക്സിയിൽ കസിൻ്റെ വീട്ടിലേക്കു പോയി. ഏകദേശം മുക്കാൽമണിക്കൂറോളം ദൂരമുണ്ടായിരുന്നു അവരുടെ ഫ്ലാറ്റിലേക്ക്. അവിടെയെത്തി ഭക്ഷണമൊക്കെ കഴിച്ചു അവളുടെ കല്യാണത്തിനു പങ്കെടുക്കാൻ കഴിയാതിരുന്ന പരിഭവങ്ങളൊക്കെ പറഞ്ഞു തീർത്ത്, വാവയുടെയും കുടുംബത്തിൻ്റെയും ഒപ്പം കുറച്ചു സമയം ചിലവിട്ടതിനു ശേഷം വൈകിട്ടോടു കൂടി അവരുടെ കാറിൽ ഞങ്ങളെ ചെന്നൈ എയർപോർട്ടിൽ എത്തിച്ചു. അവിടെ നിന്നും തിരിച്ചു ഫ്ലൈറ്റിൽ നാട്ടിലേക്ക്….ഒടുവിൽ രാത്രി 10 മണിയോട് കൂടി വീട്ടിലെത്തി.

കല്യാണ വിശേഷങ്ങളെപ്പറ്റിയും തലശ്ശേരി യാത്രയെക്കുറിച്ചും ഇനിയും ഒരുപാട് എഴുതാനുണ്ട്. അത് അടുത്ത ബ്ലോഗിൽ തുടരും….

Popular Posts

Total Pageviews