നാലുമണിക്കാറ്റ്

നാലുമണിക്കാറ്റ് കുറെ ഓർമ്മക്കുറിപ്പുകളാണ്. ജീവിത യാത്രയെ തൊട്ടും തലോടിയും ചിലപ്പോളൊക്കെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മറ്റു ചിലപ്പോൾ ഒട്ടൊന്നു വിഷമിപ്പിച്ചും കടന്നു പോകുന്ന കുളിർ കാറ്റ്... എല്ലാവര്ക്കും ഉണ്ടാകും ഇത് പോലെ ഉള്ള അനുഭവങ്ങളും കഥകളും. വായനക്കാരെ മടുപ്പിക്കാതെ രസകരമായി എന്റെ ചില കുറിപ്പുകൾ വരച്ചിടാൻ ശ്രമിക്കുകയാണ് ഈ ബ്ലോഗിലൂടെ...

Wednesday, October 31, 2018

ഭഗവതിക്കാവും തിറയും




ഭഗവതിക്കാവിലെ തിറ 


ഇത്തവണത്തെ ഓർമ്മക്കുറിപ്പ് ഞങ്ങളുടെ പ്രിയപ്പെട്ട തിറയെക്കുറിച്ചാണ്. എന്റെ പ്രിയ വായനക്കാർക്ക് ഈ എഴുത്തിലൂടെ (ആധികാരികമായി പറയാൻ ഞാനാളല്ലെങ്കിലും) ഒരു പരിധി വരെ തിറയെ അടുത്തറിയാൻ കഴിയുമെന്ന് വിശ്വസിക്കുന്നു

തിറ അഥവാ തെയ്യം ഞങ്ങൾ കണ്ണൂരുകാരുടെ ആവേശമാണ്, ആഹ്ളാദമാണ്‌ , അഭിമാനമാണ് (സ്വകാര്യ അഹങ്കാരമെന്നും പറയാം) … വടക്കൻ കേരളത്തിൽ വര്ഷം തോറും നടന്നു വരുന്ന ഈ അനുഷ്‌ഠാന കല ഒരു നാടിൻ്റെ തന്നെ പൈതൃകമാണ് വിളിച്ചോതുന്നത്. ചിലയിടങ്ങളിൽ ഇതിനെ കളിയാട്ടം എന്നും പറയപ്പെടുന്നു . മലയന്മാർ എന്ന വിഭാഗത്തിൽപ്പെടുന്നവരാണ് പൊതുവെ തിറ കെട്ടിയാടുന്നത് . ഇവർ പ്രത്യേക വൃതാനുഷ്‌ഠാനങ്ങളോടു കൂടി വേഷം കെട്ടിയാടി ദൈവമായി തന്നെ ജനങ്ങൾക്ക് അനുഗ്രഹാശ്ശിസ്സുകൾ നൽകി വരുന്നതാണ് ഇതിനു പിന്നിലെ സങ്കല്പം. ചെണ്ട,കുഴൽ വാദ്യങ്ങളുടെ അകമ്പടിയോടുകൂടിയാണ് ഈ ദൈവീക നൃത്തം അരങ്ങേറുക.

എന്റെ ആദ്യ കഥയായ വരിക്കപ്ലാവിൽ പരാമർശിച്ച ഉഗ്രമൂർത്തിയായ ഭഗവതിയമ്മയുടെ പ്രതിഷ്‌ഠയാണ് ഞങ്ങളുടെ കുടുംബ ക്ഷേത്രം കൂടിയായ കൂലോത്ത്‌ ക്ഷേത്രത്തിൽ.എല്ലാ ദിവസവും ഇവിടെ വൈകുന്നേരങ്ങളിൽ ശ്രീകോവിലിനു മുന്നിലും പുറകിലായി സ്ഥിതി ചെയ്യുന്ന അതിപുരാതനമായ കാവിലും വിളക്ക് തെളിയിക്കും. എല്ലാ മലയാള മാസം ഒന്നാം തീയതിയും പൂജാരി വന്നു ശ്രീകോവിൽ നട തുറന്നു പൂജ ചെയ്യാറുണ്ട്. ആൾക്കാരുടെ പ്രത്യേക വഴിപാടുകൾക്കു (നേർച്ചകൾ) വേണ്ടിയും പൂജകൾ നടത്തപ്പെടുന്നു.

മകര മാസത്തിലെ 24, 25, 26 (ഫെബ്രുവരി) എന്നിങ്ങനെ മൂന്നു ദിവസങ്ങളിലായിട്ടാണ് ശ്രീ മൂത്ത കൂലോത്ത് ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവം കൊണ്ടാടുന്നത് . തീയതി ഓർത്തിരിക്കാൻ ഞങ്ങൾ പുന്നോൽ നിവാസികൾക്കുള്ള എളുപ്പ മാർഗ്‌ഗം തൊട്ടടുത്ത ചെള്ളത്തു മുത്തപ്പൻ ക്ഷേത്രത്തിലെ തിറ കഴിഞ്ഞു ഒരാഴ്ചയ്ക്ക് ശേഷം കൂലോത്ത് തിറ എന്നാണ്..

പ്രധാന തിറയായ ഭഗവതിത്തിറയ്ക്കു പുറമെ വെള്ളാട്ടം, കാരണവർ , ഘണ്ടാകർണ്ണൻ , ഗുളികൻ, കുട്ടിച്ചാത്തൻ എന്നീ തിറകളും കെട്ടിയാടപ്പെടുന്നു . ഓരോ തിറ തുടങ്ങുമ്പോഴും കതിന വെടി മുഴങ്ങും .

ആദ്യ ദിവസം രാത്രിയിൽ വെള്ളാട്ടം അഥവാ തോറ്റത്തോട് കൂടിയാണ് തിറ തുടങ്ങുക . ഇതിനെ നട്ടത്തിറ എന്നും അറിയപ്പെടുന്നു . ചെണ്ടമേളക്കാരുടെ അകമ്പടിയോടു കൂടി ചെറിയ ആട്ടങ്ങളുമായി മൂന്നോ നാലോ വെള്ളാട്ടങ്ങൾ ഉണ്ടാവും . അവർ ദൈവീകപരമായ ആചാരപ്പാട്ടുകൾ പാടിയാണ് ചുവടുകൾ വയ്ക്കുന്നത് .

രണ്ടാം ദിവസം രാത്രിയിലും വെള്ളാട്ടങ്ങളോടു കൂടിയാണ് തിറ തുടങ്ങുന്നത് . തുടർന്ന് ഇവർ മറ്റൊരു ക്ഷേത്രാങ്കണത്തിൽ നിന്നും എഴുന്നള്ളിയ താലപ്പൊലിയെ ക്ഷേത്രത്തിലേക്ക് വരവേൽക്കുന്നു. അത് കഴിഞ്ഞു വരുന്നതാണ് കാരണവർ തെയ്യം . അതു ആടപ്പെടുന്നത് ശ്രീകോവിലിൻ മുന്നിൽ നിന്നും മാറി തൊട്ടപ്പുറത്തുള്ള കാരണവർ പ്രതിഷ്‌ഠ യുടെ മുന്നിൽ വച്ചാണ് .

പ്രത്യേക മെയ്യ്‌ വഴക്കത്തോട് കൂടി തീക്ഷ്‌ണ നോട്ടവുമായി ആടുന്ന ആ ദൈവ സങ്കൽപ്പത്തെ ഒട്ടൊന്നു ഭയപ്പാടോടു കൂടെയല്ലാതെ നോക്കിനിൽക്കാൻ കഴിയില്ല. രാത്രി ഒട്ടൊന്നു വൈകുന്നതു വരെ ഈ തിറ നീളും. അതിനു ശേഷം കുറച്ചു സമയത്തെ ഇടവേളയ്ക്കു ശേഷം ഏകദേശം വെളുപ്പിന് 3 മണിയോട് കൂടി ഗുളികൻ തിറ തുടങ്ങുന്നു. ആത്യന്തികം ശ്രമകരമായി കമ്പുകളുടെ അകമ്പടിയോടെ ചുവടുകൾ വയ്ക്കുന്ന ഈ തെയ്യ രൂപം 2 അല്ലെങ്കിൽ 3 പേർ ഒരുമിച്ചാണ് അരങ്ങേറുന്നത്.

മൂന്നാം ദിവസം കുട്ടിച്ചാത്തൻ തിറയോടു കൂടിയാണ് തുടങ്ങുന്നത്. അതിനു ശേഷം ഉച്ച ഏകദേശം 12 മണിയോടു കൂടി ഘണ്ടാകർണ്ണൻ തിറ തുടങ്ങുന്നു . ഈ തിറ തുടങ്ങുന്നത് കാവിലെ പ്രത്യേക പൂജകൾക്ക് ശേഷമാണ്. വളരെ ഭയാനകം എന്ന് പറയാവുന്ന തരത്തിൽ മുറുകിയ നൃത്തച്ചുവടുകളുമായി അരയ്ക്കു ചുറ്റും പന്തങ്ങൾ കെട്ടി വച്ച് തീ കൊളുത്തിയാണ് ഈ തിറ ആടപ്പെടുന്നത് . ആടുമ്പോൾ അടർന്നു വീഴുന്ന ഈ തീനാമ്പുകളെ വെള്ളമൊഴിച്ചു കെടുത്താൻ ആളുകൾ വെള്ളവുമായി പുറകെ നടക്കുന്നു.

ഘണ്ടാകർണ്ണൻ തിറ കഴിഞ്ഞാണ് സാക്ഷാൽ ഭഗവതിത്തിറ തുടങ്ങുന്നത് . കുറെ നേരം ചുവടുകൾ വച്ച് ആട്ടമാടി ഒടുവിലാണ് എല്ലാ കണ്ണുകളും ഇമവെട്ടാതെ ഒരുപോലെ നോക്കിയിരുന്നു പോകുന്ന ഭഗവതിയമ്മയുടെ മുടിയേറ്റ് . കുരുത്തോല കൊണ്ട് മെടഞ്ഞെടുത്ത ഏകദേശം ഒരു തെങ്ങിന്റെ അത്രയും പൊക്കത്തിൽ വരുന്ന മുടി ഭഗവതിത്തിറ കെട്ടിയാടുന്ന ആളുടെ പുറകിൽ വച്ച്കെട്ടി ഇരുവശങ്ങളിലും മുളങ്കമ്പുകൾ കൊണ്ട് ഉയർത്തിപ്പിടിച്ചു ക്ഷേത്രത്തെ മൂന്നുതവണ വലം വയ്പ്പിക്കുന്നു . അതിനു ശേഷം ഭഗവതിയമ്മ ആളുകളെ അനുഗ്രഹിക്കാൻ പീഠത്തിലിരിക്കുന്നു .ആദ്യം കുടുംബത്തിലെ കുരുന്നു കുട്ടികളെ കുഞ്ഞു മുണ്ടുടുപ്പിച്ചും ആഭരണങ്ങളണിയിപ്പിച്ചും തളികയെടുപ്പിച്ചു മുതിർന്നവർ കൊണ്ട് പോയി അനുഗ്രഹം വാങ്ങും. (ആ അനുഗ്രഹം ചെറുപ്പത്തിൽ ആവോളം അനുഭവിച്ചിട്ടുണ്ട് ഞാൻ ). പിന്നീട് അമ്മയുടെ അനുഗ്രഹം വാങ്ങാനും സങ്കടങ്ങൾ പറയാനും ചുവന്ന പട്ടുമായി ( ഭഗവതിയുടെ ഇഷ്ട കാണിക്ക ) നിൽക്കുന്ന ആളുകളുടെ ഊഴമാണ് .എല്ലാവരുടെയും സങ്കടങ്ങൾ കേട്ട് ഭഗവതി ആവശ്യമായ പരിഹാര നിർദ്ദേശങ്ങൾ നല്കുന്നതോടു കൂടെ തിറ മഹോത്സവം പരിസമാപ്തിയിലെത്തുന്നു .

അടുത്ത കൊല്ലം വീണ്ടും വരണമെന്ന പ്രാർത്ഥനയോടെയാണ് ഭക്തരുടെ മനസ്സിലെ ഓരോ തിറയും അവസാനിക്കുന്നത്. കുട്ടിയായിരിക്കുമ്പോൾ കോൽ ഐസും ബലൂണുകളും വിവിധയിനം കളിപ്പാട്ടങ്ങളും ഒക്കെ വാങ്ങി തിറയുടെ ആവേശം പൂർണ്ണമായും ഉൾക്കൊണ്ടാണ് അടുത്ത തിറയ്ക്കായി ഞാൻ കാത്തിരുന്നത്. ബന്ധുസമാഗമവും വലുതായപ്പോൾ ബാല്യകാല സുഹൃത് സംഗമവും ഒക്കെ തിറയുടെ ഒഴിച്ച് കൂടാനാവാത്ത നല്ല വശങ്ങളാണ്.

ഇന്നും പോകാൻ പറ്റാത്ത ഓരോ തിറയും മനസ്സ് കൊണ്ട് ഓർത്തെടുത്തു്,  അടുത്ത തിറയ്ക്ക് ക്ഷേത്രത്തിൽ എത്തി ഭഗവതിയമ്മയെ കണ്ടു തൊഴാൻ കഴിയേണമേ എന്ന പ്രാർത്ഥനയോടെ കാത്തിരിക്കുന്നു മറ്റൊരു തിറക്കാലത്തിനായ് ...

ഫോട്ടോ ആൽബം 
കൂട്ടിച്ചാത്തൻ തിറ 

ഞങ്ങളുടെ കുടുംബ ക്ഷേത്രം 

ഭഗവതി 

കാരണവർ 
ഘണ്ടകർണൻ തിറ -തീ പന്തങ്ങൾ കാണാം 

Saturday, October 27, 2018

കഞ്ഞുണ്ണിയും കുഞ്ഞുമീനും

എന്താണീ കഞ്ഞുണ്ണിയും കുഞ്ഞുമീനും തമ്മിലുള്ള ബന്ധം എന്നല്ലേ ആലോചിക്കുന്നത്...പ്രത്യക്ഷത്തിൽ ബന്ധമൊന്നുമില്ലെങ്കിലും എൻ്റെ  കുട്ടിക്കാല കഥയിൽ ഇവർ ഒരുമിച്ചുണ്ടായിരുന്നു.


നിറയെ പൂത്തുനിൽക്കുന്ന നെൽപ്പാടങ്ങൾ.. ആ മനോഹരമായ കാഴ്ച ഇന്ന് വളരെ വിരളമാണ്.. എൻ്റെ കുട്ടിക്കാലത്തു വീടിൻ്റെ  അടുത്ത് തന്നെ വയലേലകൾ ഉണ്ടായിരുന്നു എന്ന് പറയുന്നത് ഇപ്പോൾ അഭിമാനം തോന്നുന്ന കാര്യമാണ് . വേറെ ആരുടെയോ ഉടമസ്ഥതയിലായിരുന്ന ആ വയലിൽ ഞാൻ പോയിരുന്നത് കഞ്ഞുണ്ണി പറിക്കാനും കുഞ്ഞു മീനുകളെ പിടിക്കാനും ആയിരുന്നു . അതോടൊപ്പം വിളഞ്ഞു നിൽക്കുന്ന നെൽക്കതിരുകളുടെ ഹരിതഭംഗി ആസ്വദിക്കാനും വിവിധങ്ങളായ പക്ഷികളെ കാണാനും കഴിഞ്ഞിരുന്നു.


ആദ്യം തന്നെ ഈ  കഞ്ഞുണ്ണി അഥവാ കയ്യോന്നിയെ പറ്റി പറയാം. ദശപുഷ്പങ്ങളിലൊന്നായ ഈ ഔഷധച്ചെടിയെക്കുറിച്ച്  അറിയാവുന്നവർ ഇന്നത്തെ തലമുറയിൽ  വളരെ വിരളമാണ് . 'False Daisy ' എന്ന ഇംഗ്ലീഷ് നാമത്തിലറിയപ്പെടുന്ന കയ്യോന്നി തലമുടി സമൃദ്ധമായി വളരാനും നരയകറ്റാനുമുള്ള പ്രകൃതിയുടെ വരദാനങ്ങളിലൊന്നാണ് . അമ്മ അമ്മൂമ്മമാരായി ഞങ്ങളുടെ വീട്ടിൽ തലയിൽ തേയ്ക്കാൻ ഉണ്ടാക്കി ഉപയോഗിച്ചിരുന്ന എണ്ണയാണ് കഞ്ഞുണ്യാദി എണ്ണ. കഞ്ഞുണ്ണിയും മറ്റു കുറച്ചു ഇലകളും പൂക്കളും ഒക്കെ ഉരലിൽ ഇട്ടു ഇടിച്ചു പിഴിഞ്ഞ നീരും വെളിച്ചെണ്ണയും ചേർത്ത് 2-3 ദിവസം കാച്ചികുറുക്കിയാണ് ഇത് ഉണ്ടാക്കുന്നത് . (ഞാൻ ഈ പറഞ്ഞത് എൻ്റെ മുടിയുടെ രഹസ്യം കൂടെയാണ് കേട്ടോ).


പാടത്തു നെൽ ചെടികളുടെയും കളകളുടെയും ഒക്കെ ഇടയിൽ മറഞ്ഞിരിക്കുന്ന ചെറിയ വെളുത്ത പൂവുള്ള ഈ കഞ്ഞുണ്ണി കണ്ടു പിടിക്കുന്നത് വളരെ ശ്രമകരമായ ഒരു ജോലി ആയിരുന്നു. അമ്മയുടെ കൂടെ പോകുമ്പോൾ ഒട്ടും താല്പര്യമില്ലാതിരുന്ന കഞ്ഞുണ്ണിപറിക്കൽ പിന്നീട് ഇഷ്ട്ടപ്പെട്ടു തുടങ്ങിയത് ഒരിക്കൽ കൂടെ വന്ന ചേച്ചി  മീൻ പിടിക്കുന്നത് കണ്ടപ്പോഴാണ് . വീട്ടിൽ പുറംപണിക്കു വരാറുള്ള ആ ചേച്ചിയാണ് ആദ്യമായി എന്നെ മീൻ പിടിക്കാൻ പഠിപ്പിച്ചത് . മീൻപിടുത്തം വല്യ രീതിയിൽ സങ്കൽപ്പിക്കാൻ വരട്ടെ ...ഞങ്ങൾ പിടിച്ചത് ചെറുമീനുകളെയായിരുന്നു . അതിന്റെ രീതികളും വ്യത്യസ്തമായിരുന്നു . വയലിന്റെ വശങ്ങളിലായി ( പ്രത്യേകിച്ചും മഴക്കാലങ്ങളിൽ) വെള്ളക്കെട്ടുകൾ ഉണ്ടാകാറുണ്ട്..അതിൽ ഇരു കൈകളും ചേർത്ത്പിടിച്ചു കുറെ നേരം അനങ്ങാതെ ഇരിക്കണം. ഭാഗ്യമുണ്ടേൽ 8-10 മീനുകളെയെങ്കിലും കിട്ടും. തോർത്ത് രണ്ടു പേർ ചേർന്നു വെള്ളത്തിൽ താഴ്ത്തി പിടിച്ചും മീനുകളെ പിടിക്കുമായിരുന്നു. ഇങ്ങനെ പിടിക്കുന്ന മീനുകളെ വട്ടയില പറിച്ചു കുമ്പിളാക്കി അതിൽ വെള്ളം നിറച്ചിട്ടായിരുന്നു വീട്ടിലോട്ടു കൊണ്ടു വന്നിരുന്നത്. അതിനുശേഷം ഒഴിഞ്ഞ ബോട്ടിൽ കണ്ടുപിടിച്ചു വെള്ളം നിറച്ചു മീനുകളെ അതിലിട്ടു കാണുമ്പോൾ ഉണ്ടാകുന്ന മാനസിക സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. അതിനു കൊടുത്തിരുന്ന ഭക്ഷണം നമ്മുടെ ചോറ് ഒക്കെ ആയിരുന്നു. എന്നിരുന്നാലും അവയ്‌ക്കെല്ലാം അൽപ്പായുസ്സായിരുന്നു.


ഇതൊക്കെ കാണുമ്പോൾ എൻ്റെ  ചേട്ടൻ്റെ ഒരു പുച്ച ഭാവമുണ്ട്..അതിനു കാരണം വേറൊന്നുമല്ല.. ചേട്ടനും കൂട്ടുകാരും ചേർന്ന് ചൂണ്ടയിട്ട് വല്യ മീനുകളെ കൊണ്ട് വരുമായിരുന്നു. ചിലതിനെ വളർത്താൻ കിണറ്റിലിടും. ചിലതു വറുത്തു കഴിക്കും . അതിന്റെ മുന്നിൽ എന്റെ ചെറുമീനുകൾ ഒന്നുമല്ലെങ്കിലും അണ്ണാറക്കണ്ണനും തന്നാലായത്...എനിക്ക് അത് തന്നിരുന്ന സന്തോഷം വളരെ വലുതായിരുന്നു. പിന്നീട് കുറെ കഴിഞ്ഞപ്പോൾ തോന്നി നമ്മുടെ താൽക്കാലിക സന്തോഷത്തിനു വേണ്ടി മീനുകളെ പിടിച്ചു അതിന്റെ ആയുസ്സെടുക്കുന്നതിലും നല്ലതു വയലേലകളിൽ പോകുമ്പോൾ ചെറുമീനുകൾ കൂട്ടത്തോടെ വെള്ളക്കെട്ടുകളിൽ നീന്തുന്നത് കാണുന്നതാണ് എന്ന് .അതിനുശേഷം കഞ്ഞുണ്ണി മാത്രമായി വീട്ടിലേക്കു മടക്കം പതിവാക്കി.


കാലങ്ങൾ പിന്നിട്ടപ്പോൾ ആ നെൽപ്പാടങ്ങൾ നികത്തി കുറെ പേർ വീടുകൾ വച്ചു. അത് ആ ആവാസ വ്യവസ്ഥയ്ക്ക് വരുത്തിവച്ച നഷ്ടങ്ങൾ ചെറുതല്ല…പ്രധാന ധാന്യ വിളയായ നെല്ല് അപ്രത്യക്ഷമായി.. അവിടെയുണ്ടായിരുന്ന ചെറു കുളങ്ങളിലെ ആമ്പലുകൾ, വരികൾ(ഓണത്തിന് പൂക്കളമിടുമ്പോൾ പറിക്കാറുള്ള ഒരു തരം നെൽക്കതിർ പോലുള്ള ചെടിയാണ്), വെള്ളക്കെട്ടുകളിലെ ചെറുമീനുകൾ, അപൂർവ്വങ്ങളായി കാണപ്പെടുന്ന കാക്കപ്പൂവ്, കഞ്ഞുണ്ണി, കീഴാർനെല്ലി , പൂവാംകുറുന്തൽ എന്നിവയും തുടച്ചുമാറ്റപ്പെട്ടു.. ഇവയൊന്നും കേൾക്കുമ്പോൾ അത്ര പ്രാധാന്യമില്ലാത്തതായി തോന്നാം..പക്ഷെ യഥാർത്ഥത്തിൽ അവയെല്ലാം തിരിച്ചു വയ്ക്കാൻ പറ്റാത്ത പ്രകൃതിയുടെ അമൂല്യങ്ങളായ നിധികളായിരുന്നു.


“ നഷ്ടസ്വർഗങ്ങളെ നിങ്ങളെനിക്കൊരു ദുഖസിംഹാസനം നൽകി,..” ഇപ്പോൾ ഓർക്കുമ്പോൾ അത് തീർച്ചയായും നഷ്ട സ്വർഗങ്ങൾ തന്നെയാണ്... നമ്മുടെ കുട്ടികൾക്ക് കാണിച്ചുകൊടുക്കാൻ പറ്റാതെ പോയ കാഴ്ചകൾ... ഇനി ഒരിക്കലും പുനർസൃഷ്ടിക്കാൻ പറ്റാത്ത ബാല്യകാലാനുഭവങ്ങൾ...

Friday, October 26, 2018

രണ്ടാമത്തെ കഥ



“പണ്ടാരോ പറഞ്ഞത് പോലെ ആശയ ദാരിദ്രം എല്ലാ മുഖ്യധാരാ എഴുത്തുകാരും ഒരിക്കെലെങ്കിലും അനുഭവിച്ചു കാണും” എന്ന എന്റെ ഡയലോഗിനോട് ഉള്ള ചേട്ടന്റെ പ്രതികരണം വളരെ പൈശാചികം ആയിരുന്നു . കാരണം വേറെ ഒന്നും അല്ല ജീവിത യാത്രയെ കുറിച്ച് ഞാൻ എഴുതാൻ ഉദ്ദേശിച്ചിരുന്നത് ഒരു ബുക്ക് ആണെന്നും ബ്ലോഗ് വെറും തുടക്കം ആണെന്നും ഉള്ള എന്റെ ഇന്നലത്തെ ഡയലോഗിനെ “ഇതുപോലെ എത്ര തള്ളുകൾ ഞാൻ കേട്ടത്‌ ആണ്” എന്നു ഉടൻ തന്നെ മറുപടി തന്ന ആ ദീർഘ വീക്ഷണത്തെ അഭിനന്ദിക്കാതെ വയ്യ !


ഈ ഞാൻ ആണ് രണ്ടാമത്തെ പോസ്റ്റിനു എന്ത് എഴുതും എന്ന് ആലോചന നിമഗ്നയായി തലയിൽ കയ്യും വെച്ചിരിക്കുന്നത് . യാത്രാവിവരണം ആയാലോ , അല്ലെങ്കിൽ വേണ്ട അതിന് ഇനിയും എഴുതി തെളിയാനുണ്ട് . എന്നാൽ പിന്നെ ഓർമ്മക്കുറിപ്പുകൾ വെച്ച് കുറച്ചുകൂടെ എഴുതാം.


അപ്പോളാണ് വേറൊരു സുഹൃത്ത് പറഞ്ഞ കാര്യം ഓര്മ വന്നത് , നാം ഒരിക്കലും വായനക്കാരെ വെറുപ്പിക്കരുതെന്നും അവരുടെ മുഖത്തു ഒരു ചെറു പുഞ്ചിരി വിടർത്താൻ നമ്മുടെ എഴുത്തിനു കഴിഞ്ഞാൽ അതാണ് ഏറ്റവും വലിയ നേട്ടം എന്ന് . കുറച്ചൊക്കെ കയ്യിൽ നിന്നും ഇട്ടു വേണം എഴുതാൻ എന്ന ഉപദേശം എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല  മിക്കവരും മൊത്തം കയ്യിൽ നിന്നും ഇട്ടാണ് എഴുതുന്നത് എന്ന സത്യത്തെ അനുകരിക്കണ്ട എന്ന് തന്നെ ഞാൻ തീരുമാനിച്ചു


കുഞ്ഞുമീൻ പിടിച്ചതും തൊട്ടാവാടി പറിച്ചതും കുടുംബത്തിലെ ഒത്തു കൂടലുകളും മറുനാട്ടിലേക്കുള്ള പറിച്ചു നടലും ഒരുപിടി യാത്രകളും പിണക്കങ്ങളും ഇണക്കങ്ങളും അങ്ങനെ ഒരുപാടു ഒരുപാടു എഴുതാനുണ്ട്.


ഇനി വരും നാളുകളിൽ കൂടുതൽ എഴുതാൻ കഴിയും എന്ന പ്രതീക്ഷയോടെ ഈ വെള്ളിയാഴ്ച കുറിപ്പ് ഇവിടെ താത്കാലികമായി നിര്ത്തുന്നു .

Thursday, October 25, 2018

വരിക്ക പ്ലാവ് അഥവാ കുട്ടി ബസ്സ്



“ കൈയെത്തും ദൂരെ ഒരു കുട്ടിക്കാലം,മഴവെള്ളം പോലെ ഒരു കുട്ടിക്കാലം “

കൈതപ്രത്തിന്റെ മനോഹരമായ വരികൾ ...ഓർക്കുന്തോറും മധുരമേറിടുന്ന ബാല്യകാല സ്മരണകൾ… അത് പോലൊരു മധുരമായ ഓർമയാണ് ഞങ്ങളുടെ വീടിന്റെ തൊട്ടടുത്ത പറമ്പിലെ വരിക്കപ്ലാവിനെക്കുറിച്ചുള്ളത്. കേരളത്തിന്റെ ഔദ്യോഗിക
ഫലമായി ചക്കയെ പ്രഖ്യാപിക്കുന്നതിനും എത്രയോ മുൻപ് ഞങ്ങൾ കുട്ടികളുടെ ഹീറോ ആയ ഒരു പ്ലാവ്.


ഞാൻ ഏകദേശം നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഈ പ്ലാവുമായുള്ള ആത്മബന്ധം തുടങ്ങുന്നത് . ധാരാളം ചക്ക കിട്ടുമെന്നതിലുപരി അതിനെ ഞങ്ങൾ കണ്ടിരുന്നത് കുട്ടിബസ്സ് ആയിട്ടാണ്.സാധാരണ പ്ലാവിന്റെ രൂപഘടന ആയിരുന്നില്ല ഇതിന് . ഭൂമിയിൽ നിന്നും നാമ്പിട്ട ഭാഗം മുതൽ വല്യ ഉയരത്തിൽ പോകാൻ മെനക്കെടാതെ ഏതാണ്ട് ഒരു “L” ആകൃതിയിൽ തുടങ്ങി ഒരു ഭാഗം താഴ്ന്നും മറുഭാഗം ബാക്കി ശാഖകളുമായിട്ടായിരുന്നു അതിന്റെ നിൽപ്.

അതുകൊണ്ടു തന്നെ അതിൽ താഴ്ന്നിരിക്കുന്ന ഭാഗത്തു ഞങ്ങൾക്ക് എളുപ്പത്തിൽ ചവിട്ടി കയറാനും അതിൽ ഇരിക്കാനും പറ്റുമായിരുന്നു. ഞങ്ങൾ 4 പേർ ചേർന്നു അതിന്റെ മുകളിൽ കയറിയിരുന്നു ഭാവനാപരമായി ബസ്സ് ഓടിക്കുന്നതാണ് ഇതിവൃത്തം. ഏറ്റവും തലപ്പത്തു ഇരിക്കുന്ന ആളാണ് ഡ്രൈവർ. പഴുത്ത പ്ലാവില ഈർക്കിൽ കൊണ്ട് കോർത്തിണക്കിയ തൊപ്പിയായിരുന്നു ഡ്രൈവറുടെ സവിശേഷത.ഡ്രൈവർ ആകാനുള്ള ഊഴം എല്ലാവര്ക്കും കിട്ടിയിരുന്നു.ബസിന്റെ ഒച്ചയുണ്ടാക്കി അത് ശെരിക്കും ഓടിക്കുന്ന്ന ഭാവേന ഉള്ള ആ ഇരിപ്പു ഓർക്കുമ്പോൾ ഇന്നും മുഖത്തു ഒരു ചിരി പടരും.ഇന്നത്തെ പോലെ കളിയിൽ എന്നും താനായിരിക്കണം മുൻപിൽ എന്ന മനോഭാവം തീരെ ഇല്ലാത്ത നല്ല കൂട്ടുകെട്ടിന്റെ ഉദാഹരണം കൂടിയായിരുന്നു ഈ പ്ലാവിൽ കയറിയുള്ള കളി . ഒഴിവു കിട്ടുമ്പോഴൊക്കെ ഞങ്ങൾ ഈ ബസിൽ ഒത്തു കൂടുമായിരുന്നു. ഒപ്പം സ്കൂൾ വിശേഷങ്ങളുടെ ചർച്ചകളും ഇവിടെ വച്ചായിരുന്നു നടത്താറ്.


അങ്ങനെയിരിക്കെ ഒരു ദിവസം ഞെട്ടിക്കുന്ന ആ വാർത്ത കേട്ടു ..ആ പ്ലാവിരിക്കുന്ന പറമ്പിന്റെ ഉടമസ്ഥൻ ആ സ്ഥലം വിൽക്കാൻ പോകുവാണെന്ന് .കേട്ടപാടെ യോഗം കൂടിയിരുന്നു 4 പേരും തലപുകഞ്ഞാലോചിച്ചു... ഇനി ആ സ്ഥലം വാങ്ങുന്ന ആൾ ആ പ്ലാവും ബാക്കി മരങ്ങളും വെട്ടി വീട് വച്ചാലോ .ഇനിയിപ്പോ എന്താ ഒരു വഴി..പെട്ടന്ന് മനസ്സിൽ തെളിഞ്ഞത് പ്രാർത്ഥിച്ചു കാര്യം നേടാനാണ്.ഞങ്ങൾ കുട്ടികൾക്ക് അല്ലാതെ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലല്ലോ. എല്ലാവരും ചേർന്ന് തൊട്ടടുത്ത ഞങ്ങളുടെ ഭഗവതി ക്ഷേത്രത്തിൽ പോയി ഉള്ളുരുകി പ്രാർത്ഥിച്ചു ആ വില്പന നടക്കരുതെന്നും ആ പ്ലാവ് എന്നും അത് പോലെ ഉണ്ടാവണേയെന്നും .ഉഗ്രരൂപിണിയായതു കൊണ്ടും ഞങ്ങളുടെ പ്രാർത്ഥന ദേവി പൂർണമായും ഉൾക്കൊണ്ടത് കൊണ്ടും എന്തോ ആ വില്പന നടന്നില്ല. പിന്നെയും കുറേക്കാലം ഞങ്ങളുടെ സ്വന്തം ബസ്സ് നിർത്താതെ ഓടി. കാലത്തിന്റെ കുത്തൊഴുക്കിൽ എല്ലാവരും ഓരോ വഴിക്കു പിരിഞ്ഞെങ്കിലും ഇടയ്ക്കു കണ്ടുമുട്ടുമ്പോൾ പറഞ്ഞു രസിക്കാൻ അന്നും ഇന്നും ഒരു പിടി നല്ല ഓർമ്മകൾ ആ പ്ലാവിനെപ്പറ്റിയുണ്ട് .


ഇത്രയും വര്ഷങ്ങള്ക്കു ശേഷവും ആ സ്ഥല വില്പന നടക്കാതെ വല്ലപ്പോഴും അവിടെ ആ ഉടമസ്ഥൻ വന്നു പറമ്പു വൃത്തിയാക്കി തേങ്ങയൊക്കെ കൊണ്ട് പോകാറുണ്ടെന്നു അമ്മ പറയാറുണ്ട് . ആ പ്ലാവ് അവർ എപ്പോഴോ വെട്ടിയായിരുന്നെന്നും ഈയിടെ പറഞ്ഞു . അപ്പോൾ മനസിന്റെ കോണിലെവിടെയോ ഒരു നനുത്ത നൊമ്പരം എന്നെ തലോടി കടന്നുപോയി .

Popular Posts

Total Pageviews