നാലുമണിക്കാറ്റ്

നാലുമണിക്കാറ്റ് കുറെ ഓർമ്മക്കുറിപ്പുകളാണ്. ജീവിത യാത്രയെ തൊട്ടും തലോടിയും ചിലപ്പോളൊക്കെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മറ്റു ചിലപ്പോൾ ഒട്ടൊന്നു വിഷമിപ്പിച്ചും കടന്നു പോകുന്ന കുളിർ കാറ്റ്... എല്ലാവര്ക്കും ഉണ്ടാകും ഇത് പോലെ ഉള്ള അനുഭവങ്ങളും കഥകളും. വായനക്കാരെ മടുപ്പിക്കാതെ രസകരമായി എന്റെ ചില കുറിപ്പുകൾ വരച്ചിടാൻ ശ്രമിക്കുകയാണ് ഈ ബ്ലോഗിലൂടെ...

Saturday, November 24, 2018

ഓണപ്പൂക്കളം


ലോകത്തിന്റെ ഏതു കോണിലാണെങ്കിലും മലയാളികൾ ജാതിമതഭേദമന്യേ കൊണ്ടാടുന്ന ആഘോഷം...നമ്മുടെയെല്ലാം പ്രിയപ്പെട്ട ഓണം. ചിങ്ങ മാസത്തിലെ അത്തം നക്ഷത്രം മുതൽ തിരുവോണം വരെയുള്ള 10 ദിവസങ്ങളിലായി ആഘോഷിക്കപ്പെടുന്ന ഓണം കേരളത്തിന്റെ പ്രാദേശിക വിളവെടുപ്പ് ഉത്സവമെന്നും അറിയപ്പെടുന്നു. മഹാവിഷ്ണുവിന്റെ അവതാരമായ വാമനനാൽ പാതാളത്തിലേക്കു ചവിട്ടി താഴ്ത്തപ്പെട്ട അസുര ചക്രവർത്തി മഹാബലി വർഷത്തിലൊരിക്കൽ തൻ്റെ പ്രജകളെ കാണാൻ വരുന്നതെന്നാണല്ലോ ഓണത്തെപ്പറ്റിയുള്ള ഐതിഹ്യം. അതിനാൽ തന്നെ അദ്ദേഹത്തെ വരവേൽക്കാനെന്നവണ്ണം എല്ലാ വർഷവും നാടെങ്ങും വൈവിധ്യമാർന്ന ഓണാഘോഷ പരിപാടികൾ കൊണ്ടാടുന്നു.

എൻ്റെ ഓണക്കാല ഓർമ്മകൾക്ക് കുട്ടികാലത്തെ പൂക്കളുടെ സുഗന്ധവും നിറവുമാണ് ഇന്നും. ഇതെഴുതുമ്പോൾ ഒരു തുമ്പപ്പൂവ് നേരിൽ കാണാനായി മനസ്സ് വല്ലാതെ കൊതിക്കുന്നു.അതേ...വീടിൻ്റെ ഉമ്മറത്ത് അത്തം മുതൽ തിരുവോണ ദിവസം വരെയുള്ള 10 ദിവസത്തെ പൂക്കളം ഒരുക്കൽ..അതിനു വേണ്ടിയുള്ള പൂ പറിക്കാൻ പോകുന്നത്..അതാണ് ചെറുപ്പത്തിലേ ഓണക്കാലത്തെക്കുറിച്ചുള്ള ഓർമകളിൽ പ്രധാനം. അത്തം നാളിൽ തുമ്പ മാത്രവും രണ്ടാം ദിവസം തുമ്പയും ശീബോതിയും (പച്ച നിറത്തിലുള്ള മതിലിൻ മുകളിലൊക്കെ കാണാവുന്ന ഒരിനം ചെടി) , പിന്നീടുള്ള ദിവസങ്ങളിൽ ഓരോ നിറം വീതം കൂടുതൽ പൂവിട്ട് 10 മത്തെ ദിവസം 10 നിറങ്ങളിലുള്ള പൂക്കൾ കൊണ്ടാണ് പൂക്കളം ഒരുക്കിയിരുന്നത്. ഓണപ്പരീക്ഷാ ചൂടിലായിരിക്കും ആദ്യ 6-7 ദിവസങ്ങളിലെ പൂക്കളം ഇടുന്നത് . എങ്കിലും അതൊന്നും ഒരു തടസ്സമായി തോന്നിയില്ല പൂ പറിക്കാനും ഇടാനും . അത് കഴിഞ്ഞുള്ള 10 ദിവസത്തെ സ്കൂൾ അവധി കണ്ണടച്ച് തുറക്കും മുൻപേ തീരുമെങ്കിലും അതൊരാഘോഷമായിരുന്നു ഞങ്ങൾ കുട്ടികൾക്ക് .

പൂക്കളത്തിൽ 10 ദിവസങ്ങളിലും ഇടാനുള്ള സാക്ഷാൽ തുമ്പപ്പൂ ശേഖരണമായിരുന്നു ഏറ്റവും ശ്രമകരം . അന്ന് ഈ പൂവ് ഉണ്ടായിരുന്നത് ഞാൻ മുൻപ് പ്രതിപാദിച്ചിരുന്ന വീടിനടുത്തുള്ള കൂലോത്ത് ക്ഷേത്ര പറമ്പിലായിരുന്നു . അടുത്ത ദിവസം ഇടാൻ വേണ്ടിയുള്ള തുമ്പപ്പൂ പറിക്കാൻ വൈകുന്നേരങ്ങളിൽ ഞാനും കൂട്ടുകാരും ഒരോട്ടമാണ് അമ്പലപ്പറമ്പിലേക്ക്. വലിയൊരു ഇലക്കുമ്പിളിലാണ് ഇത് ശേഖരിക്കുന്നത് .വീട്ടിലെത്തിയാൽ കുറച്ചു വെള്ളം തളിച്ചിടണം .അല്ലെങ്കിൽ ഉണങ്ങിപ്പോകും . ചില ദിവസങ്ങളിൽ നവോന്മേഷത്തോടെ എഴുന്നു നിൽക്കുന്ന തുമ്പപ്പൂക്കൾ കിട്ടാനായി അതിരാവിലെ പോയി പറിക്കുമായിരുന്നു. പിന്നീടുള്ള ദിവസങ്ങളിലെ പൂക്കളത്തിനായി തുമ്പപ്പൂ കൂടാതെ അരളി , ചെത്തിപ്പൂവ് , കോളാമ്പിപ്പൂവ് , അരിപ്പൂ , ചെമ്പരത്തി എന്നിങ്ങനെയുള്ള പൂക്കൾ ഞങ്ങളുടെയും അയല്പക്കക്കാരുടെയും പറമ്പുകളിൽ നിന്നും കിട്ടിയിരുന്നു. വീടിനടുത്തുള്ള വയൽ വരമ്പിൽ നിന്നും കാക്കപ്പൂവും അവിടെയുണ്ടായിരുന്ന പൊട്ടകുളത്തിൽ നിന്നും പൂത്താളിയും(ആമ്പൽ) വരിയും (പച്ച നിറത്തിലുള്ള നെൽക്കതിർ പോലെയുള്ള ഒരുതരം ചെടി) പറിക്കാൻ വീട്ടിൽ പണിക്കു വന്നിരുന്ന ചേച്ചിയെയും കൂട്ടിയാണ് പോകാറ് . കാരണം എനിക്ക് പേടിയാണ് കുളത്തിൽ ഇറങ്ങാൻ . ആ ചേച്ചിയാകട്ടെ അപാര ധൈര്യശാലിയും . അങ്ങനെ എല്ലാ പൂക്കളും ശേഖരിച്ചു വീട്ടിലെത്തുമ്പോൾ ഒരു വലിയ അധ്വാനം കഴിഞ്ഞു വന്ന പ്രതീതിയാണ് .

അങ്ങനെ 8 ദിവസം വരെ നാടൻ പൂക്കൾ കൊണ്ട് പൂക്കളം തീർക്കും. പ്രധാന ദിവസങ്ങളായ ഒൻപതും പത്തും ദിവസങ്ങളിൽ പൂക്കളത്തിന്റെ വലിപ്പവും ഭംഗിയും കൂട്ടാനായി കടയിൽ നിന്നും ജമന്തിപ്പൂ, മല്ലിപ്പൂ, റോസാപ്പൂ എന്നിങ്ങനെ കുറച്ചു പൂക്കൾ വാങ്ങിക്കും. ആ രണ്ടു ദിനങ്ങളിലും പൂക്കളം ചോക്ക് വച്ച് അടിപൊളിയായി വരച്ചു തരുന്നത് വരയിൽ പ്രഗൽഭനായ എൻ്റെ ചേട്ടനാണ്. ഞാനും പടം വരയും തമ്മിൽ തീരെ ചേരില്ല! രാവിലെ തന്നെ കുളിച്ചു ഓണക്കോടിയുമുടുത്തു പത്രക്കടലാസ്സിൽ പൂക്കൾ ഉതിർത്ത് ഓരോ നിറങ്ങളായി തരം തിരിച്ചു വച്ച് ഞങ്ങൾ രണ്ടു പേരും കൂടി പൂക്കളം ഇടുകയായി...മാവേലിത്തമ്പുരാനെ വരവേൽക്കാൻ.

കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ ഓണം ആഘോഷിക്കാൻ വല്യമ്മയുടെയും വല്യച്ചന്റെയും കൂടെ അമ്മയുടെ രണ്ടു അനുജത്തിമാരും കുടുംബവും ഞങ്ങളുടെ വീട്ടിൽ വന്നു തുടങ്ങി.അങ്ങനെ ഞങ്ങൾ കസിൻസ് അടങ്ങുന്ന പെൺപടയുടെ പൂക്കളമിടീലും അമ്മമാരുടെ സദ്യ വയ്പ്പും പുരുഷന്മാരുടെതായ ‘ആഘോഷങ്ങളും’ ഒക്കെ കഴിഞ്ഞു ഉച്ചയായാൽ എല്ലാവരും ഒരുമിച്ചു നിലത്ത് ചമ്രം പടിഞ്ഞിരുന്ന് തൂശനിലയിൽ പായസമടങ്ങുന്ന ഗംഭീര സദ്യ കഴിക്കുമ്പോഴുണ്ടാകുന്ന ആനന്ദം പറഞ്ഞറിയിക്കാനാവില്ല.അത് കഴിഞ്ഞു ടിവി യിൽ സംപ്രേക്ഷണം ചെയ്യുന്ന പ്രത്യേക തിരുവോണദിന ചലച്ചിത്രവും കണ്ടാൽ എല്ലാം ശുഭം.

വിവാഹ ശേഷം ഇതു വരെ എനിക്ക് ഒന്നോ രണ്ടോ വർഷം മാത്രമേ സ്വന്തം നാട്ടിൽ ഓണം കൂടാൻ കഴിഞ്ഞുള്ളു . എങ്കിലും ബാക്കി കുടുംബത്തിലുള്ളവർ ഇന്നും ഈ ഓണ ദിന കുടുംബസമാഗമം തുടർന്നു കൊണ്ടു പോരുന്നു . കല്യാണം കഴിഞ്ഞു പോയവരിൽ എല്ലാവരും ഓണത്തിന് നാട്ടിലെത്താൻ ശ്രമിക്കാറുണ്ട്..കസിൻസ് എല്ലാവരും ഒരുമിച്ചുണ്ടാകാറുള്ളത് വളരെ വിരളമാണ്. ഇന്നത്തെ കാലത്ത് 10 ദിവസങ്ങളിലും പൂക്കളമിടാനൊന്നും ആർക്കും സമയമില്ല. അത് പലപ്പോഴും തിരുവോണ ദിവസത്തെ പൂക്കളത്തിൽ ഒതുങ്ങുന്നു. അതു പോലെ പണ്ട് യഥേഷ്ടം ഉണ്ടായിരുന്ന പല നാടൻ പൂവുകളും ഇന്ന് അന്യം നിന്നു കൊണ്ടിരിക്കുകയാണ് . പൂക്കളമെന്ന ആശയം ആദ്യ കാലങ്ങളിൽ എല്ലായിടത്തും ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം . ഇപ്പോൾ പൂക്കളമിടീൽ ഒരു മത്സരമായും പലയിടത്തും നടത്തപ്പെടുന്നു .

“മാവേലി നാടു വാണീടും കാലം,മാനുഷരെല്ലാരും ഒന്നു പോലെ” എന്ന പാട്ടിലെ വരികൾ നോക്കിയാൽ ഇന്ന് നമ്മുടെ നാട് അതിന്റെയൊക്കെ വിപരീതമാണെന്ന് ആർക്കും മനസ്സിലാക്കാവുന്ന കാര്യമാണ്. സ്വാർത്ഥ ചിന്താഗതിയും പണത്തോടുള്ള അതിമോഹവും മനുഷ്യനെ അന്ധനാക്കുന്നു. കള്ളവും ചതിയുമൊക്കെ പെരുകിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മഹാബലിയുടെ കാലത്തെ നന്മയും ഒത്തൊരുമയും നിറഞ്ഞ നാളുകൾ വീണ്ടും വന്നിരുന്നെങ്കിലെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു.

Thursday, November 15, 2018

തുടരാതെ പോയ നൃത്തപഠനം



ഒട്ടു മിക്ക പെൺകുട്ടികളെയും പോലെ നൃത്തം എന്നത് എന്റെയും ഏറ്റവും വല്യ ഇഷ്ടങ്ങളിൽ ഒന്നാണ്.ഒരു തരം ആരാധനയാണ് എന്നും നൃത്ത കലയോടും നർത്തകരോടും.. നൃത്തം പഠിക്കുകയെന്നത് ചെറുപ്പം മുതലേ എൻെറ മോഹമായിരുന്നു. അത് ഇന്നു കാണും പോലെയുള്ള മത്സരബുദ്ധി കൊണ്ടൊന്നും ആയിരുന്നില്ല... മറിച്ചു നൃത്തത്തോടുള്ള അഭിനിവേശം കാരണമായിരുന്നു. കുട്ടിയായിരിക്കുമ്പോൾ തന്നെ ചില ‘അടിപൊളി’ സിനിമാപ്പാട്ടുകളുടെ താളത്തിനൊത്തു സ്വയം വികസിപ്പിച്ചെടുത്ത ചുവടുകൾ വച്ച് വീട്ടിൽ എൻ്റെ വക ഡാൻസ് പരിപാടി ഉണ്ടാവാറുണ്ട് .ആ ‘പ്രകടനങ്ങൾ’ കണ്ടിട്ടാണെന്നു തോന്നുന്നു അമ്മയും അച്ഛനും എൻ്റെ ഡാൻസ് പഠിക്കാനുള്ള ആഗ്രഹത്തിന് പച്ചക്കൊടി കാണിച്ചു.


അങ്ങനെ എട്ടാമത്തെ വയസ്സിൽ മൂത്തഛന്റെ മകൾ പഠിക്കാൻ പോയിരുന്ന , വീട്ടിൽ നിന്നും അൽപ്പം അകലെയുള്ള രഞ്ജിനി ടീച്ചറുടെ വീട്ടിൽ ഞാനും ഡാൻസ് പഠനത്തിന് ചേർന്നു. ആ വീട്ടിലേക്കുള്ള വഴി ഞാൻ മുൻപ് എഴുതിയ ഓർമ്മകുറിപ്പിൽ പ്രതിപാദിച്ച കൂലോത്ത് ക്ഷേത്രക്കുളത്തിന്റെ അടുത്ത് കൂടെയായിരുന്നു ..അവിടെ പാമ്പ് ഉണ്ടാകുമെന്ന് ആരോ പറഞ്ഞു പേടിപ്പിച്ചത് കാരണം ‘അമ്മേ ദേവീ കാത്തോളണേ’ എന്ന് പ്രാർത്ഥിച്ചിട്ടാണ് എന്നും ഡാൻസ് പഠിക്കാൻ പോവുക. ഒരു നൃത്താദ്ധ്യാപികയ്ക്കു വേണ്ട എല്ലാ ഗുണങ്ങളും രഞ്ജിനി ടീച്ചറിൽ ഉണ്ടായിരുന്നു . പഠനത്തിൽ വളരെ കർക്കശക്കാരിയായിരുന്ന ടീച്ചർ ചെറിയ പിഴവ് പറ്റിയാൽ പോലും നന്നായി വഴക്കു പറയുമായിരുന്നു . ആദ്യമൊക്കെ അരമണ്ഡലത്തിൽ ഇരുന്നുള്ള നൃത്തപരിശീലനം കഠിനമായി തോന്നി. എങ്കിലും ഡാൻസ് ചെയ്യുമ്പോൾ കിട്ടിയിരുന്ന മാനസിക സന്തോഷത്തിനു മുന്നിൽ അതൊന്നും കാര്യമായി തോന്നിയില്ല.അവിടെ വച്ച് കുറെ നല്ല സുഹൃത് ബന്ധങ്ങളുണ്ടായി ... ഞാൻ ക്ലാസ്സിൽ ചേർന്ന് കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഞങ്ങളുടെ പുന്നോൽ ശ്രീനാരായണ മഠത്തിന്റെ വകയായുള്ള ചതയദിനാഘോഷ പരിപാടിയുടെ ഭാഗമായി രഞ്ജിനി ടീച്ചറുടെ കുട്ടികളുടെ ഡാൻസ് പ്രോഗ്രാമും ഉണ്ടായിരുന്നു . അങ്ങനെ എനിക്കും അതിന്റെ ഭാഗമാകാൻ കഴിഞ്ഞു. അതിനു വേണ്ടി നാടോടി നൃത്തത്തിലും [സോളോ പെർഫോമൻസ്] ഗ്രൂപ്പ് ഡാൻസിലും ആണ് എന്നെ പരിശീലിപ്പിച്ചത്. നാടോടി നൃത്തത്തിൽ ഒരു കുറത്തിയായിട്ടായിരുന്നു വേഷം . ഗ്രൂപ്പ് ഡാൻസിന്റെ വിഷയം കണ്ണനും ഗോപികമാരും ആയിരുന്നു . അതിലെ ഒരു ഗോപികയുടെ വേഷമായിരുന്നു എനിക്ക് .


കുറെ ദിവസങ്ങളിലെ പരിശീലനങ്ങൾക്കൊടുവിൽ പരിപാടി ദിനം വന്നെത്തി . നൃത്ത പരിപാടിയിൽ ആദ്യം തന്നെ എൻ്റെ നാടോടി നൃത്തമായിരുന്നു .അത് തെറ്റൊന്നും കൂടാതെ ഭംഗിയായി പൂർത്തിയാക്കാൻ എനിക്ക് കഴിഞ്ഞു . അതിനു ശേഷം മറ്റു കുട്ടികളുടെ അവതരണം ഉണ്ടായിരുന്നതിനാൽ എനിക്ക് വേഷം മാറി ഗ്രൂപ്പ് ഡാൻസിലെ വേഷം ഇടാനും അതിന്റെ അരങ്ങേറ്റത്തിന് മുന്പുളള പരിശീലനം നടത്താനും സമയംകിട്ടി. അപ്പോഴാണ് ടീച്ചറും ഞങ്ങളും ഒരു കാര്യം ശ്രദ്ധിച്ചത് . ഗ്രൂപ്പ് ഡാൻസിലെ ആദ്യ സ്റ്റെപ്പിൽ 3 ഗോപികമാർ കണ്ണനായിട്ടു വേഷമിട്ട കുട്ടിയുടെ ഒരു ഭാഗത്തും ബാക്കി 3 ഗോപികമാർ മറുഭാഗത്തും കൂടി വന്ന് ഒരുമിച്ചു വന്നു ഒരു നിരയിൽ നിൽക്കുന്ന ഭാഗമുണ്ട്. അതിൽ എൻ്റെ മുന്നിലുള്ള ഗോപികയായി വേഷമിട്ട കുട്ടി വളരെ പതുക്കെ പോകുന്നത് കാരണം കറക്റ്റ് സമയത്തു ഒരുമിച്ചു നില്ക്കാൻ പറ്റുന്നില്ല . അവൾ അത് ശരിയാക്കുന്ന ലക്ഷണം കാണാത്തതിനാൽ ടീച്ചർ ഒരു പൊടികൈ എനിക്ക് പറഞ്ഞു തന്നു . ഞാൻ അൽപ്പം വേഗത്തിൽ നടക്കുക. അപ്പോൾ പതിയെ നടന്നാൽ വീഴുമെന്നു പേടിച്ചു അവളും വേഗത്തിൽ നടന്നോളും... അത് സ്റ്റേജിൽ പ്രാവർത്തികമാക്കാൻ ശ്രമിച്ചപ്പോൾ ആ കുട്ടി അക്ഷരാർത്ഥത്തിൽ വീഴുകയുണ്ടായി . ഒന്ന് പേടിച്ചെങ്കിലും അവൾ ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ വേഗം എഴുന്നേറ്റു ബാക്കി നൃത്തം ഞങ്ങളോടൊപ്പം ഭംഗിയായി പൂർത്തിയാക്കി . ഇന്നും ഞങ്ങളുടെ ആ ഡാൻസ് ക്ലാസ്സിലെ സുഹൃത് ബന്ധം നിലനിൽക്കുന്നു. ഇടയ്ക്ക് എപ്പോഴെങ്കിലും കാണുമ്പോൾ അവൾ തമാശയായി പറയും “ അന്ന് ഡാൻസ് കളിച്ചപ്പോൾ എന്നെ തള്ളിയിട്ടില്ലേ” എന്ന് .


നിർഭാഗ്യകരമെന്നു പറയട്ടെ, ആ ഡാൻസ് പഠിത്തം അധികം കാലം നീണ്ടു നിന്നില്ല . കാരണം രഞ്ജിനി ടീച്ചർ വേറെ വീട് വച്ച് അവിടെ നിന്നും താമസം മാറിപ്പോയി. അതിനു ശേഷം നിരവധി സ്കൂൾ ഡാൻസ് പ്രോഗ്രാമുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും നൃത്ത പഠനം ശരിയായ രീതിയിൽ തുടരാൻ കഴിഞ്ഞില്ല. ഇന്നും മനസ്സിൽ അത് ഒരു വേദനയായി, തീരാ മോഹമായി തുടരുന്നു. ഭരതനാട്യവും,മോഹിനിയാട്ടവും ഒക്കെ പഠിക്കാനായി വീണ്ടും ചിലങ്കയണിയണമെന്ന് പലവുരു മനസ്സ് ആഗ്രഹിച്ചിട്ടുണ്ട്...തിരക്കു പിടിച്ച ജീവിത യാത്രയിൽ പലപ്പോഴും നമ്മുടെ [ പ്രത്യേകിച്ചും സ്ത്രീകളുടെ ] ആഗ്രഹങ്ങളെ ആഗ്രഹങ്ങളായിത്തന്നെ മാറ്റിവയ്‌ക്കപ്പെടേണ്ടി വരുന്നു. എന്നെങ്കിലും ഈ ആഗ്രഹ സഫലീകരണമുണ്ടാകുമെന്ന പ്രതീക്ഷയുടെ നാളം മനസ്സിൽ കെടാതെ സൂക്ഷിക്കുന്നു … ഒരു പാട്ടിൻ്റെ വരികൾ ഓർമ വരുന്നു .”വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം “...

Thursday, November 8, 2018

വല്യച്ഛൻ്റെ അംഗരക്ഷക



മാതാപിതാക്കളുടെയും മാതാപിതാക്കൾ...നമ്മുടെ പ്രിയപ്പെട്ട അച്ചാച്ചൻ-അച്ഛമ്മമാർ...വല്യച്ഛൻ-അമ്മമ്മമാർ [പലയിടത്തും വിളിപ്പേരുകൾ വ്യത്യസ്തങ്ങളായിരിക്കാം] … അച്ഛനമ്മമാർ കഴിഞ്ഞാൽ കുട്ടികളെ സ്നേഹവാത്സല്യങ്ങൾ കൊണ്ട് മൂടുന്ന, നല്ല കഥകൾ പറഞ്ഞുറക്കുന്ന, ഉപദേശങ്ങൾ വാരിക്കോരി തരുന്ന, ചിലപ്പോൾ നമുക്കു വേണ്ടി അച്ഛനമ്മമാരോട് വരെ വാദിക്കുന്ന വേറെ ആരും കാണില്ല ഈ ഭൂമിയിൽ അവരല്ലാതെ…


ഈ ഓർമ്മകൾ സ്നേഹനിധിയായ എന്റെ വല്യച്ഛനെപ്പറ്റിയാണ് (അമ്മയുടെ അച്ഛൻ) . ‘ വെല്ലിച്ഛൻ ’ എന്നാണ് വിളിക്കാറ് . പത്തിരുപതു കൊല്ലം ഇന്ത്യയുടെ പല സ്ഥലങ്ങളിലായി പട്ടാളത്തിൽ ഹവില്ദാരായി സേവനമനുഷ്‌ഠിച്ച ആളാണ് വല്യച്ഛൻ. വിരമിച്ചതിനു ശേഷം നാട്ടിൽ തന്നെ വീട് വച്ച് സ്ടിരതാമസമാക്കി . ഞങ്ങളുടെ വീട്ടിൽ നിന്നും നടക്കാൻ 10 മിനുട്ട് ദൂരമേ ഉണ്ടായിരുന്നുള്ളു വല്യമ്മയും വല്യച്ഛനും മാത്രമായ [എല്ലാ മക്കളും കല്യാണ ശേഷം വേറെ വേറെ സ്ഥലങ്ങളിലേക്ക് പോയി] ആ വീട്ടിലേക്ക് . അതിനാൽ തന്നെ ആ വീട്ടിലെ നിത്യസന്ദർശകയായിരുന്നു ഞാൻ . എന്താവശ്യമുണ്ടെങ്കിലും കുട്ടിയായ എന്നെയാണ് അങ്ങോട്ട് പറഞ്ഞു വിടുക. മധ്യവേനലവധിക്ക് സ്കൂൾ അടച്ചാൽ അവർക്കൊരു കൂട്ടായി മിക്കവാറും ദിവസങ്ങളിൽ ഞാൻ അവിടെ താമസിക്കുമായിരുന്നു. എല്ലാ പട്ടാളക്കാരെയും പോലെ വല്യച്ചനും ഭയങ്കര ഇഷ്ടമായിരുന്നു പട്ടാള കഥകൾ പറയാൻ... വല്യച്ഛൻന്റെ ആ കഥകളൊക്കെ കേട്ട്, വല്യമ്മയുടെ സ്വാദിഷ്ഠമായ പലഹാരങ്ങൾ ഒക്കെ കഴിച്ചു് , ഇടയ്ക്കു അടുക്കളപ്പണിയിൽ ഒരു കൈ സഹായിച്ചു ഒക്കെ ആ രണ്ടു മാസം അങ്ങനെ കടന്നു പോകും. ഏറ്റവും മൂത്ത മകളുടെ കുട്ടിയായ എനിക്ക് കിട്ടിയിരുന്ന ഈ സ്നേഹവാത്സല്യങ്ങളും പരിഗണനയും പിന്നീട് ഉണ്ടായ പേരക്കുട്ടികൾക്കൊന്നും അനുഭവിക്കാൻ കഴിയാതെ പോയി എന്നുള്ളതാണ് സത്യം.


വല്യച്ഛന് പ്രായമായിത്തുടങ്ങിയപ്പോൾ തിമിരം ബാധിച്ചു കണ്ണുകളുടെ കാഴ്ച മങ്ങിത്തുടങ്ങിയ കാലം. ആ ചെറിയ മങ്ങലും വച്ച് ഞങ്ങളുടെ വീട്ടിലും മറ്റു അടുത്തുള്ള സ്ടലങ്ങളിലും വല്യച്ഛൻ വരുമായിരുന്നു.ചിലപ്പോൾ വഴി തെറ്റി ആളുകൾ വീട്ടിലെത്തിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട് . വീട്ടിലേക്കു വരുമ്പോൾ നട വഴി തുടങ്ങുന്നിടത്തു വച്ച് തന്നെ എൻ്റെ പേര് ഉറക്കെ വിളിക്കുമായിരുന്നു .. അവിടെ നിന്ന് വീട്ടിലോട്ട് എൻ്റെ കൈയ്യും പിടിച്ചു്...വേറെ എങ്ങോട്ടു പോകണമെങ്കിലും എന്നെയും കൂട്ടിയിട്ടേ വല്യച്ഛൻ പോകൂ..നടക്കുമ്പോൾ വല്യ കല്ലുകളും കുഴികളും ഒക്കെ പറഞ്ഞു കൊടുത്തു കൈ പിടിച്ച് നേർവഴിക്കു നടത്താൻ ഞാനേ ഉണ്ടായിരുന്നുള്ളു എന്ന് വേണം പറയാൻ! അങ്ങനെയിരിക്കെ ഒരു ദിവസം വല്യച്ഛൻ എന്നെയും കൂട്ടി പതിവ് പോലെ റേഷൻ കടയിൽ പോയി. റേഷൻ കടക്കാരൻ ചന്ദ്രൻ ചേട്ടൻ കുശലങ്ങളൊക്കെ പറഞ്ഞതിനു ശേഷം വല്യച്ചനോട് പറഞ്ഞു “ എന്തിനാ ഇങ്ങനെ കാഴ്ചക്കുറവും വച്ച് തപ്പിത്തടഞ്ഞു ഇത്ര ദൂരം വരുന്നത്.. വേറെ ആരെയെങ്കിലും പറഞ്ഞു വിട്ടു അരിയൊക്കെ വാങ്ങിപ്പിച്ചാൽ പോരെ” . അപ്പോൾ വല്യച്ഛൻ മറുപടി പറഞ്ഞത് എന്നെ ചൂണ്ടിയാണ്... “ഇവളുണ്ടല്ലോ എനിക്ക് ‘ബോഡിഗാർഡ്’ ആയിട്ട്..പിന്നെ ഞാനെന്തിനാ പേടിക്കുന്നെ” എന്ന്. ഒരു വല്യ ഉത്തരവാദിത്തപ്പെട്ട ‘സ്ഥാനം’ എനിക്ക് കല്പിച്ചു തന്നതു പോലെ തോന്നി .. എന്ത് കൊണ്ടോ ആ ബഹുമതി എനിക്കിഷ്ടപ്പെട്ടു ...


കുറച്ചു കാലം കൂടി കഴിഞ്ഞപ്പോൾ വല്യച്ഛന്റെ കാഴ്ച പൂർണ്ണമായും മങ്ങിത്തുടങ്ങി . അതിനു ശേഷവും വര്ഷങ്ങളോളം സ്വന്തം കാര്യങ്ങൾ കാഴ്ച ഉണ്ടായിരുന്നപ്പോഴുള്ള അതേ രീതിയിൽ തുടരാൻ കഴിഞ്ഞത് വല്യച്ഛൻറെ ആത്മവിശ്വാസവും പട്ടാളച്ചിട്ടയും ഒന്നു കൊണ്ട് മാത്രമാണ്... പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്...ഊന്നു വടിയുടെ സഹായം ഇല്ലാതെ കൈകൾ കൊണ്ട് ചുമരുകൾ പിടിച്ചു പിടിച്ചു നടന്നു പ്രഭാത കർമ്മങ്ങൾ മുതൽ എന്നും മുടങ്ങാതെയുള്ള വ്യായാമം, കുളി, ഭക്ഷണം കഴിക്കൽ, ആഴ്ചയിൽ രണ്ടു പ്രാവശ്യമുള്ള ക്ഷൗരം ചെയ്യൽ തുടങ്ങീ എല്ലാ കാര്യങ്ങളും സ്വന്തമായി, വൃത്തിയായി ചെയ്യുമായിരുന്നു.


ഈ അവസ്ഥയിൽ എൻ്റെ മർമ്മപ്രധാനമായ പങ്ക് കടന്നു വരുന്നത് മാസാവസാനം പോസ്റ്റുമാൻ വേണുച്ചേട്ടൻ പെൻഷൻ കാശുമായി വരുമ്പോഴാണ്. കാഴ്ചയില്ലാതെ വല്യച്ഛൻ പണം കൈകാര്യം ചെയ്തിരുന്ന രീതി ആരെയും അത്ഭുതപ്പെടുത്തും.. കൈയിൽ കിട്ടുന്ന നോട്ടുകളെയും ചില്ലറ പൈസയെയും ഒക്കെ കൈ കൊണ്ട് പിടിച്ചു നോക്കി കൃത്യമായി എത്രയാണെന്ന് പറയുമായിരുന്നു.. പെൻഷൻ കാശ് ആദ്യം സ്വയം എണ്ണി തിട്ടപ്പെടുത്തും. വേറെ ആരെയും അത്രയ്ക്ക് വിശ്വാസം പോരാത്തതു കൊണ്ട് പിന്നീട് അത് എന്നെ കൊണ്ട് ഒന്ന് കൂടെ എണ്ണിക്കും.വല്യമ്മയ്ക്കു മാസച്ചിലവിനു കൊടുക്കാനുള്ളത് കൊടുത്തതിനു ശേഷം എപ്പോഴും കൊണ്ട് നടക്കുന്ന കണ്ണടക്കൂടിൽ നിന്നും എനിക്ക് ഇരുമ്പു പെട്ടിയുടെ താക്കോൽ എടുത്തു തരും ബാക്കി പൈസ ഭദ്രമായി കൊണ്ട് വയ്ക്കാൻ. എന്നിലുള്ള വിശ്വാസം കാത്തു സൂക്ഷിക്കാൻ ഞാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു. അതിനാൽ ഇടയ്ക്ക് വല്യമ്മ ചോദിച്ചാലും ഒരിക്കൽ പോലും വല്യച്ഛനറിയാതെ പൈസ ഞാൻ എടുത്തു കൊടുത്തിരുന്നില്ല. എന്നോടുള്ള സ്നേഹവും വിശ്വാസ്യതയും കാരണം എൻ്റെ പത്താമത്തെ പിറന്നാളിന് ഒരു സ്വർണ്ണമോതിരം വാങ്ങിക്കാൻ വല്യച്ഛൻ പൈസ തന്നു. എന്നെ സംബന്ധിച്ചിടത്തോളം ആ മോതിരം വിലമതിക്കാനാവാത്ത ഒരു നിധി തന്നെയായിരുന്നു...വേറെ ആർക്കും കിട്ടാതെ പോയ നിധി…

കാലങ്ങൾ പിന്നെയും കടന്നുപോയപ്പോൾ വല്യച്ഛന്റെ ഓർമ്മശക്തി നശിച്ചു..പിന്നീട് കുറേക്കാലം കിടപ്പിലായിരുന്നു . ഈ കുറിപ്പ് അൽപ്പം നീണ്ടു പോയാലും ഒരു സുപ്രധാന കാര്യം കൂടെ എനിക്ക് പറയാനുണ്ട് . ഞാൻ രണ്ടാം വർഷ MCA യ്ക്ക്  പഠിക്കുമ്പോഴാണ് വല്യച്ഛൻ ഞങ്ങളെ വിട്ടു പിരിഞ്ഞത് . പിറ്റേ ദിവസം പ്രധാനപ്പെട്ട സെമസ്റ്റർ എക്സാം ആയതു കൊണ്ട് വല്യച്ഛൻ മരിച്ച വിവരം വൈകിയാണ് എന്നെ അറിയിച്ചത്..അവസാനമായി ഒരു നോക്ക് കാണാൻ പോകാൻ പറ്റാത്തതിന്റെ വിഷമത്തിൽ അന്ന് മുഴുവനും ഹോസ്റ്റൽ മുറിയിൽ കരഞ്ഞു തളർന്നു കിടക്കുകയായിരുന്നു ഞാൻ . എൻ്റെ കൂടെയുള്ള റൂംമേറ്റ് പുറത്തു പോയ സമയം...മുറിയുടെ വാതിൽ ചാരിയിട്ടിരിക്കുകയായിരുന്നു…പാതിമയക്കത്തിലായിരുന്ന ഞാൻ വാതിലിൽ ഒരു മുട്ട് കേട്ടു. കണ്ണ് തുറക്കാതെ തന്നെ ഞാൻ പറഞ്ഞു കേറി വാ..മുറി പൂട്ടിയിട്ടില്ലെന്ന്...വാതിൽ തുറന്നു ആരോ അകത്തു കയറി... നന്നായി കിതയ്ക്കുന്ന ഒച്ച എനിക്ക് കേൾക്കാമായിരുന്നു...ഒരു 2-3 സെക്കൻഡ്..പെട്ടന്ന് ഞാൻ കണ്ണ്തുറന്നു . നോക്കിയപ്പോൾ ആരും ഇല്ലായിരുന്നു . വാതിൽ ചാരി തന്നെയാണ് കിടന്നിരുന്നത്..അപ്പോൾ എനിക്കുറപ്പായി എന്റെ അരികിൽ വന്നത് വേറെ ആരും അല്ല എന്റെ പ്രിയപ്പെട്ട വല്യച്ഛന്റെ ആത്മാവായിരുന്നു ..

ആ ഒരു നിശബ്ദമായ കണ്ടുമുട്ടൽ...അതിനു ശേഷം സമാധാനത്തോടെ വല്യച്ഛന്റെ ആത്മാവ് മടങ്ങിയിരിക്കാം...വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് എനിക്കുണ്ടായ അനുഭവമാണ് [ഒരു പക്ഷെ എൻ്റെ തോന്നൽ മാത്രമായിരിക്കാം]… നമ്മുക്ക് പ്രിയപ്പെട്ടവർ ഈ ലോകത്തുനിന്നും മണ്മറഞ്ഞാലും ചിലപ്പോൾ അവരുടെ സാന്നിധ്യം എവിടെയൊക്കെയോ [സ്വപ്നത്തിലും ഇടയ്ക്കു കണ്ടെന്നു വരാം] നമുക്ക് അനുഭവപ്പെട്ടേക്കാം …

പ്രിയപ്പെട്ട വല്യച്ഛന്റെ ആത്മാവിനു നിത്യശാന്തി നേർന്നു കൊണ്ട് നിര്ത്തുന്നു.

Saturday, November 3, 2018

നമ്പൂതിരി മാഷിന്റെ ചൂരൽ കഷായം

എൻ്റെ വിദ്യാലയം



“ തിങ്കളും താരങ്ങളും തൂവെള്ളിക്കതിർ ചിന്നും തുങ്കമാം വാനിൻ ചോട്ടിലാണെന്റെ വിദ്യാലയം “ …മഹാകവി ഓളപ്പമണ്ണയുടെ ഇന്നും മറക്കാനാവാത്ത വരികൾ ...വേറെ എത്ര വിദ്യാലയങ്ങളിൽ പഠിച്ചാലും ആദ്യാക്ഷരങ്ങൾ പഠിപ്പിച്ചു തന്ന അദ്ധ്യപകരും വിദ്യാലയവും നമ്മുടെ ഓർമച്ചെപ്പിലെ പൊൻതൂവലുകളാണ്… എന്റെ ആദ്യ വിദ്യാലയത്തിലെ പ്രധാനാദ്ധ്യാപനെ കുറിച്ചാണ് ഈ ഓർമ്മക്കുറിപ്പ് .


“നമ്പൂരി മാഷ്” അങ്ങനെയാണ് ഞങ്ങൾ കുട്ടികൾ അദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടികൾ മാത്രമല്ല സ്കൂളിലെ ബാക്കി അദ്ധ്യാപകരും അങ്ങനെ തന്നെയാണ് അദ്ദേഹത്തെ വിളിച്ചിരുന്നത് .( ശെരിയായ പേര് ഇപ്പോഴും അറിയില്ല ). പുന്നോൽ L P സ്കൂളിൽ നമ്പൂതിരി മാഷിന്റെ കീഴിൽ പഠിച്ചവരാരും അദ്ദേഹത്തിന്റെ ചൂരൽ കഷായത്തിന്റെ രുചി മറക്കാൻ വഴിയില്ല .ഒരിക്കലെങ്കിലും അത് അനുഭവിക്കാത്തവർ വിരളമാണ് . ശിശുക്ലാസ്സ് (ഇന്നത്തെ പ്രീ പ്രൈമറി ക്ലാസ്) മുതൽ നാലാം ക്ലാസ് വരെയുള്ള ആ സ്കൂളിലെ പ്രധാനാദ്ധ്യാപകനായിരുന്ന അദ്ദേഹം ഭയങ്കര കർക്കശ്യക്കാരനായിരുന്നു. ഘന ഗാഭീര്യമാർന്ന മുഖത്തോടെ കൈയിൽ ചൂരൽ വടിയുമായിട്ടാണ് എന്നും മാഷ് നടക്കുക. അദ്ധ്യാപകർ ഇല്ലാത്ത ക്ലാസ്സുകളിലും സ്കൂൾ പരിസരങ്ങളിലും എപ്പോഴും മാഷ് മിന്നൽ പരിശോധന നടത്തും .എത്ര വികൃതിയായ കുട്ടികൾ പോലും മാഷിൻറെ നിഴൽവെട്ടം കണ്ടാൽ നിശ്ശബ്ദരാകുമായിരുന്നു. അത്രയ്ക്ക് പേടിയായിരുന്നു എല്ലാവര്ക്കും ആ ചൂരലിനെ .


നാലാം ക്ലാസ്സിൽ എത്തിയപ്പോഴാണ് എനിക്ക് ചൂരൽപ്പേടി കൂടിയത്..കാരണം വേറൊന്നുമല്ല … എന്നെ ഏറ്റവും കുഴക്കിയ നാലാം ക്ലാസ്സിലെ കണക്കായിരുന്നു നമ്പൂതിരി മാഷിന്റെ പ്രധാന പഠന വിഷയം … ഗുണനവും ഹരണവും ക്ലാസ്സിൽ പഠിപ്പിക്കാൻ തുടങ്ങിയ സമയം..എന്താണെന്നറിയില്ല മാഷ് എത്ര തന്നെ പഠിപ്പിച്ചിട്ടും എന്റെ കുഞ്ഞു തലച്ചോറിനു അതിന്റെ സങ്കീർണ്ണതകൾ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല . അതു വരെ പഠിച്ച കണക്കൊന്നും കണക്കല്ലതായി തോന്നി . കണക്ക് ശെരിക്കും തലവേദനയായി മാറി. ക്ലാസ്സിൽവച്ച് ചെയ്യാൻ പറഞ്ഞാലും വീട്ടിൽ വച്ച് ചെയ്യാൻ തന്നാലും പലപ്പോഴും എന്റെ ഉത്തരങ്ങൾ തെറ്റിത്തുടങ്ങി. ഗൃഹപാഠം ചെയ്യാത്തവരെയും ഉത്തരങ്ങൾ തെറ്റിച്ചവരെയും മേശയുടെ അടുത്ത് വിളിച്ചു ശിക്ഷ തരുന്നതിനു മുന്നേ മാഷ്‌ടെ ഒരു ചോദ്യമുണ്ട് അടി വേണോ അതോ നുള്ളു വേണോ എന്ന്.
ഒന്നും പറയാതിരുന്നാൽ മാഷിന്റെ ദേഷ്യം കൂടും. അത് കൊണ്ട് ഏതേലും ഒന്ന് തിരഞ്ഞെടുത്തെ പറ്റൂ . രണ്ടായാലും നല്ല വേദനയാണ്. പലപ്പോഴായി ചൂരൽ കഷായം കിട്ടിത്തുടങ്ങിയപ്പോൾ സ്കൂളിൽ പോകുന്നത് നിർത്തിയാലോ എന്ന് വരെ ഞാൻ ചിന്തിച്ചു . വീട്ടിൽ വച്ച് അമ്മ പഠിപ്പിക്കാൻ നോക്കിയിട്ടും തലയിൽ കയറുന്നില്ല..ഒടുവിൽ അമ്മയുടെ നിർദ്ദേശപ്രകാരം മൂത്തമ്മയുടെ (അച്ഛന്റെ ഏട്ടന്റെ ഭാര്യ) അടുത്ത് കണക്ക് പഠിക്കാൻ പോയിത്തുടങ്ങി . വളരെയധികം ക്ഷമാ ശീലമുള്ള എന്റെ പ്രിയപ്പെട്ട മൂത്തമ്മയാണ്  ഗുണന ഹരണത്തെകുറിച്ചുള്ള എല്ലാ ‘അസ്പഷ്ടദുർഘട’ സംശയങ്ങളും ദൂരീകരിച്ചു അത് മനസിലാക്കിത്തന്നത്.

കണക്കിനെയും മാഷിന്റെ ചൂരലിനെയും പേടി ഇല്ലാതെ ക്ലാസ്സിൽ ഇരിക്കാൻ തുടങ്ങിയത് അതിനു ശേഷമാണ്. അടിക്കുമ്പോൾ ഒട്ടും ദാക്ഷിണ്യം മാഷ് കാണിക്കാറില്ലായിരുന്നെങ്കിലും പിന്നീടൊരിക്കലും അതിന്റെ പേരിൽ മാഷിനെയോ സ്കൂളിനെയോ വെറുത്തിട്ടില്ല ...ആ ശിക്ഷകൾ എല്ലാം കുട്ടികളുടെ നന്മയ്ക്ക് വേണ്ടിയായിരുന്നു എന്ന് ചിന്തിക്കാനാണെനിക്കിഷ്ടം... (ഇന്നത്തെ കാലത്തായിരുന്നേൽ പിള്ളേരെ തല്ലിഎന്നും പറഞ്ഞു മാതാപിതാക്കൾ അദ്ധ്യപകർക്കെതിരെ കേസ് കൊടുത്തേനെ) ... പിന്നീട് മലമ്പുഴയിലേക്ക് ഞങ്ങൾ നാലാം ക്ലാസ്സുകാരെയും കൊണ്ട് വിനോദയാത്ര പോയപ്പോൾ വടിയെടുക്കാത്ത, തമാശകൾ പറയുന്ന, സൗമ്യനായ ഒരു നമ്പൂരി മാഷിനെയും ഞങ്ങൾക്കു കാണാൻ കഴിഞ്ഞു.


ഇതെഴുതിയപ്പോൾ അവിടുത്തെ എല്ലാ ആദരണീയരായ ഗുരുനാഥന്മാരെയും സ്നേഹത്തോടെ ഓർത്തു പോകുന്നു . ഒന്നാം ക്ലാസ്സിലെ ഷീന ടീച്ചർ ( എന്റെ എക്കാലത്തെയും പ്രിയപ്പെട്ട ടീച്ചർ), വത്സല ടീച്ചർ , രാജീവൻ മാഷ് , സുരേന്ദ്രൻ മാഷ് , തുന്നൽ പഠിപ്പിച്ചിരുന്ന ഉഷ ടീച്ചർ ,അറബിക് മാഷ് ( മാഷുടെ പേര് എന്നും അങ്ങനെയായിരുന്നു വിളിച്ചിരുന്നത്) പിന്നെ നമ്മുടെ നമ്പൂതിരി മാഷും… തിരക്കുള്ള ജീവിത യാത്രയിൽ ഇടയ്ക്കൊക്കെ കണ്ടു മുട്ടുമ്പോൾ നമ്മളെ അവർ തിരിച്ചറിയുമ്പോഴുണ്ടാകുന്ന സന്തോഷം വളരെ വലുതാണ്… സങ്കടകരമായ ഒരു കാര്യം നമ്പൂതിരി മാഷിനെ മാത്രം പിന്നീട് കാണാൻ കഴിഞ്ഞിട്ടില്ല .ഞങ്ങൾ പഠിച്ചിറങ്ങിയതിനു ശേഷവും കുറെക്കാലം അതേ സ്കൂളിലെ പ്രധാനാദ്ധ്യാപകനായിരുന്ന അദ്ദേഹം ഒരു പക്ഷേ സ്ഥലമാറ്റം കിട്ടി പോയിരിക്കാം ...ഇനിയും ബാക്കിയുള്ള യാത്രയ്ക്കിടയിൽ എപ്പോഴെങ്കിലും മാഷിനെ വീണ്ടും കണ്ടു മുട്ടുമെന്നു പ്രതീക്ഷിക്കുന്നു .സമൂഹത്തിൽ നന്മ നിറഞ്ഞവരാകാൻ ഞങ്ങളെ പഠിപ്പിച്ച എല്ലാ അഭിവന്ദ്യരായ ഗുരുനാഥന്മാർക്കും ആയുസ്സും ആരോഗ്യവും നേർന്നു കൊള്ളുന്നു...

Popular Posts

Total Pageviews