മാതാപിതാക്കളുടെയും മാതാപിതാക്കൾ...നമ്മുടെ പ്രിയപ്പെട്ട അച്ചാച്ചൻ-അച്ഛമ്മമാർ...വല്യച്ഛൻ-അമ്മമ്മമാർ [പലയിടത്തും വിളിപ്പേരുകൾ വ്യത്യസ്തങ്ങളായിരിക്കാം] … അച്ഛനമ്മമാർ കഴിഞ്ഞാൽ കുട്ടികളെ സ്നേഹവാത്സല്യങ്ങൾ കൊണ്ട് മൂടുന്ന, നല്ല കഥകൾ പറഞ്ഞുറക്കുന്ന, ഉപദേശങ്ങൾ വാരിക്കോരി തരുന്ന, ചിലപ്പോൾ നമുക്കു വേണ്ടി അച്ഛനമ്മമാരോട് വരെ വാദിക്കുന്ന വേറെ ആരും കാണില്ല ഈ ഭൂമിയിൽ അവരല്ലാതെ…
ഈ ഓർമ്മകൾ സ്നേഹനിധിയായ എന്റെ വല്യച്ഛനെപ്പറ്റിയാണ് (അമ്മയുടെ അച്ഛൻ) . ‘ വെല്ലിച്ഛൻ ’ എന്നാണ് വിളിക്കാറ് . പത്തിരുപതു കൊല്ലം ഇന്ത്യയുടെ പല സ്ഥലങ്ങളിലായി പട്ടാളത്തിൽ ഹവില്ദാരായി സേവനമനുഷ്ഠിച്ച ആളാണ് വല്യച്ഛൻ. വിരമിച്ചതിനു ശേഷം നാട്ടിൽ തന്നെ വീട് വച്ച് സ്ടിരതാമസമാക്കി . ഞങ്ങളുടെ വീട്ടിൽ നിന്നും നടക്കാൻ 10 മിനുട്ട് ദൂരമേ ഉണ്ടായിരുന്നുള്ളു വല്യമ്മയും വല്യച്ഛനും മാത്രമായ [എല്ലാ മക്കളും കല്യാണ ശേഷം വേറെ വേറെ സ്ഥലങ്ങളിലേക്ക് പോയി] ആ വീട്ടിലേക്ക് . അതിനാൽ തന്നെ ആ വീട്ടിലെ നിത്യസന്ദർശകയായിരുന്നു ഞാൻ . എന്താവശ്യമുണ്ടെങ്കിലും കുട്ടിയായ എന്നെയാണ് അങ്ങോട്ട് പറഞ്ഞു വിടുക. മധ്യവേനലവധിക്ക് സ്കൂൾ അടച്ചാൽ അവർക്കൊരു കൂട്ടായി മിക്കവാറും ദിവസങ്ങളിൽ ഞാൻ അവിടെ താമസിക്കുമായിരുന്നു. എല്ലാ പട്ടാളക്കാരെയും പോലെ വല്യച്ചനും ഭയങ്കര ഇഷ്ടമായിരുന്നു പട്ടാള കഥകൾ പറയാൻ... വല്യച്ഛൻന്റെ ആ കഥകളൊക്കെ കേട്ട്, വല്യമ്മയുടെ സ്വാദിഷ്ഠമായ പലഹാരങ്ങൾ ഒക്കെ കഴിച്ചു് , ഇടയ്ക്കു അടുക്കളപ്പണിയിൽ ഒരു കൈ സഹായിച്ചു ഒക്കെ ആ രണ്ടു മാസം അങ്ങനെ കടന്നു പോകും. ഏറ്റവും മൂത്ത മകളുടെ കുട്ടിയായ എനിക്ക് കിട്ടിയിരുന്ന ഈ സ്നേഹവാത്സല്യങ്ങളും പരിഗണനയും പിന്നീട് ഉണ്ടായ പേരക്കുട്ടികൾക്കൊന്നും അനുഭവിക്കാൻ കഴിയാതെ പോയി എന്നുള്ളതാണ് സത്യം.
വല്യച്ഛന് പ്രായമായിത്തുടങ്ങിയപ്പോൾ തിമിരം ബാധിച്ചു കണ്ണുകളുടെ കാഴ്ച മങ്ങിത്തുടങ്ങിയ കാലം. ആ ചെറിയ മങ്ങലും വച്ച് ഞങ്ങളുടെ വീട്ടിലും മറ്റു അടുത്തുള്ള സ്ടലങ്ങളിലും വല്യച്ഛൻ വരുമായിരുന്നു.ചിലപ്പോൾ വഴി തെറ്റി ആളുകൾ വീട്ടിലെത്തിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട് . വീട്ടിലേക്കു വരുമ്പോൾ നട വഴി തുടങ്ങുന്നിടത്തു വച്ച് തന്നെ എൻ്റെ പേര് ഉറക്കെ വിളിക്കുമായിരുന്നു .. അവിടെ നിന്ന് വീട്ടിലോട്ട് എൻ്റെ കൈയ്യും പിടിച്ചു്...വേറെ എങ്ങോട്ടു പോകണമെങ്കിലും എന്നെയും കൂട്ടിയിട്ടേ വല്യച്ഛൻ പോകൂ..നടക്കുമ്പോൾ വല്യ കല്ലുകളും കുഴികളും ഒക്കെ പറഞ്ഞു കൊടുത്തു കൈ പിടിച്ച് നേർവഴിക്കു നടത്താൻ ഞാനേ ഉണ്ടായിരുന്നുള്ളു എന്ന് വേണം പറയാൻ! അങ്ങനെയിരിക്കെ ഒരു ദിവസം വല്യച്ഛൻ എന്നെയും കൂട്ടി പതിവ് പോലെ റേഷൻ കടയിൽ പോയി. റേഷൻ കടക്കാരൻ ചന്ദ്രൻ ചേട്ടൻ കുശലങ്ങളൊക്കെ പറഞ്ഞതിനു ശേഷം വല്യച്ചനോട് പറഞ്ഞു “ എന്തിനാ ഇങ്ങനെ കാഴ്ചക്കുറവും വച്ച് തപ്പിത്തടഞ്ഞു ഇത്ര ദൂരം വരുന്നത്.. വേറെ ആരെയെങ്കിലും പറഞ്ഞു വിട്ടു അരിയൊക്കെ വാങ്ങിപ്പിച്ചാൽ പോരെ” . അപ്പോൾ വല്യച്ഛൻ മറുപടി പറഞ്ഞത് എന്നെ ചൂണ്ടിയാണ്... “ഇവളുണ്ടല്ലോ എനിക്ക് ‘ബോഡിഗാർഡ്’ ആയിട്ട്..പിന്നെ ഞാനെന്തിനാ പേടിക്കുന്നെ” എന്ന്. ഒരു വല്യ ഉത്തരവാദിത്തപ്പെട്ട ‘സ്ഥാനം’ എനിക്ക് കല്പിച്ചു തന്നതു പോലെ തോന്നി .. എന്ത് കൊണ്ടോ ആ ബഹുമതി എനിക്കിഷ്ടപ്പെട്ടു ...
കുറച്ചു കാലം കൂടി കഴിഞ്ഞപ്പോൾ വല്യച്ഛന്റെ കാഴ്ച പൂർണ്ണമായും മങ്ങിത്തുടങ്ങി . അതിനു ശേഷവും വര്ഷങ്ങളോളം സ്വന്തം കാര്യങ്ങൾ കാഴ്ച ഉണ്ടായിരുന്നപ്പോഴുള്ള അതേ രീതിയിൽ തുടരാൻ കഴിഞ്ഞത് വല്യച്ഛൻറെ ആത്മവിശ്വാസവും പട്ടാളച്ചിട്ടയും ഒന്നു കൊണ്ട് മാത്രമാണ്... പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്...ഊന്നു വടിയുടെ സഹായം ഇല്ലാതെ കൈകൾ കൊണ്ട് ചുമരുകൾ പിടിച്ചു പിടിച്ചു നടന്നു പ്രഭാത കർമ്മങ്ങൾ മുതൽ എന്നും മുടങ്ങാതെയുള്ള വ്യായാമം, കുളി, ഭക്ഷണം കഴിക്കൽ, ആഴ്ചയിൽ രണ്ടു പ്രാവശ്യമുള്ള ക്ഷൗരം ചെയ്യൽ തുടങ്ങീ എല്ലാ കാര്യങ്ങളും സ്വന്തമായി, വൃത്തിയായി ചെയ്യുമായിരുന്നു.
ഈ അവസ്ഥയിൽ എൻ്റെ മർമ്മപ്രധാനമായ പങ്ക് കടന്നു വരുന്നത് മാസാവസാനം പോസ്റ്റുമാൻ വേണുച്ചേട്ടൻ പെൻഷൻ കാശുമായി വരുമ്പോഴാണ്. കാഴ്ചയില്ലാതെ വല്യച്ഛൻ പണം കൈകാര്യം ചെയ്തിരുന്ന രീതി ആരെയും അത്ഭുതപ്പെടുത്തും.. കൈയിൽ കിട്ടുന്ന നോട്ടുകളെയും ചില്ലറ പൈസയെയും ഒക്കെ കൈ കൊണ്ട് പിടിച്ചു നോക്കി കൃത്യമായി എത്രയാണെന്ന് പറയുമായിരുന്നു.. പെൻഷൻ കാശ് ആദ്യം സ്വയം എണ്ണി തിട്ടപ്പെടുത്തും. വേറെ ആരെയും അത്രയ്ക്ക് വിശ്വാസം പോരാത്തതു കൊണ്ട് പിന്നീട് അത് എന്നെ കൊണ്ട് ഒന്ന് കൂടെ എണ്ണിക്കും.വല്യമ്മയ്ക്കു മാസച്ചിലവിനു കൊടുക്കാനുള്ളത് കൊടുത്തതിനു ശേഷം എപ്പോഴും കൊണ്ട് നടക്കുന്ന കണ്ണടക്കൂടിൽ നിന്നും എനിക്ക് ഇരുമ്പു പെട്ടിയുടെ താക്കോൽ എടുത്തു തരും ബാക്കി പൈസ ഭദ്രമായി കൊണ്ട് വയ്ക്കാൻ. എന്നിലുള്ള വിശ്വാസം കാത്തു സൂക്ഷിക്കാൻ ഞാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു. അതിനാൽ ഇടയ്ക്ക് വല്യമ്മ ചോദിച്ചാലും ഒരിക്കൽ പോലും വല്യച്ഛനറിയാതെ പൈസ ഞാൻ എടുത്തു കൊടുത്തിരുന്നില്ല. എന്നോടുള്ള സ്നേഹവും വിശ്വാസ്യതയും കാരണം എൻ്റെ പത്താമത്തെ പിറന്നാളിന് ഒരു സ്വർണ്ണമോതിരം വാങ്ങിക്കാൻ വല്യച്ഛൻ പൈസ തന്നു. എന്നെ സംബന്ധിച്ചിടത്തോളം ആ മോതിരം വിലമതിക്കാനാവാത്ത ഒരു നിധി തന്നെയായിരുന്നു...വേറെ ആർക്കും കിട്ടാതെ പോയ നിധി…
കാലങ്ങൾ പിന്നെയും കടന്നുപോയപ്പോൾ വല്യച്ഛന്റെ ഓർമ്മശക്തി നശിച്ചു..പിന്നീട് കുറേക്കാലം കിടപ്പിലായിരുന്നു . ഈ കുറിപ്പ് അൽപ്പം നീണ്ടു പോയാലും ഒരു സുപ്രധാന കാര്യം കൂടെ എനിക്ക് പറയാനുണ്ട് . ഞാൻ രണ്ടാം വർഷ MCA യ്ക്ക് പഠിക്കുമ്പോഴാണ് വല്യച്ഛൻ ഞങ്ങളെ വിട്ടു പിരിഞ്ഞത് . പിറ്റേ ദിവസം പ്രധാനപ്പെട്ട സെമസ്റ്റർ എക്സാം ആയതു കൊണ്ട് വല്യച്ഛൻ മരിച്ച വിവരം വൈകിയാണ് എന്നെ അറിയിച്ചത്..അവസാനമായി ഒരു നോക്ക് കാണാൻ പോകാൻ പറ്റാത്തതിന്റെ വിഷമത്തിൽ അന്ന് മുഴുവനും ഹോസ്റ്റൽ മുറിയിൽ കരഞ്ഞു തളർന്നു കിടക്കുകയായിരുന്നു ഞാൻ . എൻ്റെ കൂടെയുള്ള റൂംമേറ്റ് പുറത്തു പോയ സമയം...മുറിയുടെ വാതിൽ ചാരിയിട്ടിരിക്കുകയായിരുന്നു…പാതിമയക്കത്തിലായിരുന്ന ഞാൻ വാതിലിൽ ഒരു മുട്ട് കേട്ടു. കണ്ണ് തുറക്കാതെ തന്നെ ഞാൻ പറഞ്ഞു കേറി വാ..മുറി പൂട്ടിയിട്ടില്ലെന്ന്...വാതിൽ തുറന്നു ആരോ അകത്തു കയറി... നന്നായി കിതയ്ക്കുന്ന ഒച്ച എനിക്ക് കേൾക്കാമായിരുന്നു...ഒരു 2-3 സെക്കൻഡ്..പെട്ടന്ന് ഞാൻ കണ്ണ്തുറന്നു . നോക്കിയപ്പോൾ ആരും ഇല്ലായിരുന്നു . വാതിൽ ചാരി തന്നെയാണ് കിടന്നിരുന്നത്..അപ്പോൾ എനിക്കുറപ്പായി എന്റെ അരികിൽ വന്നത് വേറെ ആരും അല്ല എന്റെ പ്രിയപ്പെട്ട വല്യച്ഛന്റെ ആത്മാവായിരുന്നു ..
ആ ഒരു നിശബ്ദമായ കണ്ടുമുട്ടൽ...അതിനു ശേഷം സമാധാനത്തോടെ വല്യച്ഛന്റെ ആത്മാവ് മടങ്ങിയിരിക്കാം...വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് എനിക്കുണ്ടായ അനുഭവമാണ് [ഒരു പക്ഷെ എൻ്റെ തോന്നൽ മാത്രമായിരിക്കാം]… നമ്മുക്ക് പ്രിയപ്പെട്ടവർ ഈ ലോകത്തുനിന്നും മണ്മറഞ്ഞാലും ചിലപ്പോൾ അവരുടെ സാന്നിധ്യം എവിടെയൊക്കെയോ [സ്വപ്നത്തിലും ഇടയ്ക്കു കണ്ടെന്നു വരാം] നമുക്ക് അനുഭവപ്പെട്ടേക്കാം …
പ്രിയപ്പെട്ട വല്യച്ഛന്റെ ആത്മാവിനു നിത്യശാന്തി നേർന്നു കൊണ്ട് നിര്ത്തുന്നു.
Niskalanghamaya smaranakal. May his soul RIP.
ReplyDeleteEzhuthiyathokke valare nannayittundu. Iniyum ezhuthanam.
ReplyDelete