നാലുമണിക്കാറ്റ്

നാലുമണിക്കാറ്റ് കുറെ ഓർമ്മക്കുറിപ്പുകളാണ്. ജീവിത യാത്രയെ തൊട്ടും തലോടിയും ചിലപ്പോളൊക്കെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മറ്റു ചിലപ്പോൾ ഒട്ടൊന്നു വിഷമിപ്പിച്ചും കടന്നു പോകുന്ന കുളിർ കാറ്റ്... എല്ലാവര്ക്കും ഉണ്ടാകും ഇത് പോലെ ഉള്ള അനുഭവങ്ങളും കഥകളും. വായനക്കാരെ മടുപ്പിക്കാതെ രസകരമായി എന്റെ ചില കുറിപ്പുകൾ വരച്ചിടാൻ ശ്രമിക്കുകയാണ് ഈ ബ്ലോഗിലൂടെ...

Monday, December 31, 2018

കേരളത്തിൽ നിന്നും പോണ്ടിച്ചേരിയിലേക്ക്


                                               

പറഞ്ഞു വരുന്നത് എൻ്റെ അഞ്ചാം ക്ലാസ്സിലോട്ടുള്ള സ്കൂൾ മാറ്റത്തെപറ്റിയാണ്. നാലാം ക്ലാസ്സു വരെയുള്ള പുന്നോൽ LP സ്കൂളിൽ നിന്നും TC വാങ്ങി നേരെ പോയി ചേർന്നത് കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയുടെ (ഇന്നത്തെ പുതുച്ചേരി) കീഴിലുള്ള മയ്യഴി [മാഹി] താലൂക്കിലെ സ്ഥലമായ പള്ളൂരിലെ ഗവ : ഗേൾസ് ഹൈ സ്കൂളിലായിരുന്നു. എം. മുകുന്ദൻ്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന നോവലിലൂടെ പ്രശസ്‌തമായ മയ്യഴിയെപ്പറ്റി അറിയാത്തവർ ചുരുക്കമായിരിക്കും. പുതുച്ചേരി നഗരത്തിൽനിന്നും ഏകദേശം 630 കിലോമീറ്റർ അകലെയാണ് മയ്യഴി സ്ഥിതി ചെയ്യുന്നത്. പറഞ്ഞു കേൾക്കുമ്പോൾ വളരെ അകലങ്ങളിലുള്ള രണ്ടു സ്ഥലങ്ങളെന്നു തോന്നുമെങ്കിലും പുന്നോലും പള്ളൂരും തമ്മിൽ കുറച്ചു ദൂരം മാത്രമേയുള്ളു . അവിടെ എന്നെ ചേർക്കാനുള്ള കാരണം കേരളത്തിൽ നല്ല സ്കൂളുകൾ ഇല്ലാഞ്ഞിട്ടല്ല മറിച്ചു എൻ്റെ അമ്മ ആ വിദ്യാലയത്തിലെ ഹിന്ദി അദ്ധ്യാപികയായിരുന്നു എന്നുള്ളത് കൊണ്ടാണ്. അമ്മയും അവിടെയുണ്ടല്ലോ എന്നുള്ള ആശ്വാസത്തിനുമപ്പുറം അതേ അമ്മയുടെ അഭിമാനം കാത്തു സൂക്ഷിക്കൽ ചുമതലയുടെ അങ്കലാപ്പും ഉണ്ടായിരുന്നു പുതിയ സ്കൂളിലേക്കുള്ള യാത്രയിൽ.

പേരു പോലെ തന്നെ പെൺകുട്ടികൾ മാത്രം ഉണ്ടായിരുന്ന ആ വിദ്യാലയത്തിലെ അന്നത്തെ സവിശേഷത ഷിഫ്റ്റ് സമ്പ്രദായമായിരുന്നു . ആദ്യ ഷിഫ്റ്റ് രാവിലെ 8.45 AM മുതൽ ഉച്ചയ്ക്ക് 12.45 PM വരെയും അടുത്ത ഷിഫ്റ്റ് 1.30 PM മുതൽ വൈകിട്ട് 5.30 PM വരെയും ആണ്. 5, 6 , 7 എന്നീ ക്ലാസുകൾ ഒരു ഷിഫ്റ്റും 8, 9, 10 ക്ലാസുകൾ അടുത്ത ഷിഫ്റ്റും ആയിരുന്നു. 8, 9, 10 ക്ലാസ്സുകളിലായിരുന്നു അമ്മ പഠിപ്പിച്ചിരുന്നത്. അതു കൊണ്ടു തന്നെ എനിക്കും അമ്മയ്ക്കും വ്യത്യസ്ത ഷിഫ്റ്റുകൾ ആയിരുന്നു ആദ്യ മൂന്നു വർഷങ്ങളിൽ. ഷിഫ്റ്റ് സമ്പ്രദായം ഉണ്ടാകാനുള്ള കാരണം അന്ന് ഞങ്ങളുടെ സ്കൂളിൻ്റെ പകുതി കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന നവോദയ സ്കൂളായിരുന്നു. അതിനാൽത്തന്നെ എല്ലാ ക്ലാസ്സുകാർക്കും ഒരേ സമയം പ്രവർത്തിക്കാൻ വേണ്ടത്ര ക്ലാസ്സ്മുറികൾ ഇല്ലായിരുന്നു. പിന്നീട് സ്വന്തമായൊരു സ്കൂൾ കെട്ടിടം നിർമ്മിച്ചു നവോദായക്കാർ പോയെങ്കിലും ഞാൻ ചേർന്നതിനു ശേഷവും ഏകദേശം 4 വർഷത്തോളം അവരുടെ ക്ലാസ്സുകളും ഹോസ്റ്റലും ഈ സ്കൂളിൻ്റെ ഭാഗമായി ഉണ്ടായിരുന്നു. കൂട്ടായ്മയുടെ ഉത്തമോദാഹരണം കൂടെയായിരുന്നു രണ്ടു വ്യത്യസ്ത സ്കൂളുകൾ ഒരു കുടക്കീഴിൽ പ്രവർത്തിച്ചു വന്നിരുന്നത്.

വെള്ള ടോപ്പും കോഫി ബ്രൗൺ നിറമുള്ള സ്കർട്ടും ആയിരുന്നു പള്ളൂർ സ്കൂളിലെ അന്നത്തെ യൂണിഫോം. ആദ്യമായി യൂണിഫോം അണിയുന്നതും അഞ്ചാം ക്ലാസ്സിൽ വച്ചാണ്. നീളൻ മുടിക്കാർ ചെയ്യേണ്ടതായ റിബ്ബൺ വച്ചുള്ള ഇരുവശവും പിന്നി മടക്കിക്കെട്ടൽ എനിക്ക് വെല്ലുവിളിയായിത്തീർന്നത് അമ്മയ്ക്ക് രാവിലത്തെ ഷിഫ്റ്റും എനിക്ക് ഉച്ചയ്ക്കുള്ള ഷിഫ്റ്റും ആയപ്പോഴാണ്. ഒറ്റയ്ക്ക് കെട്ടാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ അച്ഛമ്മയെ കൊണ്ട് കെട്ടിച്ചു നോക്കി. “ കെട്ടിയത് ഒട്ടും ശെരിയായില്ല” എന്ന കൂട്ടുകാരികളുടെ അഭിപ്രായപ്രകടനത്തിനു മുൻപിൽ ഇനി എന്താണൊരു പോംവഴി എന്ന് ചിന്തിച്ചപ്പോഴാണ് രണ്ടു കാലടി ദൂരം മാത്രമുള്ള, തൊട്ടടുത്ത വീട്ടിലെ ബന്ധു കൂടിയായ സാവിത്രി ചേച്ചിയെ (സാവേച്ചി എന്നാണ് ഞാൻ വിളിക്കാറ്) ഓർമ്മ വന്നത്. എന്തിനും ഏതിനും അങ്ങോട്ടും ഇങ്ങോട്ടും ഉള്ള സഹായങ്ങളും അടുപ്പവും വേണ്ടുവോളം ഉള്ള രണ്ടു വീടുകളാണ് ഞങ്ങളുടേത്. എനിക്കെന്നും പ്രിയപ്പെട്ട സാവേച്ചിയോട് ചോദിക്കേണ്ട താമസം ’അതിനെന്താ മോളേ ഞാൻ കെട്ടിത്തരാലോ’ എന്ന് പറയുകയും ആ മൂന്നു വർഷത്തെ ഉച്ച ഷിഫ്റ്റുകളിൽ എന്നും എനിക്ക് മുടി കെട്ടിത്തരികയും ചെയ്തു. ഇടയ്ക്ക് അവരുടെ മകളും അമ്മയുമൊക്കെ കെട്ടിത്തന്നിട്ടുണ്ടെങ്കിലും എനിക്കേറ്റവും തൃപ്തികരമായിരുന്നത് സാവേച്ചിയുടെ മുടിപ്പിന്നലായിരുന്നു .

വീട്ടിൽ നിന്നും ഏകദേശം 7 കിലോമീറ്ററോളം ദൂരമുണ്ട് സ്കൂളിലേക്ക്. അതിനാൽത്തന്നെ അമ്മ പൊയ്ക്കൊണ്ടിരുന്ന ഓട്ടോറിക്ഷയാണ് എനിക്കും പോകാൻ പറഞ്ഞേൽപ്പിച്ചത്. പുന്നോലിൽ നിന്നും പാറാലിൽ നിന്നും ഏകദേശം 8-10 പേരുണ്ടായിരുന്നു കുട്ടിയാത്രക്കാരായിട്ട് . കാര്യം അതൊക്കെയാണെങ്കിലും ഓട്ടോ വരുന്നത് ഞങ്ങളുടെ പുന്നോൽ റോഡിലുള്ള പൊതു കിണറിൻ്റെ സമീപം വരെ മാത്രമായിരുന്നു. അവിടെയെത്താൻ 15 മിനുട്ടോളം നടത്തമുണ്ട് വീട്ടിൽ നിന്നും . ആ കഷ്ടപ്പാടിന് പ്രധാന കാരണം ടാറിടാത്ത, കുണ്ടും കുഴിയും നിറഞ്ഞ പാതയായിരുന്നു വീട്ടിൽ നിന്നും പുന്നോൽ മെയിൻ റോഡ് വരെ എന്നതായിരുന്നു . ആ ദുർഘടം പിടിച്ച വഴിയിൽ ഓടിച്ചു റിസ്ക് എടുക്കാൻ ഡ്രൈവറങ്കിളും തയ്യാറായിരുന്നില്ല. എന്നാൽ ഒരിക്കൽ ഗ്രൗണ്ടിൽ കളിച്ചു കാല് മുറിഞ്ഞപ്പോൾ പറയാതെ തന്നെ വീട് വരെ എന്നെ കൊണ്ടു വിട്ടു . അൽപ്പം വൈകി എത്തിയാലും വഴക്കൊന്നും പറയാതെ വണ്ടിയോടിക്കാറുള്ള അങ്കിൾ ഒരു ഫലിതപ്രിയനും കൂടെയായിരുന്നു. യാത്രയ്ക്കിടയിൽ ചിലപ്പോൾ പാട്ടു പാടിയും തമാശക്കഥകൾ പറഞ്ഞും യാത്രകളെ വളരെ രസകരമാക്കി മാറ്റി അദ്ദേഹം. 7th വരെ അതേ ഓട്ടോയിൽ ആയിരുന്നു സ്കൂൾ യാത്ര.

8th മുതൽ അമ്മയോടൊപ്പം മാടപ്പീടിക വരെ നടന്നു(ഏകദേശം 20 മിനുട്ടോളം) അവിടെ നിന്നും ബസ്സിൽ പള്ളൂർ പോലീസ് സ്റ്റേഷനടുത്തുള്ള ബസ്‌സ്റ്റോപ്പിൽ ഇറങ്ങി 20 മിനുട്ടോളം വീണ്ടും നടന്നു സ്കൂളിലേക്ക് … വൈകാറുള്ള ദിവസങ്ങളിൽ ഓട്ടോയിൽ പോകും . അങ്ങനെ മൂന്നു വർഷങ്ങൾ അമ്മയെന്ന കൂട്ടുകാരിയുടെ കൂടെയായിരുന്നു സ്കൂൾ യാത്ര . ചില ദിവസങ്ങളിൽ തിരിച്ചു വരുമ്പോൾ വല്യമ്മയുടെ വീട്ടിൽ കയറി സ്നേഹത്തോടെ കരുതി വച്ചിരിക്കുന്ന പലഹാരങ്ങൾ കഴിച്ചു , വല്യച്ഛൻ്റെ പട്ടാള കഥയും കേട്ടിട്ടാണ് വീട്ടിലേക്കു മടങ്ങാറ് . വീട്ടിൽ നല്ലൊരു പൂന്തോട്ടം അമ്മയുടെ വകയായുണ്ടായിരുന്നു. സ്കൂളിൽ നിന്നും നടന്നു വരുന്ന വഴിമധ്യേ പരിചയമുള്ള വീടുകളിൽ എവിടെയെങ്കിലും അമ്മയ്ക്ക് പ്രിയപ്പെട്ട വ്യത്യസ്ത കളറുകളുള്ള ചെമ്പരത്തി , റോസ്, ഇരട്ട മുല്ല എന്നിവയൊക്കെ കാണുകയാണെങ്കിൽ അവിടെ കയറി ആ ചെടിയുടെ ഒരു തണ്ട് ചോദിച്ചു വാങ്ങുമായിരുന്നു. ഭയങ്കര യാത്രാക്ഷീണം ഉള്ള ദിവസങ്ങളിൽ എൻ്റെ ആവശ്യ പ്രകാരം അറിയാവുന്ന ഏതെങ്കിലും വീട്ടിൽ കയറി വെള്ളമൊക്കെ കുടിച്ചു വിശേഷങ്ങളൊക്കെ പങ്കുവച്ചിട്ടാണ് ഞങ്ങളുടെ മടക്കം. ഏറ്റവും പണി കിട്ടുന്നത് കേരളത്തിൽ ഹർത്താൽ പ്രഖ്യാപിക്കുന്ന ദിവസങ്ങളിലാണ്. പള്ളൂരിൽ അത് ബാധിക്കാത്തതു കാരണം സ്കൂളിൽ പോയേ പറ്റൂ. നിരന്തരം പ്രഖ്യാപിക്കുന്ന നമ്മുടെ നാട്ടിലെ ഹർത്താലിനനുസരിച്ചു ലീവ് എടുക്കൽ നടക്കുന്ന കാര്യമല്ലല്ലോ. അപ്പോൾ വീട്ടിൽ നിന്നും ഒന്നര മണിക്കൂറോളം കുറുക്കു വഴികളിലൂടെ നടന്നാണ് ഞാനും അമ്മയും സ്കൂളിലെത്തിയിരുന്നത് .

സംഭവബഹുലമായ ആ 6 വർഷങ്ങൾ ഒത്തിരി മധുരമുള്ളതും ഒട്ടൊക്കെ വേദനിപ്പിച്ചതുമായ ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ട്. അവിടെ നിന്നും തുടങ്ങിയ കാപട്യമില്ലാത്ത, നല്ല സുഹൃത്ബന്ധങ്ങൾ ഇപ്പോഴും തുടരുന്നു. അതു പോലെ ചിലപ്പോഴൊക്കെ കൂടെ നടന്നു പണി തന്നു വേദനിപ്പിച്ചവരെയും ജീവിത പാഠങ്ങൾ പഠിപ്പിച്ചു തന്നവരായി കണക്കാക്കി പരിഭവങ്ങളില്ലാതെ മുന്നോട്ടു പോകുന്നു. ഏഴാം ക്ലാസ്സു വരെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്ന രചന..സംസാരം കൂടുതലാണെന്നു പറഞ്ഞു മൂന്നു വർഷങ്ങൾ ഒരുമിച്ചിരുന്ന ഞങ്ങളെ സരസ്വതി ടീച്ചർ ബെഞ്ച് മാറ്റിയിരുത്തിയപ്പോൾ എനിക്ക് കിട്ടിയ പ്രിയ കൂട്ടുകാരി നിധിന , വിനി, ശ്രീജയ...ഇവരൊക്കെ പിന്നീട് ഉയർന്ന ക്ലാസ്സുകളിലും ഇപ്പോഴും ഉള്ള കൂട്ടുകാരാണ്.

എൻ്റെ പ്രിയപ്പെട്ട ഗുരുനാഥന്മാർ...അവരെല്ലാവരും തന്നെ മികച്ച അദ്ധ്യാപന ശൈലി കൊണ്ട് വിദ്യാർത്ഥികളുടെ മനസ്സു കീഴടക്കിയവരാണ്. 5-7 വരെയുള്ള മൂന്നു വർഷങ്ങളിലെ ഓർമ്മകളിൽ തിളക്കമാർന്നത് എനിക്കേറ്റവും ഇഷ്ടമുള്ള, സയൻസ് പഠിപ്പിച്ചിരുന്ന ധന്യമാലിനി ടീച്ചറെക്കുറിച്ചാണ് ...ക്ലാസ്സ് ഒട്ടും മുഷിപ്പിക്കാതെ പാഠ പുസ്തങ്ങൾക്കപ്പുറം പൊതുവിജ്ഞാനത്തെ രസകരമായി പറഞ്ഞു തന്നിരുന്ന, എല്ലാവരോടും സൗമ്യമായി പെരുമാറിയിരുന്ന ടീച്ചറുടെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല. 8-10 വരെയുള്ള കാലയളവിൽ രണ്ടു വർഷം ഹിന്ദി ടീച്ചർ അമ്മ തന്നെയായിരുന്നു . ക്ലാസ്സെടുക്കാൻ വരുമ്പോൾ ടീച്ചർ എന്നും അമ്മയെന്നും ഒക്കെ വിളിക്കാൻ വല്യ ചമ്മൽ ആയിരുന്നു എനിക്ക്. പിന്നെ ആദ്യ ക്ലാസ്സിൽ ഹിന്ദി മാസ്റ്റർ ആയിരുന്ന അയ്യപ്പൻ മാഷും ഒരു വർഷം ഹൈസ്കൂൾ ക്ലാസ്സ് എടുക്കാൻ ഉണ്ടായിരുന്നു. മലയാളം അടിപൊളിയായി പഠിപ്പിച്ച സരസ്വതി ടീച്ചർ, ഇംഗ്ലീഷും ഫിസിക്‌സും പഠിപ്പിച്ച സുന്ദരിയായ സ്നേഹം നിറഞ്ഞ പുഷ്പ്പവല്ലി ടീച്ചർ, സോഷ്യൽ ക്ലാസ് വളരെ സരസമായി ചിരിപ്പിച്ചു കൈകാര്യം ചെയ്ത സത്താർ മാഷ്, നമ്മെ വിട്ടു പിരിഞ്ഞ ശ്രീമതി ടീച്ചർ... അങ്ങനെ നീളുന്നു ഒരിക്കലും മറക്കാൻ പറ്റാത്ത അദ്ധ്യാപകരുടെ നിര.

7th വരെയുള്ള മൂന്നു വർഷങ്ങളിൽ സ്കൂൾ ആനുവൽ ഡേയോടനുബന്ധിച്ചു ഡാൻസ് പഠിപ്പിക്കാൻ വരുന്ന വസന്തകുമാരി ടീച്ചറേയും ഡാൻസിൻ്റെ പേരിൽ ടീച്ചറുടെ അനുവാദത്തോടെ ക്ലാസ്സ് കട്ട് ചെയ്യാൻ കഴിഞ്ഞിരുന്നതുമൊക്കെ മധുരമുള്ള ഓർമ്മകളാണ്. ചില ദിവസങ്ങളിൽ കുറച്ചു നേരത്തെ സ്കൂളിൽ എത്തി ഡാൻസ് പ്രാക്ടീസ് ചെയ്യേണ്ടതായി വരാറുണ്ട്. അപ്പോൾ രാവിലെ തന്നെ അമ്മയുടെ കൂടെ വന്നു സ്കൂളിനടുത്തുള്ള ബന്ധുവും പ്രിയപ്പെട്ട കൂട്ടുകാരിയുമായ രചനയുടെ വീട്ടിലെത്തി അവിടെ നിന്ന് ഞങ്ങൾ ഒരുമിച്ചാണ് സ്കൂളിലേക്ക് പോകാറ് ..ഡാൻസ് കൂടാതെ മറ്റു മത്സരങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളതും എപ്പോഴും സമ്മാനം കിട്ടുന്നതുമായ ഇനങ്ങളായിരുന്നു മലയാളം,ഹിന്ദി ഉപന്യാസ രചന, കവിതാ രചന,പദ്യം ചൊല്ലൽ എന്നിവ. ആദ്യമായി അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ വല്യ ക്ലാസ്സിലെ ചേച്ചിമാരുടെ കൂടെ അമ്മയോടൊപ്പം വിനോദയാത്രയ്ക്ക് കന്യാകുമാരിയിലും പദ്‌മനാഭ സ്വാമി ക്ഷേത്രത്തിലുമൊക്കെ പോയത് ഇന്നും നിറമുള്ള ഓർമകളാണ്. ഒടുവിൽ 10th ഡിസ്റ്റിംക്ഷനോടു കൂടി പാസ്സായി അവിടെ നിന്നും പടിയിറങ്ങുമ്പോൾ അമ്മയുടെ അഭിമാനം കാത്തതിൻ്റെ ചാരിതാർഥ്യം കൂടെയുണ്ടായിരുന്നു മനസ്സിൽ.

2014 മാർച്ചിൽ അമ്മ പള്ളൂർ ഗേൾസ് സ്കൂളിൽ നിന്നും വിരമിച്ചു . ഇന്ന് ആ സ്കൂളിന്റെ പേര് കസ്തുർബാ ഗാന്ധി ഗവ: ഹൈ സ്കൂൾ [KGGHS] എന്നാണ് . ഇപ്പോൾ അവിടെ ഷിഫ്റ്റ് സമ്പ്രദായമില്ല. അതുണ്ടായിരുന്ന ലാസ്റ്റ് 10th ബാച്ച് ആയിരുന്നു ഞങ്ങളുടേത്. അതു പോലെ ഇപ്പോൾ ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്നുണ്ടവിടെ . യൂണിഫോം കളർ ഇപ്പോൾ വെള്ളയും നീലയുമാണ് . അങ്ങനെ കാലാത്മകമായ ഒത്തിരി മാറ്റങ്ങൾക്കു സാക്ഷ്യം വഹിച്ച പള്ളൂർ സ്കൂളിനെപ്പറ്റിയുള്ള ഈ ഓർമ്മകുറിപ്പിലൂടെ എൻ്റെ പ്രിയപ്പെട്ട അദ്ധ്യാപകേരെയും കൂട്ടുകാരെയും സ്നേഹപൂർവ്വം ഒരിക്കൽ കൂടി സ്മരിക്കുന്നു.



Saturday, December 8, 2018

കുട്ടി മാളികപ്പുറം


കന്നി മല കയറ്റം ...എൻ്റെ എല്ലാമെല്ലാമായ അയ്യപ്പ സ്വാമിയെ കാണാൻ ആദ്യമായി അച്ഛനോടൊപ്പം ശബരിമലയ്ക്ക് പോയ ഓർമകളിലൂടെ സഞ്ചരിക്കുകയാണ് ഞാൻ ഇതെഴുതുമ്പോൾ. ചെറുപ്പം മുതൽ അച്ഛമ്മയും അച്ഛനും പറഞ്ഞു തന്നിട്ടുള്ള കലിയുഗവരദനായ അയ്യപ്പസ്വാമിയുടെ കഥകൾ കേട്ടാണ് ഞാൻ വളർന്നത്.  

കുട്ടികളില്ലാതിരുന്ന ശിവഭക്തനായ പന്തള രാജാവിന് ഒരു നാൾ നായാട്ടിനായി കാട്ടിൽ പോയപ്പോൾ അവിടെ നിന്നും ഒരാൺകുഞ്ഞിനെ കിട്ടുകയും കഴുത്തിൽ മണിമാല കിടന്നിരുന്നത് കൊണ്ട് മണികണ്ഠൻ എന്ന പേരിട്ടു സ്വന്തം മകനായി വളർത്തുകയും ചെയ്തു. ശിവഭഗവാന് മോഹിനീ രൂപത്തിലുള്ള വിഷ്ണുവിൽ ജനിച്ച പുത്രനാണിതെന്നാണ് ഐതിഹ്യം  .

പിന്നീട് വളർന്നപ്പോൾ രാജാവ് മണികണ്ഠനെ യുവരാജാവായി വാഴിക്കാൻ തീരുമാനിക്കുകയും അത് തടഞ്ഞു സ്വന്തം മകനെ (രാജ്ഞിക്കു പിറന്ന മകൻ) ആ സ്ഥാനത്തു വാഴിക്കാൻ രാജ്ഞിയും കൂടെ മന്ത്രിയും ചേർന്ന് പദ്ധതിയിടുകയും ചെയ്തു. അതിൻ പ്രകാരം മന്ത്രിയുടെ ദുഷ്പ്രേരണയാൽ രാജ്ഞി വയറുവേദന നടിച്ചു കിടപ്പിലാവുകയും കൊട്ടാരവൈദ്യനെകൊണ്ട് പുലിപ്പാൽ മാത്രമേ രോഗശാന്തി വരുത്തൂ എന്നും പറയിപ്പിച്ചു. പുലിപ്പാൽ കൊണ്ട് വരാൻ നിയോഗിക്കപ്പെട്ടത് അയ്യപ്പനായിരുന്നു. അങ്ങനെ കാട്ടിൽ പോയി അവതാരോദ്ദേശമായ മഹിഷീ വധവും കഴിഞ്ഞു പുലിപ്പുറത്തു കയറി മറ്റു പുലികളോടു കൂടി കൊട്ടാരത്തിലെത്തിയ അയ്യപ്പനെ ദൈവമാണെന്ന് മനസ്സിലാക്കിയ പന്തളം രാജാവ്, അവിടം വിട്ട്  പോകരുതെന്നഭ്യർത്ഥിച്ചപ്പോൾ  അയ്യപ്പൻ്റെ നിർദ്ദേശപ്രകാരം ശബരിമലയിൽ ക്ഷേത്രം നിർമ്മിച്ച് അവിടെ കുടിയിരുത്തുകയായിരുന്നു. ഇതാണ് കഥയുടെ രത്നച്ചുരുക്കം.


എട്ടാം വയസ്സിലായിരുന്നു എൻ്റെ കന്നി ശബരിമല യാത്ര.അതായത് ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ. 41 ദിവസത്തെ കഠിന വൃതമെടുത്തു എല്ലാ വർഷവും അച്ഛനും ചേട്ടനും(ഞാൻ പോകുന്നതിനു മുൻപുള്ള വർഷങ്ങളിൽ) മലയ്ക്ക് പോകുമായിരുന്നു . അങ്ങനെ എനിക്കും സ്വാമിയെ കണ്ടു തൊഴാൻ കൊതിയായി. “എനിക്കും അയ്യപ്പനെ കാണണം” എന്ന നിരന്തരമുള്ള ആവശ്യം ഒടുവിൽ അച്ഛൻ സമ്മതിക്കുകയായിരുന്നു . മണ്ഡല കാലം തുടങ്ങുന്ന വൃശ്ചികം 1നു അതിരാവിലെ എഴുന്നേറ്റ് കുളിച്ചു കറുത്ത പാവാടയും ബ്ലൗസും ഇട്ടു തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തിൽ പോയി സ്വാമിയുടെ മുദ്ര മാല അച്ഛനിൽ നിന്നും സ്വീകരിച്ചു. പിന്നീടങ്ങോട്ട് എല്ലാ ദിവസവും രാവിലെ കുളിച്ചു പൂജാ മുറിയിൽ കയറി വിളക്കു കൊളുത്തി അച്ഛനോടൊപ്പം ശരണം വിളിച്ചിട്ടായിരുന്നു ഓരോ ദിവസവും തുടങ്ങിയിരുന്നത്. എല്ലാ കാര്യങ്ങളിലും ആ വ്രതശുദ്ധി കാത്തു സൂക്ഷിക്കാൻ ഞാൻ നന്നേ ശ്രദ്ധിച്ചിരുന്നു .ആ സമയത്തു എല്ലാവരും പേര് ചൊല്ലി വിളിക്കുന്നതൊക്കെ നിർത്തി ‘കുട്ടി മാളികപ്പുറം’ എന്നായിരുന്നു വിളിച്ചിരുന്നത് .

മിക്ക ദിവസങ്ങളിലും വൈകുന്നേരങ്ങളിൽ എന്നെയും കൂട്ടി അച്ഛൻ വീട്ടിൽനിന്നും കുറച്ചകലെയുള്ള ചെമ്പ്ര അയ്യപ്പൻ കാവിലും സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും പോകും. ചെരുപ്പിടാതെ കാൽനടയായിട്ടായിരുന്നു യാത്ര . തൊഴുതു മടങ്ങുമ്പോൾ തൊട്ടടുത്തുള്ള അയ്യപ്പ ഭജന മഠത്തിൽ കയറി മറ്റുള്ള അയ്യപ്പന്മാരോടൊപ്പം ഭജന പാടും . അന്നും ഇന്നും എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യമാണ് ഭജന. സ്വാമിയുടെ രൂപത്തിന് മുന്നിൽ ചമ്രം പടിഞ്ഞിരുന്നു കൂട്ടത്തിലൊരാൾ സ്വാമിയുടെ കീർത്തനം പാടുമ്പോൾ ബാക്കിയുള്ളവർ അതേറ്റു പാടുന്നതാണ് ഈ ഭജന പരിപാടി .എല്ലാ കണ്ഠങ്ങളിൽ നിന്നും ഉയരുന്ന ഉച്ചത്തിലുള്ള ഈ ആലാപനം വല്ലാത്തൊരു പോസിറ്റീവ് എനർജിയാണ് ആ പ്രദേശമാകെ നിറച്ചിരുന്നത്. ഏറ്റവും ഒടുവിൽ പടിപ്പാട്ടും പാടി കർപ്പൂരമുഴിഞ്ഞു പ്രസാദവും കിട്ടിക്കഴിഞ്ഞാൽ ഇരുട്ട് കയറി തുടങ്ങിയ വഴികളിലൂടെ ടോർച്ചും തെളിച്ചു വീട്ടിലേക്ക് …

കന്നി മാളികപ്പുറം ആയതു കൊണ്ട് മലയ്ക്ക് പോകുന്നതിനു മുൻപ് ഒരു നാൾ വീട്ടിൽ വച്ചു ഭജനയും കുറെ സ്വാമിമാർക്ക് അന്നദാനവും നടത്തി. ദിവസങ്ങൾ കഴിഞ്ഞപ്പോൾ മലയ്ക്കു പോകേണ്ട ദിനം വന്നെത്തി. ശ്രീരാമസ്വാമി ക്ഷേത്രത്തിൽ വച്ചു തന്നെ ആയിരുന്നു കെട്ടു നിറ. ഗുരുസ്വാമിയായ അച്ഛൻ്റെ നേതൃത്വത്തിൽ ശരണം വിളികളോടെ നെയ്‌ത്തേങ്ങ നിറച്ചു. ആ മുദ്ര തേങ്ങ, കാണിപ്പണം,വെറ്റില, അടയ്ക്ക, മഞ്ഞൾപ്പൊടി, ചന്ദനത്തിരി,ഭസ്മം,വെള്ളനിവേദ്യ അരി എന്നിവ ഇരുമുടിക്കെട്ടിലെ മുൻകെട്ടിലും സാദാ അരി, ഉടയ്ക്കാനുള്ള തേങ്ങകൾ, അവൽ, മലർ, ഉണക്കമുന്തിരി, കദളിപ്പഴം,കൽക്കണ്ടം എന്നിവ പിൻകെട്ടിലും കെട്ടി ഗുരുസ്വാമി ഇരുമുടിക്കെട്ട് ഒരുവിരിപ്പോടു കൂടി ചേർത്ത് തലയിൽ വച്ച് തന്നു. കാൽ തൊട്ടു വന്ദിച്ചു ശരണം വിളികളോടെ തന്നെ അത് കൊണ്ട് പോയി വിരിപ്പ് വിരിച്ചു അതിൽ ഇരുമുടി ഇറക്കി വച്ചു . (ഇരുമുടി കെട്ടുനിറ കഴിഞ്ഞു തലയിലേറ്റിയാൽ പിന്നെ അത് വെറും നിലത്തു വയ്ക്കരുത്). കൂടെ വരുന്നവരുടെ കെട്ടുനിറയും കഴിഞ്ഞു ഭക്ഷണവും കഴിച്ചതിന് ശേഷം ആദ്യമേ ബുക്ക് ചെയ്തിട്ടുണ്ടായിരുന്ന വാനിൽ കയറി. പിന്നീട് ഓരോ നാവിൽ നിന്നും നിർത്താതെയുള്ള ശരണം വിളികളോടെ ഞങ്ങളുടെ സംഘം അയ്യപ്പസ്വാമിയുടെ സന്നിധാനത്തിലേക്ക് …

വിരിവയ്ക്കാൻ ഇടത്താവളമായ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രമാണ് തിരഞ്ഞെടുത്തത്. അവിടെ വിശ്രമിച്ചു അന്നദാനവും കഴിച്ചു യാത്ര തുടർന്നു. പിന്നീട് പുണ്യസങ്കേതമായ എരുമേലിയിലാണ് ഞങ്ങൾ ഇറങ്ങിയത് . അവിടെ പ്രധാനമായും കന്നി സ്വാമിമാർ ചെയ്തിരിക്കേണ്ട അനുഷ്ഠാന ആനന്ദനൃത്തമാണ് പേട്ടതുള്ളൽ.മുഖത്തു ചായമൊക്കെ തേച്ചു ഞാനടക്കം എല്ലാവരും താളമേളങ്ങൾക്കൊത്തു പേട്ടതുള്ളി. അതിനു ശേഷം അവിടെയുള്ള ശാസ്താ ക്ഷേത്രത്തിലും വാവര് പള്ളിയിലും പ്രദക്ഷിണം വച്ചു.പിന്നീട് അവിടെ നിന്ന് വാനിൽത്തന്നെ പമ്പയിലേക്ക് യാത്ര തിരിച്ചു.( എരുമേലിയിൽ നിന്ന് പമ്പയിലേക്ക് കാൽനടയായും യാത്ര ചെയ്യാം.ഏകദേശം 51 കിലോമീറ്ററോളം വരുന്ന ഈ കാനനപാത അല്പം ദൈർഘ്യമേറിയതാണെന്നു മാത്രം.അതിൽ കാളകെട്ടി, അഴുതാനദി,വലിയാനവട്ടം,ചെറിയാനവട്ടം,കരിമല എന്നീ പുണ്യസങ്കേതങ്ങളും പെടും).

അങ്ങനെ ഒടുവിൽ പാപനാശിനിയായ പമ്പയിലെത്തി.ആ തണുത്ത വെള്ളത്തിൽ മുങ്ങിനിവർന്നപ്പോൾ (ആ സമയത്തു വെള്ളം കുറവായിരുന്നു നദിയിൽ) അത് വരെ ഉണ്ടായിരുന്ന യാത്രാക്ഷീണമെല്ലാം പമ്പകടന്നു! പമ്പാസദ്യയൊരുക്കി(കൊണ്ട് വന്ന അരി ഉപയോഗിച്ചു വച്ച ഭക്ഷണം) കഴിച്ചതിനുശേഷം അവിടെയുള്ള ഗണപതിക്ഷേത്രത്തിൽ കയറി തൊഴുത് കാൽനടയായി സന്നിധാനത്തേക്കുള്ള നീലിമലകയറ്റം തുടങ്ങി. യാത്രാമദ്ധ്യേ അപ്പാച്ചിമേട്ടിലും ഇപ്പാച്ചിമേട്ടിലും അരിയുണ്ടയും ശർക്കരയുണ്ടയും എറിഞ്ഞു.ഇതും കന്നിസ്വാമിമാർ ചെയ്തിരിക്കേണ്ട ഒരു ആചാരമാണ്. പിന്നീട് ശബരീപീഠത്തിലെത്തി കാണിക്കയർപ്പിച്ചു(ഭണ്ഡാരം പെരുക്കൽ എന്നും പറയും) . അടുത്ത സ്ഥലം ശരംകുത്തിയാണ്. അവിടെ എത്തിയപ്പോൾ കന്നിമാളികപ്പുറമായ ഞാൻ നിശ്ചിത സ്ഥലത്തു ശരം കുത്തി വച്ചു. (എരുമേലിയിൽ നിന്നും ശരം വാങ്ങിയിരുന്നു). പിന്നെ നേരെ ഞങ്ങൾ സന്നിധാനത്തെത്തി.ഈ നീണ്ട യാത്രയിൽ ക്ഷീണിക്കുമ്പോൾ കയറി ഇരിക്കാനും വെള്ളം കുടിക്കാനുമൊക്കെ ധാരാളം വഴിയമ്പലങ്ങൾ ഉണ്ടായിരുന്നു.കൂടാതെ ഇടയ്ക്കു വഴിയോരങ്ങളിൽ വച്ച് അയ്യപ്പ സേവാസംഘത്തിലെ ആൾക്കാർ ഗ്ലുക്കോസ് പൊടിയും തന്നിരുന്നു. സന്നിധാനത്തു നീണ്ട ക്യു ആയിരുന്നു അയ്യപ്പദർശനത്തിനായി. മണിക്കൂറുകളോളം നീണ്ട ക്യുവിനൊടുവിൽ പതിനെട്ടാം പടിയുടെ സമീപം എത്തി .പടി കയറുന്നതിന് മുമ്പ് ഇരുമുടിക്കെട്ടിൽനിന്നും ഉടയ്ക്കാൻ കരുതിവച്ചിരുന്ന തേങ്ങകളിൽ നിന്നും ഒരു തേങ്ങയെടുത്ത് പടിയുടെ അടുത്തുള്ള കല്ലിൽ എറിഞ്ഞുടച്ചു . പിന്നെ പരിപാവനമായ പതിനെട്ടാം പടികൾ കയറിത്തുടങ്ങി. മനസ്സിൽ എന്തെന്നില്ലാത്ത ആകാംക്ഷ...അതാ ഒടുവിൽ പടികൾക്കിപ്പുറം ...എത്രയോ നാളുകളായി കാത്തിരുന്ന ശ്രീകോവിലിനുള്ളിലെ ആ ദിവ്യദർശനം...കൈകൂപ്പി നിന്നപ്പോൾ ശരിക്കും സ്വാമി പ്രത്യക്ഷപ്പെട്ട് അനുഗ്രഹം തന്നതായി തോന്നി . ഇന്നും അതോർക്കുമ്പോൾ അന്ന് അനുഭവപ്പെട്ട അതേ ആനന്ദം , കോരിത്തരിപ്പ് ...അധികസമയം തൊഴുതു കൊണ്ട് ആ തിരുമുൻപിൽ നില്ക്കാൻ കഴിഞ്ഞില്ല .തിരക്ക് നിയന്ത്രിക്കാൻ പോലീസുകാർ ആളുകളെ വേഗം വേഗം തട്ടി മാറ്റുന്നുണ്ടായിരുന്നു .പിന്നീട് സംഘത്തിലെ എല്ലാവരുടെയും നെയ്‌ത്തേങ്ങയിലെ നെയ്യ് ഒരു പാത്രത്തിൽ ഒഴിച്ച് ഭഗവാന് അഭിഷേകം ചെയ്യാൻ കൊടുത്തു. ഒഴിഞ്ഞ ആ തേങ്ങകൾ അവിടെയുണ്ടായിരുന്ന ആഴിയിൽ നിക്ഷേപിച്ചു.

ശ്രീകോവിൽ വലംവച്ചതിനു ശേഷം കന്നിമൂല ഗണപതിയേയും നാഗദൈവങ്ങളെയും തൊഴുതു ഞങ്ങൾ മാളികപ്പുറത്തേക്കു പോയി. പോകുന്ന വഴിയിലാണ് ഭസ്മക്കുളം. മാളികപ്പുറത്തു മഞ്ഞൾപ്പൊടിയും ബാക്കി പൂജാസാധനങ്ങളും സമർപ്പിച്ചു. പിന്നീട് കൊണ്ടു വന്ന ശേഷിച്ച നാളികേരങ്ങൾ അവിടെ ഉരുട്ടിക്കൊണ്ടു പുറകോട്ടു നടന്നു.പിന്നീട്, വീണ്ടും അയ്യപ്പന് മുന്നിലെത്തി വണങ്ങി സന്നിധാനത്തെ വാവരുനടയിലും തൊഴുത് നെയ്യും അരവണപ്പായസവും ഉണ്ണിയപ്പവും മറ്റ് പ്രസാദങ്ങളും വാങ്ങി മടക്കയാത്ര ആരംഭിച്ചു.

തിരിച്ചു വരുമ്പോൾ മനസ്സു നിറയെ അയ്യപ്പസ്വാമിയും ആ അമ്പലവുമായിരുന്നു. പന്തളം രാജ്യം ആക്രമിക്കാൻ വന്ന വാവരെ പരാജയപ്പെടുത്തി പിന്നീട് തൻ്റെ ഉറ്റ മിത്രമാക്കി മാറ്റിയ അയ്യപ്പസ്വാമി ക്ഷേത്രത്തോടൊപ്പം തന്നെ വാവര് പള്ളിക്കും സ്ഥാനം നൽകി. അവിടേക്കു വരുന്ന എല്ലാ ഭക്തരും രണ്ടു സ്ഥലങ്ങളിലും ഒരുപോലെ തൊഴുന്നു.ഇത് പോലെ മതസൗഹാർദ്ദം ഊട്ടിയുറപ്പിച്ച വേറൊരു പുണ്യസ്ഥലം ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മനസ്സിൽ നിറയെ ശബരിമലയാത്രയിൽ ഞാൻ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ വീട്ടുകാരോടും കൂട്ടുകാരോടും പറയാനുള്ള തിടുക്കമായിരുന്നു. അങ്ങനെ ആദ്യം തിരുവങ്ങാട് അമ്പലത്തിലെത്തി മാലയൂരി.പിന്നീട് വീട്ടിലെത്തി ആദ്യം തന്നെ അമ്മയോട് കഥകളുടെ ഭാണ്ഡക്കെട്ടഴിച്ചു...പ്രസാദങ്ങൾ അയല്പക്കക്കാർക്കു വീതിച്ചു നൽകി.

തൊട്ടടുത്ത കൊല്ലവും അച്ഛന്റെ കൂടെ മലയ്ക്ക് പോകാൻ കഴിഞ്ഞു . അതിനടുത്ത വർഷം 10 വയസ്സ് കഴിഞ്ഞത് കൊണ്ട് പോയില്ല.പകരം വൃതം നോറ്റു അച്ഛൻ പോയപ്പോൾ എൻ്റെ കൈകൊണ്ട് സമർപ്പിച്ച നെയ്‌ത്തേങ്ങയും കൊടുത്തുവിട്ടു അയ്യപ്പനു നിവേദിക്കാൻ . (ഒന്ന് അല്ലെങ്കിൽ മൂന്ന് തവണ പോകണമെന്നാണ് പറയാറ്). പ്രായത്തിൻ്റെതായ ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിലും അച്ഛൻ ഇന്നും മുടങ്ങാതെ എല്ലാക്കൊല്ലവും മലയ്ക്ക് പോകാറുണ്ട്.

മനസ്സിൽ മായാതെ കിടക്കുന്ന ആ ദർശന പുണ്യം കിട്ടാൻ അയ്യപ്പസ്വാമിയുടെ അനുഗ്രഹമുണ്ടെങ്കിൽ 50 വയസ്സിനു ശേഷം തീർച്ചയായും ഞാൻ മലയ്ക്ക് പോകും. അത് അന്ന് കണ്ടു മടങ്ങിയപ്പോൾ അയ്യപ്പന് മനസ്സു കൊണ്ട് അർപ്പിച്ച ഒരു വാക്കാണ്. അതിനിടയിൽ ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന അനാവശ്യമായ വിവാദങ്ങളിൽപ്പെട്ടു ശബരിമലയെന്ന ആ പുണ്യ സ്ഥലത്തെ സമാധാനവും വിശുദ്ധിയും നഷ്ടപെടാതിരിക്കട്ടെ എന്ന് സർവേശ്വരനായ അയ്യപ്പസ്വാമിയോടു തന്നെ പ്രാർത്ഥിക്കുന്നു.

Popular Posts

Total Pageviews