നാലുമണിക്കാറ്റ്

നാലുമണിക്കാറ്റ് കുറെ ഓർമ്മക്കുറിപ്പുകളാണ്. ജീവിത യാത്രയെ തൊട്ടും തലോടിയും ചിലപ്പോളൊക്കെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മറ്റു ചിലപ്പോൾ ഒട്ടൊന്നു വിഷമിപ്പിച്ചും കടന്നു പോകുന്ന കുളിർ കാറ്റ്... എല്ലാവര്ക്കും ഉണ്ടാകും ഇത് പോലെ ഉള്ള അനുഭവങ്ങളും കഥകളും. വായനക്കാരെ മടുപ്പിക്കാതെ രസകരമായി എന്റെ ചില കുറിപ്പുകൾ വരച്ചിടാൻ ശ്രമിക്കുകയാണ് ഈ ബ്ലോഗിലൂടെ...

Thursday, October 25, 2018

വരിക്ക പ്ലാവ് അഥവാ കുട്ടി ബസ്സ്



“ കൈയെത്തും ദൂരെ ഒരു കുട്ടിക്കാലം,മഴവെള്ളം പോലെ ഒരു കുട്ടിക്കാലം “

കൈതപ്രത്തിന്റെ മനോഹരമായ വരികൾ ...ഓർക്കുന്തോറും മധുരമേറിടുന്ന ബാല്യകാല സ്മരണകൾ… അത് പോലൊരു മധുരമായ ഓർമയാണ് ഞങ്ങളുടെ വീടിന്റെ തൊട്ടടുത്ത പറമ്പിലെ വരിക്കപ്ലാവിനെക്കുറിച്ചുള്ളത്. കേരളത്തിന്റെ ഔദ്യോഗിക
ഫലമായി ചക്കയെ പ്രഖ്യാപിക്കുന്നതിനും എത്രയോ മുൻപ് ഞങ്ങൾ കുട്ടികളുടെ ഹീറോ ആയ ഒരു പ്ലാവ്.


ഞാൻ ഏകദേശം നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഈ പ്ലാവുമായുള്ള ആത്മബന്ധം തുടങ്ങുന്നത് . ധാരാളം ചക്ക കിട്ടുമെന്നതിലുപരി അതിനെ ഞങ്ങൾ കണ്ടിരുന്നത് കുട്ടിബസ്സ് ആയിട്ടാണ്.സാധാരണ പ്ലാവിന്റെ രൂപഘടന ആയിരുന്നില്ല ഇതിന് . ഭൂമിയിൽ നിന്നും നാമ്പിട്ട ഭാഗം മുതൽ വല്യ ഉയരത്തിൽ പോകാൻ മെനക്കെടാതെ ഏതാണ്ട് ഒരു “L” ആകൃതിയിൽ തുടങ്ങി ഒരു ഭാഗം താഴ്ന്നും മറുഭാഗം ബാക്കി ശാഖകളുമായിട്ടായിരുന്നു അതിന്റെ നിൽപ്.

അതുകൊണ്ടു തന്നെ അതിൽ താഴ്ന്നിരിക്കുന്ന ഭാഗത്തു ഞങ്ങൾക്ക് എളുപ്പത്തിൽ ചവിട്ടി കയറാനും അതിൽ ഇരിക്കാനും പറ്റുമായിരുന്നു. ഞങ്ങൾ 4 പേർ ചേർന്നു അതിന്റെ മുകളിൽ കയറിയിരുന്നു ഭാവനാപരമായി ബസ്സ് ഓടിക്കുന്നതാണ് ഇതിവൃത്തം. ഏറ്റവും തലപ്പത്തു ഇരിക്കുന്ന ആളാണ് ഡ്രൈവർ. പഴുത്ത പ്ലാവില ഈർക്കിൽ കൊണ്ട് കോർത്തിണക്കിയ തൊപ്പിയായിരുന്നു ഡ്രൈവറുടെ സവിശേഷത.ഡ്രൈവർ ആകാനുള്ള ഊഴം എല്ലാവര്ക്കും കിട്ടിയിരുന്നു.ബസിന്റെ ഒച്ചയുണ്ടാക്കി അത് ശെരിക്കും ഓടിക്കുന്ന്ന ഭാവേന ഉള്ള ആ ഇരിപ്പു ഓർക്കുമ്പോൾ ഇന്നും മുഖത്തു ഒരു ചിരി പടരും.ഇന്നത്തെ പോലെ കളിയിൽ എന്നും താനായിരിക്കണം മുൻപിൽ എന്ന മനോഭാവം തീരെ ഇല്ലാത്ത നല്ല കൂട്ടുകെട്ടിന്റെ ഉദാഹരണം കൂടിയായിരുന്നു ഈ പ്ലാവിൽ കയറിയുള്ള കളി . ഒഴിവു കിട്ടുമ്പോഴൊക്കെ ഞങ്ങൾ ഈ ബസിൽ ഒത്തു കൂടുമായിരുന്നു. ഒപ്പം സ്കൂൾ വിശേഷങ്ങളുടെ ചർച്ചകളും ഇവിടെ വച്ചായിരുന്നു നടത്താറ്.


അങ്ങനെയിരിക്കെ ഒരു ദിവസം ഞെട്ടിക്കുന്ന ആ വാർത്ത കേട്ടു ..ആ പ്ലാവിരിക്കുന്ന പറമ്പിന്റെ ഉടമസ്ഥൻ ആ സ്ഥലം വിൽക്കാൻ പോകുവാണെന്ന് .കേട്ടപാടെ യോഗം കൂടിയിരുന്നു 4 പേരും തലപുകഞ്ഞാലോചിച്ചു... ഇനി ആ സ്ഥലം വാങ്ങുന്ന ആൾ ആ പ്ലാവും ബാക്കി മരങ്ങളും വെട്ടി വീട് വച്ചാലോ .ഇനിയിപ്പോ എന്താ ഒരു വഴി..പെട്ടന്ന് മനസ്സിൽ തെളിഞ്ഞത് പ്രാർത്ഥിച്ചു കാര്യം നേടാനാണ്.ഞങ്ങൾ കുട്ടികൾക്ക് അല്ലാതെ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലല്ലോ. എല്ലാവരും ചേർന്ന് തൊട്ടടുത്ത ഞങ്ങളുടെ ഭഗവതി ക്ഷേത്രത്തിൽ പോയി ഉള്ളുരുകി പ്രാർത്ഥിച്ചു ആ വില്പന നടക്കരുതെന്നും ആ പ്ലാവ് എന്നും അത് പോലെ ഉണ്ടാവണേയെന്നും .ഉഗ്രരൂപിണിയായതു കൊണ്ടും ഞങ്ങളുടെ പ്രാർത്ഥന ദേവി പൂർണമായും ഉൾക്കൊണ്ടത് കൊണ്ടും എന്തോ ആ വില്പന നടന്നില്ല. പിന്നെയും കുറേക്കാലം ഞങ്ങളുടെ സ്വന്തം ബസ്സ് നിർത്താതെ ഓടി. കാലത്തിന്റെ കുത്തൊഴുക്കിൽ എല്ലാവരും ഓരോ വഴിക്കു പിരിഞ്ഞെങ്കിലും ഇടയ്ക്കു കണ്ടുമുട്ടുമ്പോൾ പറഞ്ഞു രസിക്കാൻ അന്നും ഇന്നും ഒരു പിടി നല്ല ഓർമ്മകൾ ആ പ്ലാവിനെപ്പറ്റിയുണ്ട് .


ഇത്രയും വര്ഷങ്ങള്ക്കു ശേഷവും ആ സ്ഥല വില്പന നടക്കാതെ വല്ലപ്പോഴും അവിടെ ആ ഉടമസ്ഥൻ വന്നു പറമ്പു വൃത്തിയാക്കി തേങ്ങയൊക്കെ കൊണ്ട് പോകാറുണ്ടെന്നു അമ്മ പറയാറുണ്ട് . ആ പ്ലാവ് അവർ എപ്പോഴോ വെട്ടിയായിരുന്നെന്നും ഈയിടെ പറഞ്ഞു . അപ്പോൾ മനസിന്റെ കോണിലെവിടെയോ ഒരു നനുത്ത നൊമ്പരം എന്നെ തലോടി കടന്നുപോയി .

6 comments:

  1. Seems gud. Keep on writing.
    Dhanya Jayan P

    ReplyDelete
  2. നല്ല നിഷ്കളങ്കമായ ചിന്തകൾ ... നല്ല വാചകങ്ങൾ. ധാരാളം എഴുതി മുന്നോട്ട് തന്നെ പോകുക. സർവ്വ മംഗളങ്ങളും നേരുന്നു കൂടെ പ്രാർത്ഥനകളും.

    ReplyDelete
  3. ഒരു ഡ്രൈവർ ഞാൻ ആയിരുന്നു.നന്മയുടെ കുട്ടികാലത്തെക്കു ഒരു നിമിഷം കൂട്ടി കൊണ്ടു പോയതിനു നന്ദി അറിയിച്ചു കൊള്ളുന്നു.ഓർത്തെടുത്താൽ അവർഡിനുള്ള കഥകൾ ഇനിയും ഒരുപാട് കിട്ടും.

    ReplyDelete
  4. Gud start. .Keep blogging
    വായിക്കുന്നവർക്കും ഇത് ഒരു പ്രചോദനം ആയിരിക്കും .. ഉറപ്പ്

    ReplyDelete
  5. ഒരു നല്ല രീതി പുതിയ കഥകൾക്കായി കാത്തിരിക്കുന്നു റിജിലേഷ്

    ReplyDelete

I would like to hear back your comments...

Popular Posts

Total Pageviews