നാലുമണിക്കാറ്റ്

നാലുമണിക്കാറ്റ് കുറെ ഓർമ്മക്കുറിപ്പുകളാണ്. ജീവിത യാത്രയെ തൊട്ടും തലോടിയും ചിലപ്പോളൊക്കെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മറ്റു ചിലപ്പോൾ ഒട്ടൊന്നു വിഷമിപ്പിച്ചും കടന്നു പോകുന്ന കുളിർ കാറ്റ്... എല്ലാവര്ക്കും ഉണ്ടാകും ഇത് പോലെ ഉള്ള അനുഭവങ്ങളും കഥകളും. വായനക്കാരെ മടുപ്പിക്കാതെ രസകരമായി എന്റെ ചില കുറിപ്പുകൾ വരച്ചിടാൻ ശ്രമിക്കുകയാണ് ഈ ബ്ലോഗിലൂടെ...

Saturday, October 27, 2018

കഞ്ഞുണ്ണിയും കുഞ്ഞുമീനും

എന്താണീ കഞ്ഞുണ്ണിയും കുഞ്ഞുമീനും തമ്മിലുള്ള ബന്ധം എന്നല്ലേ ആലോചിക്കുന്നത്...പ്രത്യക്ഷത്തിൽ ബന്ധമൊന്നുമില്ലെങ്കിലും എൻ്റെ  കുട്ടിക്കാല കഥയിൽ ഇവർ ഒരുമിച്ചുണ്ടായിരുന്നു.


നിറയെ പൂത്തുനിൽക്കുന്ന നെൽപ്പാടങ്ങൾ.. ആ മനോഹരമായ കാഴ്ച ഇന്ന് വളരെ വിരളമാണ്.. എൻ്റെ കുട്ടിക്കാലത്തു വീടിൻ്റെ  അടുത്ത് തന്നെ വയലേലകൾ ഉണ്ടായിരുന്നു എന്ന് പറയുന്നത് ഇപ്പോൾ അഭിമാനം തോന്നുന്ന കാര്യമാണ് . വേറെ ആരുടെയോ ഉടമസ്ഥതയിലായിരുന്ന ആ വയലിൽ ഞാൻ പോയിരുന്നത് കഞ്ഞുണ്ണി പറിക്കാനും കുഞ്ഞു മീനുകളെ പിടിക്കാനും ആയിരുന്നു . അതോടൊപ്പം വിളഞ്ഞു നിൽക്കുന്ന നെൽക്കതിരുകളുടെ ഹരിതഭംഗി ആസ്വദിക്കാനും വിവിധങ്ങളായ പക്ഷികളെ കാണാനും കഴിഞ്ഞിരുന്നു.


ആദ്യം തന്നെ ഈ  കഞ്ഞുണ്ണി അഥവാ കയ്യോന്നിയെ പറ്റി പറയാം. ദശപുഷ്പങ്ങളിലൊന്നായ ഈ ഔഷധച്ചെടിയെക്കുറിച്ച്  അറിയാവുന്നവർ ഇന്നത്തെ തലമുറയിൽ  വളരെ വിരളമാണ് . 'False Daisy ' എന്ന ഇംഗ്ലീഷ് നാമത്തിലറിയപ്പെടുന്ന കയ്യോന്നി തലമുടി സമൃദ്ധമായി വളരാനും നരയകറ്റാനുമുള്ള പ്രകൃതിയുടെ വരദാനങ്ങളിലൊന്നാണ് . അമ്മ അമ്മൂമ്മമാരായി ഞങ്ങളുടെ വീട്ടിൽ തലയിൽ തേയ്ക്കാൻ ഉണ്ടാക്കി ഉപയോഗിച്ചിരുന്ന എണ്ണയാണ് കഞ്ഞുണ്യാദി എണ്ണ. കഞ്ഞുണ്ണിയും മറ്റു കുറച്ചു ഇലകളും പൂക്കളും ഒക്കെ ഉരലിൽ ഇട്ടു ഇടിച്ചു പിഴിഞ്ഞ നീരും വെളിച്ചെണ്ണയും ചേർത്ത് 2-3 ദിവസം കാച്ചികുറുക്കിയാണ് ഇത് ഉണ്ടാക്കുന്നത് . (ഞാൻ ഈ പറഞ്ഞത് എൻ്റെ മുടിയുടെ രഹസ്യം കൂടെയാണ് കേട്ടോ).


പാടത്തു നെൽ ചെടികളുടെയും കളകളുടെയും ഒക്കെ ഇടയിൽ മറഞ്ഞിരിക്കുന്ന ചെറിയ വെളുത്ത പൂവുള്ള ഈ കഞ്ഞുണ്ണി കണ്ടു പിടിക്കുന്നത് വളരെ ശ്രമകരമായ ഒരു ജോലി ആയിരുന്നു. അമ്മയുടെ കൂടെ പോകുമ്പോൾ ഒട്ടും താല്പര്യമില്ലാതിരുന്ന കഞ്ഞുണ്ണിപറിക്കൽ പിന്നീട് ഇഷ്ട്ടപ്പെട്ടു തുടങ്ങിയത് ഒരിക്കൽ കൂടെ വന്ന ചേച്ചി  മീൻ പിടിക്കുന്നത് കണ്ടപ്പോഴാണ് . വീട്ടിൽ പുറംപണിക്കു വരാറുള്ള ആ ചേച്ചിയാണ് ആദ്യമായി എന്നെ മീൻ പിടിക്കാൻ പഠിപ്പിച്ചത് . മീൻപിടുത്തം വല്യ രീതിയിൽ സങ്കൽപ്പിക്കാൻ വരട്ടെ ...ഞങ്ങൾ പിടിച്ചത് ചെറുമീനുകളെയായിരുന്നു . അതിന്റെ രീതികളും വ്യത്യസ്തമായിരുന്നു . വയലിന്റെ വശങ്ങളിലായി ( പ്രത്യേകിച്ചും മഴക്കാലങ്ങളിൽ) വെള്ളക്കെട്ടുകൾ ഉണ്ടാകാറുണ്ട്..അതിൽ ഇരു കൈകളും ചേർത്ത്പിടിച്ചു കുറെ നേരം അനങ്ങാതെ ഇരിക്കണം. ഭാഗ്യമുണ്ടേൽ 8-10 മീനുകളെയെങ്കിലും കിട്ടും. തോർത്ത് രണ്ടു പേർ ചേർന്നു വെള്ളത്തിൽ താഴ്ത്തി പിടിച്ചും മീനുകളെ പിടിക്കുമായിരുന്നു. ഇങ്ങനെ പിടിക്കുന്ന മീനുകളെ വട്ടയില പറിച്ചു കുമ്പിളാക്കി അതിൽ വെള്ളം നിറച്ചിട്ടായിരുന്നു വീട്ടിലോട്ടു കൊണ്ടു വന്നിരുന്നത്. അതിനുശേഷം ഒഴിഞ്ഞ ബോട്ടിൽ കണ്ടുപിടിച്ചു വെള്ളം നിറച്ചു മീനുകളെ അതിലിട്ടു കാണുമ്പോൾ ഉണ്ടാകുന്ന മാനസിക സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. അതിനു കൊടുത്തിരുന്ന ഭക്ഷണം നമ്മുടെ ചോറ് ഒക്കെ ആയിരുന്നു. എന്നിരുന്നാലും അവയ്‌ക്കെല്ലാം അൽപ്പായുസ്സായിരുന്നു.


ഇതൊക്കെ കാണുമ്പോൾ എൻ്റെ  ചേട്ടൻ്റെ ഒരു പുച്ച ഭാവമുണ്ട്..അതിനു കാരണം വേറൊന്നുമല്ല.. ചേട്ടനും കൂട്ടുകാരും ചേർന്ന് ചൂണ്ടയിട്ട് വല്യ മീനുകളെ കൊണ്ട് വരുമായിരുന്നു. ചിലതിനെ വളർത്താൻ കിണറ്റിലിടും. ചിലതു വറുത്തു കഴിക്കും . അതിന്റെ മുന്നിൽ എന്റെ ചെറുമീനുകൾ ഒന്നുമല്ലെങ്കിലും അണ്ണാറക്കണ്ണനും തന്നാലായത്...എനിക്ക് അത് തന്നിരുന്ന സന്തോഷം വളരെ വലുതായിരുന്നു. പിന്നീട് കുറെ കഴിഞ്ഞപ്പോൾ തോന്നി നമ്മുടെ താൽക്കാലിക സന്തോഷത്തിനു വേണ്ടി മീനുകളെ പിടിച്ചു അതിന്റെ ആയുസ്സെടുക്കുന്നതിലും നല്ലതു വയലേലകളിൽ പോകുമ്പോൾ ചെറുമീനുകൾ കൂട്ടത്തോടെ വെള്ളക്കെട്ടുകളിൽ നീന്തുന്നത് കാണുന്നതാണ് എന്ന് .അതിനുശേഷം കഞ്ഞുണ്ണി മാത്രമായി വീട്ടിലേക്കു മടക്കം പതിവാക്കി.


കാലങ്ങൾ പിന്നിട്ടപ്പോൾ ആ നെൽപ്പാടങ്ങൾ നികത്തി കുറെ പേർ വീടുകൾ വച്ചു. അത് ആ ആവാസ വ്യവസ്ഥയ്ക്ക് വരുത്തിവച്ച നഷ്ടങ്ങൾ ചെറുതല്ല…പ്രധാന ധാന്യ വിളയായ നെല്ല് അപ്രത്യക്ഷമായി.. അവിടെയുണ്ടായിരുന്ന ചെറു കുളങ്ങളിലെ ആമ്പലുകൾ, വരികൾ(ഓണത്തിന് പൂക്കളമിടുമ്പോൾ പറിക്കാറുള്ള ഒരു തരം നെൽക്കതിർ പോലുള്ള ചെടിയാണ്), വെള്ളക്കെട്ടുകളിലെ ചെറുമീനുകൾ, അപൂർവ്വങ്ങളായി കാണപ്പെടുന്ന കാക്കപ്പൂവ്, കഞ്ഞുണ്ണി, കീഴാർനെല്ലി , പൂവാംകുറുന്തൽ എന്നിവയും തുടച്ചുമാറ്റപ്പെട്ടു.. ഇവയൊന്നും കേൾക്കുമ്പോൾ അത്ര പ്രാധാന്യമില്ലാത്തതായി തോന്നാം..പക്ഷെ യഥാർത്ഥത്തിൽ അവയെല്ലാം തിരിച്ചു വയ്ക്കാൻ പറ്റാത്ത പ്രകൃതിയുടെ അമൂല്യങ്ങളായ നിധികളായിരുന്നു.


“ നഷ്ടസ്വർഗങ്ങളെ നിങ്ങളെനിക്കൊരു ദുഖസിംഹാസനം നൽകി,..” ഇപ്പോൾ ഓർക്കുമ്പോൾ അത് തീർച്ചയായും നഷ്ട സ്വർഗങ്ങൾ തന്നെയാണ്... നമ്മുടെ കുട്ടികൾക്ക് കാണിച്ചുകൊടുക്കാൻ പറ്റാതെ പോയ കാഴ്ചകൾ... ഇനി ഒരിക്കലും പുനർസൃഷ്ടിക്കാൻ പറ്റാത്ത ബാല്യകാലാനുഭവങ്ങൾ...

1 comment:

I would like to hear back your comments...

Popular Posts

Total Pageviews