നാലുമണിക്കാറ്റ്

നാലുമണിക്കാറ്റ് കുറെ ഓർമ്മക്കുറിപ്പുകളാണ്. ജീവിത യാത്രയെ തൊട്ടും തലോടിയും ചിലപ്പോളൊക്കെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മറ്റു ചിലപ്പോൾ ഒട്ടൊന്നു വിഷമിപ്പിച്ചും കടന്നു പോകുന്ന കുളിർ കാറ്റ്... എല്ലാവര്ക്കും ഉണ്ടാകും ഇത് പോലെ ഉള്ള അനുഭവങ്ങളും കഥകളും. വായനക്കാരെ മടുപ്പിക്കാതെ രസകരമായി എന്റെ ചില കുറിപ്പുകൾ വരച്ചിടാൻ ശ്രമിക്കുകയാണ് ഈ ബ്ലോഗിലൂടെ...

Saturday, November 24, 2018

ഓണപ്പൂക്കളം


ലോകത്തിന്റെ ഏതു കോണിലാണെങ്കിലും മലയാളികൾ ജാതിമതഭേദമന്യേ കൊണ്ടാടുന്ന ആഘോഷം...നമ്മുടെയെല്ലാം പ്രിയപ്പെട്ട ഓണം. ചിങ്ങ മാസത്തിലെ അത്തം നക്ഷത്രം മുതൽ തിരുവോണം വരെയുള്ള 10 ദിവസങ്ങളിലായി ആഘോഷിക്കപ്പെടുന്ന ഓണം കേരളത്തിന്റെ പ്രാദേശിക വിളവെടുപ്പ് ഉത്സവമെന്നും അറിയപ്പെടുന്നു. മഹാവിഷ്ണുവിന്റെ അവതാരമായ വാമനനാൽ പാതാളത്തിലേക്കു ചവിട്ടി താഴ്ത്തപ്പെട്ട അസുര ചക്രവർത്തി മഹാബലി വർഷത്തിലൊരിക്കൽ തൻ്റെ പ്രജകളെ കാണാൻ വരുന്നതെന്നാണല്ലോ ഓണത്തെപ്പറ്റിയുള്ള ഐതിഹ്യം. അതിനാൽ തന്നെ അദ്ദേഹത്തെ വരവേൽക്കാനെന്നവണ്ണം എല്ലാ വർഷവും നാടെങ്ങും വൈവിധ്യമാർന്ന ഓണാഘോഷ പരിപാടികൾ കൊണ്ടാടുന്നു.

എൻ്റെ ഓണക്കാല ഓർമ്മകൾക്ക് കുട്ടികാലത്തെ പൂക്കളുടെ സുഗന്ധവും നിറവുമാണ് ഇന്നും. ഇതെഴുതുമ്പോൾ ഒരു തുമ്പപ്പൂവ് നേരിൽ കാണാനായി മനസ്സ് വല്ലാതെ കൊതിക്കുന്നു.അതേ...വീടിൻ്റെ ഉമ്മറത്ത് അത്തം മുതൽ തിരുവോണ ദിവസം വരെയുള്ള 10 ദിവസത്തെ പൂക്കളം ഒരുക്കൽ..അതിനു വേണ്ടിയുള്ള പൂ പറിക്കാൻ പോകുന്നത്..അതാണ് ചെറുപ്പത്തിലേ ഓണക്കാലത്തെക്കുറിച്ചുള്ള ഓർമകളിൽ പ്രധാനം. അത്തം നാളിൽ തുമ്പ മാത്രവും രണ്ടാം ദിവസം തുമ്പയും ശീബോതിയും (പച്ച നിറത്തിലുള്ള മതിലിൻ മുകളിലൊക്കെ കാണാവുന്ന ഒരിനം ചെടി) , പിന്നീടുള്ള ദിവസങ്ങളിൽ ഓരോ നിറം വീതം കൂടുതൽ പൂവിട്ട് 10 മത്തെ ദിവസം 10 നിറങ്ങളിലുള്ള പൂക്കൾ കൊണ്ടാണ് പൂക്കളം ഒരുക്കിയിരുന്നത്. ഓണപ്പരീക്ഷാ ചൂടിലായിരിക്കും ആദ്യ 6-7 ദിവസങ്ങളിലെ പൂക്കളം ഇടുന്നത് . എങ്കിലും അതൊന്നും ഒരു തടസ്സമായി തോന്നിയില്ല പൂ പറിക്കാനും ഇടാനും . അത് കഴിഞ്ഞുള്ള 10 ദിവസത്തെ സ്കൂൾ അവധി കണ്ണടച്ച് തുറക്കും മുൻപേ തീരുമെങ്കിലും അതൊരാഘോഷമായിരുന്നു ഞങ്ങൾ കുട്ടികൾക്ക് .

പൂക്കളത്തിൽ 10 ദിവസങ്ങളിലും ഇടാനുള്ള സാക്ഷാൽ തുമ്പപ്പൂ ശേഖരണമായിരുന്നു ഏറ്റവും ശ്രമകരം . അന്ന് ഈ പൂവ് ഉണ്ടായിരുന്നത് ഞാൻ മുൻപ് പ്രതിപാദിച്ചിരുന്ന വീടിനടുത്തുള്ള കൂലോത്ത് ക്ഷേത്ര പറമ്പിലായിരുന്നു . അടുത്ത ദിവസം ഇടാൻ വേണ്ടിയുള്ള തുമ്പപ്പൂ പറിക്കാൻ വൈകുന്നേരങ്ങളിൽ ഞാനും കൂട്ടുകാരും ഒരോട്ടമാണ് അമ്പലപ്പറമ്പിലേക്ക്. വലിയൊരു ഇലക്കുമ്പിളിലാണ് ഇത് ശേഖരിക്കുന്നത് .വീട്ടിലെത്തിയാൽ കുറച്ചു വെള്ളം തളിച്ചിടണം .അല്ലെങ്കിൽ ഉണങ്ങിപ്പോകും . ചില ദിവസങ്ങളിൽ നവോന്മേഷത്തോടെ എഴുന്നു നിൽക്കുന്ന തുമ്പപ്പൂക്കൾ കിട്ടാനായി അതിരാവിലെ പോയി പറിക്കുമായിരുന്നു. പിന്നീടുള്ള ദിവസങ്ങളിലെ പൂക്കളത്തിനായി തുമ്പപ്പൂ കൂടാതെ അരളി , ചെത്തിപ്പൂവ് , കോളാമ്പിപ്പൂവ് , അരിപ്പൂ , ചെമ്പരത്തി എന്നിങ്ങനെയുള്ള പൂക്കൾ ഞങ്ങളുടെയും അയല്പക്കക്കാരുടെയും പറമ്പുകളിൽ നിന്നും കിട്ടിയിരുന്നു. വീടിനടുത്തുള്ള വയൽ വരമ്പിൽ നിന്നും കാക്കപ്പൂവും അവിടെയുണ്ടായിരുന്ന പൊട്ടകുളത്തിൽ നിന്നും പൂത്താളിയും(ആമ്പൽ) വരിയും (പച്ച നിറത്തിലുള്ള നെൽക്കതിർ പോലെയുള്ള ഒരുതരം ചെടി) പറിക്കാൻ വീട്ടിൽ പണിക്കു വന്നിരുന്ന ചേച്ചിയെയും കൂട്ടിയാണ് പോകാറ് . കാരണം എനിക്ക് പേടിയാണ് കുളത്തിൽ ഇറങ്ങാൻ . ആ ചേച്ചിയാകട്ടെ അപാര ധൈര്യശാലിയും . അങ്ങനെ എല്ലാ പൂക്കളും ശേഖരിച്ചു വീട്ടിലെത്തുമ്പോൾ ഒരു വലിയ അധ്വാനം കഴിഞ്ഞു വന്ന പ്രതീതിയാണ് .

അങ്ങനെ 8 ദിവസം വരെ നാടൻ പൂക്കൾ കൊണ്ട് പൂക്കളം തീർക്കും. പ്രധാന ദിവസങ്ങളായ ഒൻപതും പത്തും ദിവസങ്ങളിൽ പൂക്കളത്തിന്റെ വലിപ്പവും ഭംഗിയും കൂട്ടാനായി കടയിൽ നിന്നും ജമന്തിപ്പൂ, മല്ലിപ്പൂ, റോസാപ്പൂ എന്നിങ്ങനെ കുറച്ചു പൂക്കൾ വാങ്ങിക്കും. ആ രണ്ടു ദിനങ്ങളിലും പൂക്കളം ചോക്ക് വച്ച് അടിപൊളിയായി വരച്ചു തരുന്നത് വരയിൽ പ്രഗൽഭനായ എൻ്റെ ചേട്ടനാണ്. ഞാനും പടം വരയും തമ്മിൽ തീരെ ചേരില്ല! രാവിലെ തന്നെ കുളിച്ചു ഓണക്കോടിയുമുടുത്തു പത്രക്കടലാസ്സിൽ പൂക്കൾ ഉതിർത്ത് ഓരോ നിറങ്ങളായി തരം തിരിച്ചു വച്ച് ഞങ്ങൾ രണ്ടു പേരും കൂടി പൂക്കളം ഇടുകയായി...മാവേലിത്തമ്പുരാനെ വരവേൽക്കാൻ.

കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ ഓണം ആഘോഷിക്കാൻ വല്യമ്മയുടെയും വല്യച്ചന്റെയും കൂടെ അമ്മയുടെ രണ്ടു അനുജത്തിമാരും കുടുംബവും ഞങ്ങളുടെ വീട്ടിൽ വന്നു തുടങ്ങി.അങ്ങനെ ഞങ്ങൾ കസിൻസ് അടങ്ങുന്ന പെൺപടയുടെ പൂക്കളമിടീലും അമ്മമാരുടെ സദ്യ വയ്പ്പും പുരുഷന്മാരുടെതായ ‘ആഘോഷങ്ങളും’ ഒക്കെ കഴിഞ്ഞു ഉച്ചയായാൽ എല്ലാവരും ഒരുമിച്ചു നിലത്ത് ചമ്രം പടിഞ്ഞിരുന്ന് തൂശനിലയിൽ പായസമടങ്ങുന്ന ഗംഭീര സദ്യ കഴിക്കുമ്പോഴുണ്ടാകുന്ന ആനന്ദം പറഞ്ഞറിയിക്കാനാവില്ല.അത് കഴിഞ്ഞു ടിവി യിൽ സംപ്രേക്ഷണം ചെയ്യുന്ന പ്രത്യേക തിരുവോണദിന ചലച്ചിത്രവും കണ്ടാൽ എല്ലാം ശുഭം.

വിവാഹ ശേഷം ഇതു വരെ എനിക്ക് ഒന്നോ രണ്ടോ വർഷം മാത്രമേ സ്വന്തം നാട്ടിൽ ഓണം കൂടാൻ കഴിഞ്ഞുള്ളു . എങ്കിലും ബാക്കി കുടുംബത്തിലുള്ളവർ ഇന്നും ഈ ഓണ ദിന കുടുംബസമാഗമം തുടർന്നു കൊണ്ടു പോരുന്നു . കല്യാണം കഴിഞ്ഞു പോയവരിൽ എല്ലാവരും ഓണത്തിന് നാട്ടിലെത്താൻ ശ്രമിക്കാറുണ്ട്..കസിൻസ് എല്ലാവരും ഒരുമിച്ചുണ്ടാകാറുള്ളത് വളരെ വിരളമാണ്. ഇന്നത്തെ കാലത്ത് 10 ദിവസങ്ങളിലും പൂക്കളമിടാനൊന്നും ആർക്കും സമയമില്ല. അത് പലപ്പോഴും തിരുവോണ ദിവസത്തെ പൂക്കളത്തിൽ ഒതുങ്ങുന്നു. അതു പോലെ പണ്ട് യഥേഷ്ടം ഉണ്ടായിരുന്ന പല നാടൻ പൂവുകളും ഇന്ന് അന്യം നിന്നു കൊണ്ടിരിക്കുകയാണ് . പൂക്കളമെന്ന ആശയം ആദ്യ കാലങ്ങളിൽ എല്ലായിടത്തും ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം . ഇപ്പോൾ പൂക്കളമിടീൽ ഒരു മത്സരമായും പലയിടത്തും നടത്തപ്പെടുന്നു .

“മാവേലി നാടു വാണീടും കാലം,മാനുഷരെല്ലാരും ഒന്നു പോലെ” എന്ന പാട്ടിലെ വരികൾ നോക്കിയാൽ ഇന്ന് നമ്മുടെ നാട് അതിന്റെയൊക്കെ വിപരീതമാണെന്ന് ആർക്കും മനസ്സിലാക്കാവുന്ന കാര്യമാണ്. സ്വാർത്ഥ ചിന്താഗതിയും പണത്തോടുള്ള അതിമോഹവും മനുഷ്യനെ അന്ധനാക്കുന്നു. കള്ളവും ചതിയുമൊക്കെ പെരുകിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മഹാബലിയുടെ കാലത്തെ നന്മയും ഒത്തൊരുമയും നിറഞ്ഞ നാളുകൾ വീണ്ടും വന്നിരുന്നെങ്കിലെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു.

1 comment:

  1. Eppo offici vannittanu njan pookalamidunnathu. Pakshe athilum ulsahamundennu thonnunnu ee kuttikalathe pookkalamidalinu.

    ReplyDelete

I would like to hear back your comments...

Popular Posts

Total Pageviews