നാലുമണിക്കാറ്റ്

നാലുമണിക്കാറ്റ് കുറെ ഓർമ്മക്കുറിപ്പുകളാണ്. ജീവിത യാത്രയെ തൊട്ടും തലോടിയും ചിലപ്പോളൊക്കെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മറ്റു ചിലപ്പോൾ ഒട്ടൊന്നു വിഷമിപ്പിച്ചും കടന്നു പോകുന്ന കുളിർ കാറ്റ്... എല്ലാവര്ക്കും ഉണ്ടാകും ഇത് പോലെ ഉള്ള അനുഭവങ്ങളും കഥകളും. വായനക്കാരെ മടുപ്പിക്കാതെ രസകരമായി എന്റെ ചില കുറിപ്പുകൾ വരച്ചിടാൻ ശ്രമിക്കുകയാണ് ഈ ബ്ലോഗിലൂടെ...

Thursday, October 24, 2019

ആകാശഗംഗ

 ഈ കഥയ്ക്ക് 1999 ൽ വിനയൻ സംവിധാനം ചെയ്ത സിനിമയായ ‘ആകാശഗംഗ’ യുടെ യക്ഷിക്കഥയുമായി ബന്ധമുണ്ടോ എന്നു ചോദിച്ചാൽ അല്പ സ്വല്പം ഉണ്ടെന്നു പറയേണ്ടി വരും . സിനിമയിറങ്ങിയിട്ടു രണ്ടു വർഷം കഴിഞ്ഞാണ് ഈ പേരിനാസ്പദമായ സംഭവം നടക്കുന്നത്. സിനിമയിൽ മേൽപ്പാടൻ മന്ത്രവാദി കാഞ്ഞിരത്തിൽ തറച്ച ഗംഗയെന്ന യക്ഷിയെ വർഷങ്ങൾക്കു ശേഷം ഡെയ്‌സി എന്ന പെൺകുട്ടി ഒരു വിനോദയാത്രയ്ക്കിടയിൽ അബദ്ധത്തിൽ സ്വതന്ത്രയാക്കുകയും യക്ഷി അവളിൽ ആവേശിക്കുന്നതുമാണ് കഥയെങ്കിൽ എനിക്കു വീണു കിട്ടിയ ‘ആകാശഗംഗ’ യെന്ന വിളിപ്പേരും ഒരു വിനോദ യാത്രയുമായി ബന്ധപ്പെട്ടതാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും വിളിപ്പേര് അഥവാ ഇരട്ടപ്പേര് കിട്ടാത്തവരുണ്ടാകില്ല..ആ പേര് ഇടുന്നവർ കൂടുതലും നമ്മെ അടുത്തറിയാവുന്നവരായിരിക്കും എന്നതാണ് അതിലെ രസകരമായ കാര്യം. ഇരട്ടപ്പേരുകളെ ചിലർ സമചിത്തതയോടെ ഉൾക്കൊള്ളും. മറ്റു ചിലർക്കാകട്ടെ അത് വിളിക്കുന്നവരോട് കടുത്ത ദേഷ്യവും കാണും. എന്തായാലും യക്ഷിക്കഥകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന എനിക്ക് വിളിപ്പേരും  ഇഷ്ടമായി.

എൻ്റെ ‘യക്ഷിക്കഥ’ ഉണ്ടായത് പ്ലസ്ടുവിൽ പഠിച്ചിരുന്ന കാലത്താണ്. അതിനാൽത്തന്നെ ആദ്യം പറയാനുള്ളതും ഓർമ്മകളിൽ ഞാനേറെയിഷ്ടപ്പെടുന്ന ആ വിദ്യാഭ്യാസ കാലഘട്ടത്തെക്കുറിച്ചാണ്.ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ [RVHSS]..

                                

 
അമ്മ അദ്ധ്യാപികയായിരുന്ന ഗേൾസ് ഓൺലി സ്കൂളിൽ നിന്നും 6 വർഷത്തെ ‘നല്ലനടപ്പു’ കഴിഞ്ഞെത്തിയത് RVHSS ലാണ്. രാമവിലാസം സ്കൂളിൽ പ്ലസ്ടു തുടങ്ങിയിട്ട് രണ്ടാമത്തെ ബാച്ചായിരുന്നു ഞങ്ങളുടേത്. മൂന്ന് ഹയർ സെക്കൻഡറി സ്കൂളുകളിൽ അപേക്ഷ നൽകിയതിൽ മറ്റു രണ്ടു സ്കൂളുകളും വളരെ ദൂരെയായതിനാൽ ഇവിടെ ചേരാൻ തീരുമാനിക്കുകയായിരുന്നു. പോയി ചേരാനുള്ള ഡേറ്റ് കിട്ടി അവിടെയെത്തുന്നത് വരെ ഏതു വിഷയം എടുക്കണം എന്നതിനെക്കുറിച്ചു വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. സയൻസ്, കോമേഴ്‌സ്, കമ്പ്യൂട്ടർ സയൻസ് എന്നിങ്ങനെ മൂന്ന് കോഴ്സുകളാണ് അന്ന് ഉണ്ടായിരുന്നത്. ബിസിനസ്സും ഞാനുമായി ചേരാത്തത് കൊണ്ട് കോമേഴ്‌സിനെപ്പറ്റി ആലോചിച്ചതേയില്ല. പിന്നെയുള്ള രണ്ടെണ്ണത്തിൽ സയൻസ് എടുത്താലോ എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അതിലുള്ള ബയോളജിയുടെ ലാബിൽ എൻ്റെ ബദ്ധശത്രു ‘പാറ്റ’ യെ കീറിമുറിച്ചു പഠിക്കാനുണ്ടെന്നറിഞ്ഞത്. പാറ്റയെന്ന ‘ഭീകരപ്രാണി’ യെ കാണുമ്പോൾ അലറിക്കൂവി മുറിയിൽ നിന്നും ഇറങ്ങി ഓടാറുള്ളത് ഒരു ഞെട്ടലോടെ ഓർത്തുകൊണ്ട് ഞാൻ ഒടുവിലത്തെ ഇനമായ കമ്പ്യൂട്ടർ സയൻസിൽ ചേർന്നു .

50 പേരടങ്ങുന്ന ഞങ്ങളുടെ CS ക്ലാസ്സ്.. എല്ലാവരും വളരെ നല്ല കൂട്ടുകാർ. അതിൽ കുറച്ചു പേർ പത്താം ക്ലാസ്സു വരെയുള്ള സ്കൂളിൽ കൂടെ പഠിച്ചിരുന്നവരായിരുന്നു. 6 വർഷം ഒരേ ക്ലാസ്സിലുണ്ടായിരുന്ന വിനിയെയും നിധിനയെയും ഒരേ ബെഞ്ചിൽത്തന്നെ സഹപാഠികളായി കിട്ടിയപ്പോൾ എന്നിലെ കൂട്ടുകാരി വളരെയധികം സന്തോഷിച്ചു. പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള, ഉപദേശങ്ങൾ തന്നിരുന്ന ശാന്ത ശീലയായ നിധിനയുടെയും എപ്പോഴും പൊട്ടിച്ചിരിച്ചു കൊണ്ട് പോസ്റ്റിറ്റീവ് എനർജിയുമായി നടക്കുന്ന വിനിയുടെയും കൂടെക്കൂടിയപ്പോൾ പഴയ ‘മിണ്ടാപ്പൂച്ചയിൽ’ നിന്നും ഞാൻ വളരെയധികം മാറിത്തുടങ്ങി. നേരമ്പോക്കായി നോട്ട്ബുക്കുകളുടെ പിൻതാളുകളിൽ ഞാൻ കുത്തിക്കുറിച്ചിരുന്ന കവിതകളുടെ നിരൂപകർ കൂടിയായിരുന്നു ഇവർ രണ്ടു പേരും. അതോർക്കുമ്പോൾ അവരുടെ ക്ഷമശക്തിക്കു വല്ല അവാർഡും കൊടുക്കേണ്ടിയിരുന്നു എന്ന് പലപ്പോഴും തോന്നാറുണ്ട്!.

കുട്ടിക്കുറുമ്പു നിറഞ്ഞ കൗമാരപ്രായത്തിൻ്റെതായ എല്ലാവിധ ചേരുവകളും കൊണ്ട് സമ്പന്നമായിരുന്നു ഞങ്ങളുടെ ക്ലാസ്.. രഹസ്യവും പരസ്യവുമായ കൊച്ചു കൊച്ചു പ്രണയങ്ങൾ..ബോറൻ ക്ലാസ്സുകളിൽ ആൺ പെൺ പക്ഷത്തിലേക്കുള്ള പ്രണയ സന്ദേശങ്ങളുടെ പേപ്പർചുരുട്ടേറുകൾ..സാർ ചോദ്യങ്ങൾ വരിവരിയായി ചോദിക്കുകയാണെങ്കിൽ ബെഞ്ചിനടിയിൽ ബുക്ക് തുറന്ന് ഉത്തരം നോക്കിവച്ചു തൻ്റെ ഊഴമെത്തുമ്പോൾ വളരെ കൃത്യമായി പറയുന്ന ഉത്തരം കേട്ട് ‘ ഇവൻ പഠിക്കാൻ തുടങ്ങിയോ’ എന്ന് അന്തം വിടുന്ന കൂട്ടുകാർ .. ചില ‘തകർപ്പൻ’ ക്ലാസ്സുകളിൽ പഠിപ്പിക്കുന്നത് തലയിൽ കയറാതെ ഞാനടക്കമുള്ളവർ അന്തം വിട്ടിരിക്കുമ്പോൾ ‘സാർ ഒരു ഡൌട്ട് ‘ എന്ന് പറഞ്ഞു എഴുന്നേറ്റു ചോദ്യങ്ങൾ ചോദിച്ചു അദ്ധ്യാപകരുടെ ‘ഗുഡ് ലിസ്റ്റ്’ ൽ കയറിപ്പറ്റുന്ന പഠിപ്പിസ്റ്റുകൾ..ചുള്ളൻ സാറന്മാർ ക്ലാസ്സെടുക്കുമ്പോൾ ആരാധനയോടെ നോക്കിയിരിക്കാറുള്ള തരുണീമണികൾ.. ഉച്ച സമയമായാൽ ഞങ്ങൾ പെൺതരികൾ വീട്ടിൽ നിന്നും കൊണ്ടു വന്ന ഭക്ഷണ പൊതി പരസ്പരം പങ്കു വയ്ക്കുന്നതിനിടയിൽ കൂട്ടത്തിലാരെങ്കിലും സ്കൂളിനടുത്തുള്ള ഹോട്ടലിൽ നിന്നും പൊറോട്ടയും കറിയും വാങ്ങുകയാണെങ്കിൽ അതിൻ്റെ അവകാശി കഴിക്കാൻ തുടങ്ങുന്നതിനു മുൻപ് കയ്യിട്ടു വാരി കഴിച്ചു സഹായിക്കുന്ന സന്മനസ്സുള്ള കൂട്ടുകാരികൾ.. ഇടയ്ക്ക് അൽപ്പസ്വൽപ്പം ഒച്ചപ്പാടുണ്ടാക്കാനും സാറന്മാർക്കു ഇരട്ടപ്പേരുകൾ ഇടാനും ഒക്കെ മുൻകൈയ്യെടുക്കുന്ന നല്ലവരായ ‘തരികിട' സംഘങ്ങൾ..അങ്ങനെ നീളുന്നു CS ക്ലാസ്സിൻ്റെ വിശേഷങ്ങൾ.

ഞങ്ങളെ പഠിപ്പിച്ചിരുന്ന അദ്ധ്യാപകർ ...അവരില്ലാതെ ഞങ്ങളുടെ കഥ പൂർണ്ണമാകില്ല . പ്രശാന്ത് സാർ ,പ്രജിത്ത് സാർ , വിനോദ് സാർ, പ്രവീൺ സാർ ,ഹരീന്ദ്രൻ സാർ,അജിത് സാർ,ശ്രീജ ടീച്ചർ ... ഇവരെയൊക്കെ ഇപ്പോഴും സ്നേഹത്തോടെ സ്മരിക്കുന്നു . ആ പ്രഗത്ഭരായ ഗുരുക്കന്മാരുടെ ശിക്ഷണ മികവിൻ്റെ ഫലമായി കുറച്ചു വർഷങ്ങൾ കൊണ്ടു തന്നെ 10th ൽ ഉയർന്ന മാർക്കുള്ളവർക്കു മാത്രം സീറ്റ് കിട്ടുന്ന, റാങ്കുകാരെ സൃഷ്ടിക്കുന്ന ഹയർ സെക്കണ്ടറി സ്കൂളായി മാറി ഞങ്ങളുടെ RVHSS. കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ്, കെമിസ്ട്രി, മാത്‍സ്, ഇംഗ്ലീഷ്, മലയാളം / ഹിന്ദി ഇത്രയും വിഷയങ്ങളാണ് ഞങ്ങൾ CS കാർക്ക് പഠിക്കാൻ ഉണ്ടായിരുന്നത്. കുട്ടികളുമായി വളരെ ഫ്രണ്ട്‌ലി ആയിരുന്ന പ്രിയപ്പെട്ട അദ്ധ്യാപകർക്ക് ക്ലാസ്സിൽ ഇട്ടിരുന്ന ഇരട്ടപ്പേരുകൾ അവരോടു തന്നെ പറയാനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്ക് ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ് . അവരാകട്ടെ അതിൻ്റെ പേരിൽ ഒരിക്കലും കുട്ടികളോട് ദേഷ്യപ്പെട്ടിട്ടില്ല . മാത്രവുമല്ല പ്രായത്തിൻ്റെ തമാശയായിക്കണ്ട് അവരും ആ പേരുകൾ ആസ്വദിച്ചിരുന്നു. വളരെയധികം നീളമുള്ള കെമിസ്ട്രി അദ്ധ്യാപകനെ ‘ഗള്ളിവർ‘ എന്നത് ചുരുക്കി ‘ഗല്ലു’ എന്നും മറ്റൊരു കെമിസ്ട്രി അദ്ധ്യാപകൻ പഠിപ്പിക്കുന്നതിനിടയ്ക്കു പല തവണ പറഞ്ഞു കൊണ്ടിരുന്ന ‘ഗുട്ടൻസ്’ എന്നത് ചുരുക്കി ‘ഗുട്ടു’ എന്നും കണക്കു സാർ പറഞ്ഞു കൊണ്ടിരുന്ന ‘ദാറ്റ് ഇമ്പ്ലൈസ് ‘ ചുരുക്കി ‘ഇപ്ലൂ’ എന്നും രസകരമായ അദ്ധ്യാപക വിളിപ്പേരുകളിൽ ചിലതാണ്.

കളി ചിരികളും ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയായി പ്ലസ് വൺ കടന്നു പോയത് അറിഞ്ഞതേയില്ല. പ്ലസ് ടു ആയപ്പോഴേക്കും പ്രാക്ടിക്കൽ ലാബുകളും യൂണിറ്റ് ടെസ്റ്റുകളുമൊക്കെയായി എല്ലാവരും പഠിത്തത്തെ ഗൗരവമായി കാണാൻ തുടങ്ങി. അങ്ങനെ രണ്ടാം അധ്യയന വർഷം ഏകദേശം പകുതിയിലെത്തി നിൽക്കുന്ന സമയത്തു ദേ വരുന്നു ഒരു സന്തോഷ വാർത്ത .. വിനോദയാത്ര പോകുന്നു..അതും 3 ദിവസത്തേക്ക്. വേറൊരു പ്രത്യേകത മുഴുവൻ പ്ലസ്ടുക്കാരും [CS ,സയൻസ് & കോമേഴ്‌സ്] ഒരുമിച്ചാണ് പോകുന്നതെന്നായിരുന്നു . എല്ലാ ക്ലാസ്സുകാരുമായും നല്ല കൂട്ടായിരുന്നത് കൊണ്ടും ആ സ്കൂളിൽ നിന്നും വിടവാങ്ങാറായതിൻ്റെ വിഷമം തീർക്കാനും ട്രിപ്പ് പരമാവധി അടിച്ചു പൊളിക്കാൻ ഞങ്ങൾ തീരുമാനിച്ചു. മലമ്പുഴ ഡാം, മൂന്നാർ, തേക്കടി, പഴനി , കൊടൈക്കനാൽ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര . സങ്കടകരമായൊരു കാര്യം പല കാരണങ്ങൾ കൊണ്ട് കുറച്ചു കൂട്ടുകാർക്ക് വരാൻ കഴിഞ്ഞില്ല എന്നതാണ്. മൂന്നു ബസ്സുകളിലായിട്ടായിരുന്നു യാത്ര. പോകുന്ന വഴിയിലായിരുന്നു ‘ഗുട്ടു’ എന്ന് ഞങ്ങൾ സ്നേഹപൂർവ്വം വിളിച്ചിരുന്ന വിനോദ് മാഷിൻ്റെ വീട് . വീടിനടുത്തെത്തിയപ്പോൾ ബസ്സ് നിർത്തി മാഷ് ഞങ്ങളെയെല്ലാവരെയും വീട്ടിൽ കൊണ്ടുപോയി ചായയും പലഹാരങ്ങളും തന്നു . സാറൊരുക്കിയ ആ കലക്കൻ സർപ്രൈസ് വിരുന്ന് ഞങ്ങൾ എല്ലാവരും ആസ്വദിച്ചു.

ആദ്യം മലമ്പുഴ ഡാം കാണാനാണ് പോയത് . അവിടെ നിന്നും പളനിയിലേക്ക്. പിന്നീട് കൊടൈക്കനാൽ , തേക്കടി, മൂന്നാർ എന്നിങ്ങനെയായിരുന്നു സന്ദർശന സ്ഥലങ്ങളുടെ ഓർഡർ. തേക്കടിയിലെ വന്യജീവി സംരക്ഷണ കേന്ദ്രം സന്ദർശിക്കാൻ പോയ ദിവസം..മൊബൈലിൻ്റെയും സെൽഫിയുടെയും കടന്നു കയറ്റം ഒട്ടുമില്ലാതിരുന്ന കാലം. ഞങ്ങൾ പെൺകുട്ടികളുടെ സംഘത്തിൽ ജയശ്രീയുടെ കൈയിൽ മാത്രമായിരുന്നു ക്യാമറ ഉണ്ടായിരുന്നത് . പ്രകൃതി രമണീയമായ തേക്കടിയിൽ വച്ചാണ് അവൾ കൂടുതൽ ഫോട്ടോകളെടുത്തത്.. എല്ലാം തന്നെ ഗ്രൂപ്പ് ഫോട്ടോകളായിരുന്നു. ഏറ്റവും ഒടുവിലത്തെ സ്ഥലമായ മൂന്നാറിലും പോയി നാലാം ദിവസം രാവിലെ ഞങ്ങൾ സ്കൂൾ മുറ്റത്തു തിരിച്ചെത്തി. പോയ സ്ഥലങ്ങളിലെ കാഴ്ചകളിൽ പലതും ഇപ്പോൾ ഓർത്തെടുക്കാൻ ആവുന്നില്ലെങ്കിലും എൻ്റെ വിദ്യാഭ്യാസകാലഘട്ടത്തിലെ ഏറ്റവുമധികം ആസ്വദിച്ച ഒരു ഉല്ലാസയാത്രയായിരുന്നു അത് .

ട്രിപ്പ് കഴിഞ്ഞു ഏകദേശം രണ്ടാഴ്ചയോളം കഴിഞ്ഞാണ് ജയശ്രീ ആൽബവുമായി ക്ലാസ്സിലെത്തിയത് . ആൽബം കാണുന്നതിന് മുൻപ് തന്നെ ആദ്യ പീരിയഡിൽ വിനോദ് സാർ ക്ലാസ്സെടുക്കാനായി എടുക്കാനായി കയറി വന്നു. പഠിപ്പിക്കുമ്പോൾ വളരെ കാർക്കശ്യക്കാരനായ അദ്ദേഹം ഇടയ്ക്കിടെ ചോദ്യങ്ങൾ ചോദിക്കുന്നതു കാരണം എല്ലാവരും വളരെ ശ്രദ്ധാലുക്കളുംഅച്ചടക്കമുള്ളവരും ആയിരിക്കും ആ ക്ലാസ്സിൽ. ബോറടിപ്പിക്കാതെ ക്ലാസ്സെടുക്കുവാനുള്ള സാറിൻ്റെ കഴിവ് ഒന്ന് വേറെ തന്നെയാണ്. എല്ലാ ദിവസവും ക്ലാസ്സിൻ്റെ അവസാന 10 മിനുട്ട് കളി തമാശകളും വിജ്ഞാനപ്രദമായ കാര്യങ്ങളും പറയാൻ മാഷ് മാറ്റിവയ്ക്കുമായിരുന്നു. അന്നത്തെ ആ 10 മിനുട്ടിൽ ജയശ്രീ ട്രിപ്പ് ആൽബം സാറിനെ കാണിച്ചു. ആൽബത്തിൻ്റെ താളുകൾ ഓരോന്നായി മറിച്ചു നോക്കവേ പൊടുന്നനെ തേക്കടിയിൽ നിന്നുമെടുത്ത ഒരു ഫോട്ടോയിൽ സാർ കുറേ നേരം നോക്കുന്നതു കണ്ടു . പിന്നീടത് ഞങ്ങളുടെ ബെഞ്ചിനു നേരെ നീട്ടിയിട്ടു ചോദിച്ചു ‘ഇതിൽ നിങ്ങൾക്ക് ആരെയെങ്കിലും കാണാമോ’ എന്ന്. പെട്ടന്ന് നോക്കുമ്പോൾ മൂന്നോ നാലോ മരങ്ങൾ മാത്രം ഉണ്ടായിരുന്ന ആ ഫോട്ടോയിൽ ആർക്കും വേറൊന്നും കാണാൻ കഴിഞ്ഞില്ല . ഒന്ന് കൂടി സൂക്ഷിച്ചു നോക്കൂ എന്ന് പറഞ്ഞപ്പോൾ വിനിയാണെന്നു തോന്നുന്നു കണ്ടു പിടിച്ചത്...അവൾ എന്നോട് ഉറക്കെ പറഞ്ഞു ‘ദേ നീ ഈ മരത്തിൻ്റെയുള്ളിൽ’...അത് കേട്ട് ഞാൻ വേഗം ആ ഫോട്ടോ വാങ്ങി സൂക്ഷിച്ചു നോക്കി … ശരിയാണല്ലോ അന്നിട്ട ചുവന്ന കളറുള്ള ചുരിദാറും കറുത്ത ഷാളുമായി... തലയ്ക്കു മുകളിൽ വെള്ളയും ഇളം നീലയും കലർന്ന പ്രകാശവലയം .. മുൻപിലത്തെ രണ്ടു പല്ലുകൾ വെട്ടിത്തിളങ്ങുന്നു ...ഒരു മരത്തടിയുടെ ഉള്ളിൽ.. ശരിക്കും ഒരു യക്ഷി ലുക്ക്!!!.

പിന്നീട് ക്ലാസ്സു മുഴുവൻ ആ ‘അദ്‌ഭുത’ കാഴ്ച കാണാൻ ഫോട്ടോയ്ക്കു വേണ്ടി ബഹളമായി . ഇതെങ്ങനെ സംഭവിച്ചു എന്ന് തലപുകഞ്ഞാലോചിച്ചിട്ടും എനിക്കും എടുത്തവൾക്കും ഒരു പിടിയും കിട്ടിയില്ല . എൻ്റെ ഒറ്റയ്ക്കുള്ള ഫോട്ടോ എടുത്തിട്ടേയില്ലായിരുന്നു. ഗ്രൂപ്പ് ഫോട്ടോയിൽ നിന്നും ഞാൻ മാത്രം എങ്ങനെ..അതും മരത്തടിയിൽ കൃത്യമായി...പോരാത്തതിന് ആ തലയ്ക്കും പല്ലിനും ഉള്ള വെളിച്ചവും..ഇതേക്കുറിച്ചു ചിലർ കൂലങ്കുഷമായ ചർച്ചയും തുടങ്ങി...സൈലെൻസ് എന്നു ഉറക്കെ പറഞ്ഞു കൊണ്ട് സാർ തുടർന്നു . ‘ ഇതു കണ്ടിട്ടെനിക്ക് ഓർമ്മ വന്നത് ആകാശഗംഗയെന്ന പ്രേത സിനിമയാണ് . ആ ഫോട്ടോയിൽ രജിനയ്ക്കു ഒരു പ്രേതാത്മക ഭാവം ഉള്ളതിനാൽ ഞാനവൾക്കു ഒരു പേരിടുകയാണ് ‘ആകാശഗംഗ’ ‘. പറഞ്ഞു തീരുന്നതിനു മുൻപ് എൻ്റെ പ്രിയപ്പെട്ട പ്രിയപ്പെട്ട കൂട്ടുകാർ ആ വിളിപ്പേരിനെ നിറഞ്ഞ കൈയ്യടികളോടെ സ്വീകരിച്ചു. എന്തു കൊണ്ടോ എനിക്കും ആ പേര് വളരെ ഇഷ്ടമായി.

അന്ന് തൊട്ടിന്നു വരെ ആ ഫോട്ടോ കാണുന്നവരുടെ വിലയിരുത്തലുകൾ രണ്ടു തരമായിരുന്നു . കുറേപേർ പറഞ്ഞത് ഫോട്ടോയെടുക്കുമ്പോഴുണ്ടാകുന്ന റിഫ്ലക്ഷൻ കാരണമാണ് അങ്ങനെ വന്നത് എന്നായിരുന്നു. പക്ഷെ മറ്റേ പകുതിക്കാർ ചിന്തിക്കുന്നതു പോലെ ‘എന്നാലും അത് എങ്ങനെ ശെരിയാവും’ എന്നു തന്നെയാണ് ഇന്നും എൻ്റെ ചിന്ത. കാര്യം എന്തു തന്നെയായാലും ആ സ്കൂളിൽ നിന്നും വിട വാങ്ങുന്നതു വരെ എന്നെ കൂട്ടുകാർ ആകാശഗംഗയെന്നും ഗംഗയെന്നുമൊക്കെ വിളിച്ചു കൊണ്ടിരുന്നു . അന്നെഴുതിച്ച ഓട്ടോഗ്രാഫ് താളുകളിലും ‘പ്രിയപ്പെട്ട ഗംഗയ്‌ക്ക്‌’ എന്നു തുടങ്ങുന്നതായിരുന്നു മിക്കവയും. അന്ന് ആ ഫോട്ടോയുടെ ഒരു കോപ്പി ജയശ്രീയുടെ അടുത്തു നിന്നും ഞാൻ വാങ്ങി സൂക്ഷിച്ചിരുന്നു. പിന്നീടുള്ള എൻ്റെ ജീവിതത്തിൽ എൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരോട് ഈ വേറിട്ട അനുഭവം പങ്കു വയ്ക്കുകയും ഫോട്ടോ കാണിച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇതെഴുതുമ്പോൾ ആ ഫോട്ടോ കൈവശം ഇല്ലാത്തതു കൊണ്ട് എനിക്കിവിടെ പോസ്റ്റു ചെയ്യാൻ പറ്റുന്നില്ല..എന്നെങ്കിലും അത് കിട്ടുകയാണെങ്കിൽ ഈ ഓർമ്മകുറിപ്പിനു താഴെ ചേർക്കുന്നതായിരിക്കും.

ഒരിക്കലും മരിക്കാത്ത ഓർമ്മകളുമായി, കാലത്തിൻ്റെ മാറ്റങ്ങളിലൂടെ കടന്നു വന്ന മൊബൈൽ വാട്ട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഞങ്ങൾ CS ബാച്ച് ഇന്നും സൗഹൃദ സഞ്ചാരം തുടരുന്നു ..ഗ്രൂപ്പ് അഡ്മിനായ പ്രിയ കൂട്ടുകാരി ജോഷിതയുടെ ശ്രമഫലമായി വർഷങ്ങൾക്കിപ്പുറം ഒരു തവണ ഞങ്ങളിൽ കുറച്ചു കൂട്ടുകാർ ചേർന്ന് തലശ്ശേരി പാരഡൈസ് റെസ്റ്റോറന്റിൽ വച്ചു ഒത്തു കൂടിയതിൻ്റെ ഓർമ്മകൾ ഇന്നും സന്തോഷം തരുന്നു . അവളുടെ നേതൃത്വത്തിൽ അടുത്ത വർഷം സ്കൂൾ അങ്കണത്തിൽ വച്ച് ഗുരുക്കന്മാരുടെ സാനിധ്യത്തിൽ വീണ്ടുമൊരു ഒത്തുചേരലിനായി എല്ലാ ക്ലാസ്സ്മേറ്റ്സും തയ്യാറെടുക്കുകയാണ്. ' ഒരു വട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാൻ' എനിക്കും മോഹമുണ്ട് ... ഓൾഡ് ഈസ് ഗോൾഡ്.. അതേ നല്ല സൗഹൃദങ്ങൾ എന്നും ജീവിതത്തിൽ ഒരു മുതൽക്കൂട്ടാണ്..നല്ല ഓർമ്മകളും.

3 comments:

  1. കലക്കി !!ആകാശഗംഗ

    ReplyDelete
  2. Nammeyum pazhaya kala ormakalilekku marichittenu thanks! Sharing good memories make us feel good.

    ReplyDelete

I would like to hear back your comments...

Popular Posts

Total Pageviews