നാലുമണിക്കാറ്റ്

നാലുമണിക്കാറ്റ് കുറെ ഓർമ്മക്കുറിപ്പുകളാണ്. ജീവിത യാത്രയെ തൊട്ടും തലോടിയും ചിലപ്പോളൊക്കെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മറ്റു ചിലപ്പോൾ ഒട്ടൊന്നു വിഷമിപ്പിച്ചും കടന്നു പോകുന്ന കുളിർ കാറ്റ്... എല്ലാവര്ക്കും ഉണ്ടാകും ഇത് പോലെ ഉള്ള അനുഭവങ്ങളും കഥകളും. വായനക്കാരെ മടുപ്പിക്കാതെ രസകരമായി എന്റെ ചില കുറിപ്പുകൾ വരച്ചിടാൻ ശ്രമിക്കുകയാണ് ഈ ബ്ലോഗിലൂടെ...

Thursday, June 13, 2019

ഓർമ്മയിലൊരു വിഷുക്കാലം






“ തിരിയോ തിരി പൂത്തിരി കണിയോ കണി വിഷുക്കണി
കാലിൽ കിങ്ങിണി കൈയിൽ പൂത്തിരി നാളെ പുലരിയിൽ വിഷുക്കണി “

പി ഭാസ്കരൻ മാഷുടെ ഈ മനോഹരമായ വരികൾ വിഷുക്കണിയെപ്പറ്റിയുള്ളതാണ് . ഓണം പോലെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട മറ്റൊരു ആഘോഷമാണ് കേരളത്തിൻ്റെ കാർഷികോത്സവമെന്നറിയപ്പെടുന്ന വിഷു . മലയാള മാസമായ മേടം ഒന്നിന് അതിരാവിലെ കണികണ്ടുണരുന്ന വിഷുക്കണി കണ്ണിനും മനസ്സിനും നിറവേകുകയും അതിൻ്റെ ഫലമായി ആ വർഷമുടനീളം ജീവിതത്തിൽ നന്മയും ഐശ്വര്യവും ഉണ്ടാകുമെന്നുമുള്ള ശുഭാപ്തി വിശ്വാസമാണ് വിഷുവെന്ന ആഘോഷത്തെ ഇത്രയും പ്രാധാന്യമുള്ളതാക്കുന്നത് … വിഷുക്കാലമാകുമ്പോഴേക്കും നാടെങ്ങും കണിക്കൊന്ന പൂത്തു നിൽക്കുന്നതു കാണാൻ പ്രത്യേക ഭംഗി തന്നെയാണ് . മുതിർന്നവരേക്കാൾ എന്തു കൊണ്ടും ആഘോഷങ്ങൾ മനസ്സറിഞ്ഞു ആസ്വദിക്കുന്നത് നിഷ്കളങ്ക ബാല്യങ്ങളാണ്. എനിക്കും ഏറ്റവും പ്രിയപ്പെട്ട വിഷുക്കാല ഓർമ്മകൾ കുട്ടിക്കാലത്തേതു തന്നെയാണ് .

വർഷാവസാന പരീക്ഷയൊക്കെ കഴിഞ്ഞു നീണ്ട രണ്ടു മാസത്തെ മദ്ധ്യവേനലവധിക്കാലത്താണ് വിഷുവെത്തുന്നത് എന്നത് എല്ലാ കുട്ടികളെയും പോലെ എനിക്കും ഏറ്റവും സന്തോഷം നൽകിയിരുന്ന കാര്യമായിരുന്നു. വിഷുവിന് രണ്ടു ദിവസം മുൻപ് തന്നെ അച്ഛൻ്റെ കൈയിൽ ചേട്ടനും ഞാനും പടക്കങ്ങളുടെ നീണ്ട ലിസ്റ്റ് ഏൽപ്പിക്കും. കണിവയ്ക്കാനുള്ള സാധനങ്ങളുടെ കൂടെ അച്ഛൻ അവയൊക്കെ വാങ്ങിക്കൊണ്ടു വരും . ഞങ്ങൾ കുട്ടികളുടെ ഭാഷയിൽ രണ്ടു തരമായിരുന്നു ഈ പടക്കങ്ങൾ. 'കത്തിക്കാനുള്ളതും പൊട്ടിക്കാനുള്ളതും'. തലേ ദിവസം സന്ധ്യ വിളക്ക് കത്തിച്ചതിനു ശേഷമാണു ആദ്യ ഇനത്തിൽപ്പെട്ട കമ്പിത്തിരി, പൂക്കുറ്റി, ചക്രം, നാട, തീപ്പെട്ടി എന്നിവ ഞങ്ങൾ വീട്ടുകാരെല്ലാവരും ചേർന്ന് കത്തിക്കാറുള്ളത് . എൻ്റെ അച്ചമ്മയ്ക്കു ഇഷ്ടമുള്ള ഒന്നായിരുന്നു കമ്പിത്തിരി കത്തിക്കൽ . രണ്ടു കയ്യിലും ഓരോ കത്തിച്ച കമ്പിത്തിരി പിടിക്കുമ്പോൾ പല്ലില്ലാത്ത അച്ഛമ്മയുടെ സന്തോഷമാർന്ന ചിരി കാണാൻ പ്രത്യേക ഭംഗി തന്നെയായിരുന്നു . 5 വർഷങ്ങൾക്കു മുൻപ് അച്ഛമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞെങ്കിലും എൻ്റെ ഓർമ്മകളിൽ എന്നും അവർ നിറ സാന്നിധ്യമാണ്.

കത്തിക്കൽ പടക്കങ്ങളിൽ എനിക്കേറ്റവും ഇഷ്ടമുള്ളത് മത്താപ്പൂ അഥവാ പൂക്കുറ്റിയായിരുന്നു . മുറ്റത്ത് ഒരു കോണിൽ പൂക്കുറ്റി വച്ച് അതിലേക്ക് കമ്പിത്തിരിയിൽ നിന്നും തീ കൊളുത്തിയിട്ട് ഒരോട്ടമാണ് .അത് മുകളിലേക്ക് ഉയർന്നു കത്തുന്ന കാഴ്ച മനസ്സിന് സന്തോഷം തരുന്ന ഒരനുഭവമായിരുന്നു. പിന്നെ ‘ചക്രം’ വരാന്തയിൽ വച്ച് തീ കൊളുത്തുമ്പോൾ അവിടെ പാട് വീഴുമെന്നു പറഞ്ഞു അമ്മയുടെ വഴക്കും കേട്ടിട്ടുണ്ട് ധാരാളം . ഏകദേശം രാത്രി പത്തു മണിയോടു കൂടി എല്ലാ കത്തിക്കൽ ഇനങ്ങളും തീർന്നിട്ടുണ്ടാകും .അതിനിടയിൽ തന്നെ ചേട്ടനും അച്ഛനും പടക്കം പൊട്ടിക്കാൻ തുടങ്ങിയിട്ടുണ്ടാകും . ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ അപകട സാധ്യതയേറെയുള്ള പടക്കങ്ങളാണ് അവയൊക്കെ. പേടി കാരണം അതിൻ്റെ ഏഴയലത്തേക്ക് ഞാൻ പോകാറില്ല. നാടെങ്ങും തലേ നാൾ മുതൽ തുടങ്ങുന്ന ഈ പടക്കത്തിൻ്റെ ശബ്ദഘോഷങ്ങൾ വിഷുവിൻ്റെ അന്ന് മുഴുവൻ തുടരുന്നു. തലേനാൾ ഉറങ്ങാൻ പോകുന്നതിനു മുൻപായി അമ്മ കണിവയ്ക്കാനായി കൊന്നപ്പൂ,വെള്ളരിക്ക ,മാങ്ങ , നവധാന്യങ്ങൾ , അരി, ഫലങ്ങൾ ,കോടിമുണ്ട് ,നാണയത്തുട്ടുകൾ ,സ്വർണാഭരണം തുടങ്ങിയവയൊക്കെ പൂജാമുറിയിൽ കൃഷ്ണ വിഗ്രഹത്തിൻ്റെ മുന്നിൽ ഉരുളിയിൽ ഒരുക്കി വയ്ക്കും . അതിനടുത്തായി നിലവിളക്ക് കഴുകിത്തുടച്ചു എണ്ണയൊഴിച്ചു തിരിയിട്ടു വയ്ക്കും .

വിഷുവിൻ്റെ അന്ന് അതിരാവിലെ എഴുന്നേറ്റു കുളിച്ചു വിളക്ക് കത്തിച്ചു പിന്നീട് എന്നെയും ചേട്ടനെയും അച്ഛനെയും എഴുന്നേൽപ്പിച്ചു കണ്ണു പൊത്തി പൂജാ മുറിയിൽ കൊണ്ടു പോയി കണി കാണിക്കും . ആ നിലവിളക്കിൻ്റെ പ്രഭയിൽ തിളങ്ങി നിൽക്കുന്ന ഭഗവാനോട് സർവ്വഐശ്വര്യവും ഉണ്ടാകണേ എന്ന് മനസ്സുരുകി പ്രാർത്ഥിക്കുന്നു. അതിനു ശേഷം വേഗം തന്നെ കുളിച്ചു പുത്തനുടുപ്പിട്ടു കുടുംബ ക്ഷേത്രമായ കൂലോത്ത് ഭഗവതിക്കാവിലുള്ള കണി കാണാൻ പോകുന്നു . വെളിച്ചം വീഴുന്നതിനു മുൻപ് പോകുമെന്നതിനാൽ ടോർച്ചും എടുത്താണ് അമ്പലത്തിലേക്ക് വീട്ടുകാരോടൊപ്പം തൊഴാൻ പോയിരുന്നത് . അവിടെ 'കാരണവർ' പ്രതിഷ്ഠയുടെ മുന്നിൽ വച്ചിരിക്കുന്ന കണി കണ്ടതിന് ശേഷം ഭഗവതിയമ്മയുടെ നടയ്ക്കൽ തൊഴുത് പൂജാരിയുടെ കൈയിൽ നിന്നും ആദ്യം വിഷുക്കൈനീട്ടവും ( നാണയത്തുട്ട്) പിന്നീട് പ്രസാദവും വാങ്ങിക്കുന്നു .

അതു കഴിഞ്ഞു വീട്ടിലെത്തിയാൽ അച്ഛന്റെയും അമ്മയുടെയും അച്ഛമ്മയുടെയും കൈയിൽ നിന്നും കൈനീട്ടം കിട്ടും. ഇങ്ങനെ കൈനീട്ടം വഴി കിട്ടുന്ന ‘പോക്കറ്റ് മണി’ ക്ക് ആ കുഞ്ഞു മനസ്സിൽ ലക്ഷങ്ങളുടെ വിലയുണ്ടായിരുന്നു . തീർന്നില്ല കൈനീട്ടത്തിൻ്റെ കണക്ക് ..മൂത്തഛനും [അച്ഛൻ്റെ സഹോദരൻ ] പിന്നെ വല്യച്ചനും [അമ്മയുടെ അച്ഛൻ ] തരുമായിരുന്നു . കൂടാതെ അപ്രതീക്ഷിതമായി വിഷു ദിനത്തിൽ വീട്ടിലെത്തുന്ന ഏതൊരു മുതിർന്ന ബന്ധുക്കളും കുട്ടികൾക്ക് കൈനീട്ടം തരിക പതിവാണ് . അവയൊക്കെ മഞ്ചാടി മണികൾ കാത്തു വയ്ക്കുന്നതു പോലെ സൂക്ഷിച്ചു വച്ച് ഒടുവിൽ അമ്മയുടെ കൈയിൽ ഏൽപ്പിക്കും . ഓണസദ്യ പോലെ തന്നെ വിഷുസദ്യയും ഒരുക്കാറുണ്ട് അമ്മ . സദ്യ കഴിഞ്ഞാണ് അവസാന ഇനമായ മാലപ്പടക്കത്തിന് ചേട്ടൻ തീ കൊളുത്തുന്നത് . അതോടു കൂടി വീട്ടിലെ വിഷു ആഘോഷങ്ങൾക്ക് പരിസമാപ്തിയാകുന്നു .

വിഷുവിനോടനുബന്ധിച്ച് ഞങ്ങൾ തലശ്ശേരിക്കാർക്കു വേറൊരു പ്രത്യേകത കൂടെയുണ്ട്. വിഷുവിൻ്റെ തലേ ദിവസമാണ് പ്രശസ്തമായ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ എട്ടു ദിവസം നീളുന്ന ഉത്സവത്തിന് കൊടിയേറുന്നത് . വിഷു കഴിഞ്ഞു ഉത്സവം കൊടിയിറങ്ങുന്നതു വരെയുള്ള ദിവസങ്ങളിൽ എന്നും പോകുമായിരുന്നു അമ്പലത്തിൽ. ആദ്യ ദിവസം നാലോ അഞ്ചോ ആനകളുമായി തുടങ്ങുന്ന ഉത്സവം അവസാന ദിനമാകുമ്പോഴേക്കും എഴുന്നള്ളിപ്പിന് പത്തു പന്ത്രണ്ടു കൊമ്പന്മാരുണ്ടാകും . അതിൽ ഏറ്റവും തലയെടുപ്പുള്ള ആനപ്പുറത്താണ് തിടമ്പേറ്റുന്നത് . ഉത്സവത്തിനു മുന്നോടിയായി ഏകദേശം വെകുന്നേരം നാലു മാണിയോട് കൂടി അരങ്ങേറിയിരുന്ന ഓട്ടൻതുള്ളലും കഥകളിയും കാണാൻ എനിക്കേറെയിഷ്ടമായിരുന്നു . ഇന്ന് ഇവ കൂടാതെ മറ്റു നൃത്ത ഇനങ്ങളൂം അവിടെ കാണികൾക്കായി നടത്തപ്പെടുന്നുണ്ട് . ഈ സ്റ്റേജ് പരിപാടി കഴിഞ്ഞാൽ നട അടയ്ക്കുന്നതിന് മുൻപ് അമ്പലത്തിൽ കയറി തൊഴുതു നേരെ ക്ഷേത്ര മതിൽക്കെട്ടിനകത്തു തന്നെ ആനകളെ ഉത്സവത്തിനു വേണ്ടി തയ്യാറാക്കുന്ന സ്ഥലത്തു പോയി ഇരിക്കും . ആനകളെ ഒന്ന് തൊട്ടു തലോടാൻ കിട്ടുന്ന ആ സുവർണാവസരം ഞാൻ വളരെയധികം ആസ്വദിച്ചിരുന്നു .ആ സമയത്തു ഏതൊരു കുട്ടിയേയും പോലെ ‘ആനവാൽ’ കിട്ടാൻ വല്ല വഴിയുമുണ്ടോയെന്ന് ഞാനും ചിന്തിച്ചിട്ടുണ്ട് .വളരെ അനുസരണയുള്ള കുട്ടികളെപ്പോലെയാണ് വയറു നിറച്ചും പനംപട്ടയൊക്കെ കഴിച്ചു ഉത്സവ ഒരുക്കങ്ങൾക്ക് ആനകൾ നിന്നു കൊടുക്കുന്നത് . നെറ്റിപ്പട്ടമൊക്കെയണിഞ്ഞാൽ നമ്മുടെ ആനകൾക്കുള്ള സൗന്ദര്യം ഒന്നു വേറെ തന്നെയാണ് . രണ്ടോ മൂന്നോ പേർ ഓരോ ആനകളുടെ പുറത്തും കയറിയിരിപ്പുറപ്പിക്കും. ഏറ്റവും ഒടുവിലായി ശ്രീരാമസ്വാമിയുടെ വിഗ്രഹം ആനപ്പുറത്തു കയറ്റുമ്പോൾ അടുത്തു നിന്നു കണ്ടു തൊഴുതു പ്രാർത്ഥിക്കുവാനും കഴിഞ്ഞിരുന്നു . ഒരുക്കങ്ങളെല്ലാം കഴിഞ്ഞ് ആനകളോരോന്നായി പുറത്തേക്കു വന്നു നിരനിരയായി നിന്നതിനു ശേഷം ഉഗ്രൻ കതിന വെടിയോടു കൂടി ഉത്സവം ആരംഭിക്കുകയായി . ചെണ്ടയടക്കമുള്ള പഞ്ചവാദ്യങ്ങളുടെ മേളക്കൊഴുപ്പിൽ നടക്കുന്ന കുടമാറ്റം നയന മനോഹരമായ കാഴ്ചയാണ് . ആനകളും വാദ്യസംഘങ്ങളും ക്ഷേത്രത്തിനു ചുറ്റും മൂന്നു തവണ വലംവയ്ക്കുമ്പോൾ ഭക്തജനങ്ങളും അവരോടൊപ്പം ചേരുകയായി. ഏതാണ്ട് രാത്രി ഒൻപതുമണിയോടു കൂടി ഉത്സവം അവസാനിക്കുന്നു.

വിഷുവോടു കൂടി തുടങ്ങുന്ന മദ്ധ്യവേനലവധിക്കാലം തന്നിരുന്ന ഇതു പോലെയുള്ള ഒട്ടേറെ ബാല്യകാല ഓർമ്മകൾ ഇന്നും നിധി പോലെ മനസ്സിൽ സൂക്ഷിക്കുന്നു . അതു കൊണ്ട് തന്നെ പ്രായം കൂടുന്തോറും വീണ്ടും ആ കുട്ടിക്കാലത്തേക്ക് മടങ്ങാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് മനസ്സ് വെറുതേ കൊതിക്കുന്നു .

Popular Posts

Total Pageviews