നാലുമണിക്കാറ്റ്

നാലുമണിക്കാറ്റ് കുറെ ഓർമ്മക്കുറിപ്പുകളാണ്. ജീവിത യാത്രയെ തൊട്ടും തലോടിയും ചിലപ്പോളൊക്കെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മറ്റു ചിലപ്പോൾ ഒട്ടൊന്നു വിഷമിപ്പിച്ചും കടന്നു പോകുന്ന കുളിർ കാറ്റ്... എല്ലാവര്ക്കും ഉണ്ടാകും ഇത് പോലെ ഉള്ള അനുഭവങ്ങളും കഥകളും. വായനക്കാരെ മടുപ്പിക്കാതെ രസകരമായി എന്റെ ചില കുറിപ്പുകൾ വരച്ചിടാൻ ശ്രമിക്കുകയാണ് ഈ ബ്ലോഗിലൂടെ...

Saturday, December 21, 2019

ഒരു ഡൽഹി യാത്ര

പണ്ട് പണ്ട്...എന്നാൽ അത്രയ്ക്ക് പണ്ടല്ല…കൗമാരത്തിലേക്ക് കാലൂന്നിയ സമയത്തു അതായത് എട്ടാം ക്ലാസ്സ് കഴിഞ്ഞുള്ള മദ്ധ്യവേനലവധിക്കാലത്തു പോയൊരു ഹൃദ്യമായ യാത്രയുടെ ഓർമ്മക്കുറിപ്പാണിത്. എല്ലാ കുട്ടികളേയും പോലെ അവധിക്കാല യാത്രകൾ എനിക്കും പ്രിയപ്പെട്ടതായിരുന്നു. അതിനു മുൻപുള്ള ദീർഘ ദൂര യാത്രയെന്ന് പറയുന്നത് നാലാം ക്ലാസിലെയും അഞ്ചാം ക്ലാസിലെയും അവധിക്കാലത്തു അന്ന് സകുടുംബം മദ്രാസിൽ താമസമാക്കിയ അമ്മയുടെ സഹോദരിയെ കാണാൻ പോകാറുള്ളതായിരുന്നു. അതിനു ശേഷം എൻ്റെ കുട്ടിക്കാലത്തെ ഏറ്റവും ദൈർഘ്യമേറിയ യാത്രയായിരുന്നു തലസ്ഥാന നഗരിയായ ഡൽഹി അഥവാ ദില്ലിയിൽ പോയത്. എയർഫോഴ്‌സിൽ ജോലി ചെയ്യുന്ന മാമന് [അമ്മയുടെ സഹോദരൻ] രാജസ്ഥാനിൽ നിന്നും ഡൽഹിയിലേക്ക് സ്ഥലം മാറ്റം കിട്ടി കുറച്ചു മാസങ്ങൾക്കു ശേഷം സ്ഥലങ്ങൾ കാണാനായി അവർ ഞങ്ങളെ ക്ഷണിക്കുകയായിരുന്നു. ആ മറക്കാനാവാത്ത യാത്രയിൽ സ്നേഹനിധിയായ എൻ്റെ വല്യമ്മയും [ അമ്മമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ടു ഇപ്പോൾ കുറച്ചു മാസങ്ങളായി] മാമിയുടെ അമ്മയും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.

കൃത്യമായ തീയ്യതി ഓർമ്മിച്ചെടുക്കാൻ ആവുന്നില്ലെങ്കിലും ഞങ്ങൾ പോയത് ഏപ്രിൽ മാസാവസാനമായിരുന്നു. വിമാന യാത്രയെക്കുറിച്ചു കൂടുതൽ ചിന്തിച്ചു തുടങ്ങിയിട്ടില്ലാത്ത കാലം ... പോകുന്നതിനായി എൻ്റെ അച്ഛൻ്റെ സ്വന്തം തീവണ്ടി [അച്ഛന് ജോലി റെയിൽവേയിൽ ആയിരുന്നത് കൊണ്ട് അങ്ങനെ പറയാനാണെനിക്കിഷ്ടം ] തന്നെയായിരുന്നു ആശ്രയം . യാത്രാദൈർഘ്യം പകുതിയോളം കുറയ്ക്കുമായിരുന്ന കൊങ്കൺ റെയിൽ പാത തുറക്കുന്നതിനു തൊട്ടു മുൻപുള്ള വർഷമായിരുന്നു ഞങ്ങളുടെ വളഞ്ഞു പിടിച്ചുള്ള ഡൽഹി തീവണ്ടി യാത്ര. നിസാമുദ്ദീൻ ട്രെയിനിൽ തലശ്ശേരിയിൽ നിന്നും രാവിലെ യാത്ര തിരിച്ച ഞങ്ങൾ മൂന്നാമത്തെ ദിവസമാണ് ഡൽഹിയിലെത്തിയത് .

ട്രെയിനില്‍ ഇത്രയും ദിവസം ചിലവഴിച്ച ഒരേയൊരു യാത്രയും ഇതു തന്നെയാണ്. മറ്റൊരു സവിശേഷത എന്ന് പറയുന്നത് ഒരു യാത്രികൻ്റെ കയ്യിലും മൊബൈലോ ലാപ്ടോപ്പോ ഇല്ലായിരുന്നു എന്നതാണ്[ഇന്നത്തെ കുട്ടികൾക്കും യുവ ജനങ്ങൾക്കും ആലോചിക്കാനേ പറ്റാത്ത കാര്യം!] . സ്‌ക്രീനിൽ കണ്ണുകൾ തറച്ചു വച്ച് ചുറ്റും നടക്കുന്നതൊന്നും തനിക്കു ബാധകമല്ല എന്ന മട്ടിലുള്ള ഇരിപ്പ് അന്ന് പറ്റില്ലായിരുന്നു എന്ന് ചുരുക്കം. സഹയാത്രികരുമായി വിശേഷങ്ങളും പലഹാരങ്ങളും പങ്കു വച്ചും, ഇടയ്ക്കു വല്യമ്മയുടെ പഴയകാല കഥകൾ കേട്ടും, മുതിർന്നവർ ‘അന്താരാഷ്ട്ര പ്രശ്നങ്ങൾ’ ചർച്ച ചെയ്യുമ്പോൾ ഞാനും ചേട്ടനും ‘ഏണീം പാമ്പും’ കളിച്ചും , വിൻഡോ സീറ്റിലിരുന്നു കൊണ്ട് പ്രകൃതി ഭംഗി ആവോളം ആസ്വദിച്ചും, പാട്ടു കേൾക്കാനായി ചേട്ടൻ്റെ കൈയിലുള്ള ‘സോണി വാക്മാൻ’ ചോദിച്ചാൽ തരാതെ വരുമ്പോൾ വഴക്കു കൂടി അച്ഛനെ കൊണ്ട് ചോദിപ്പിച്ചു വാങ്ങിയും ഒക്കെ ‘ബോറടി’ എന്ന വാക്കിനെ ഞങ്ങൾ അക്ഷരാർത്ഥത്തിൽ ഒഴിവാക്കി. രണ്ടര ദിവസം റെയിൽവേ ഷെഫുകളുടെ പാചക നൈപുണ്യവും അനുഭവിച്ചറിയാനിടയായി.

 മൂന്നാം ദിവസം ഉച്ചയോടടുത്തപ്പോഴാണ് ഡൽഹി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. അവിടെ കാറുമായി കാത്തു നിന്ന മാമനോടൊപ്പം റേസ് കോഴ്സ് എന്ന സ്ഥലത്തെ എയർഫോഴ്സ് ക്വാർട്ടേഴ്സിലേക്കാണ് ഞങ്ങൾ പോയത് . മാമൻ്റെ കല്യാണം കഴിഞ്ഞിട്ട് ഏതാണ്ട് ആറു മാസമായിട്ടേ അപ്പോൾ ഉണ്ടായിരുന്നുള്ളു. മാമി എല്ലാവരോടും വളരെ ഫ്രണ്ട്‌ലി ആയിരുന്നു . ഞങ്ങളെ എല്ലാവരെയും നിറഞ്ഞ ചിരിയോടെയാണ് മാമി സ്വീകരിച്ചത് . അങ്ങനെ എട്ടു പേർ ആ രണ്ടു മുറി വീട്ടിൽ കളി ചിരികളുമായി ഏതാണ്ട് 10 ദിവസങ്ങള്‍ കഴിഞ്ഞു കൂടി. വേനൽക്കാലമായിരുന്നെങ്കിലും അവിടെ അപ്പോഴും തണുപ്പായിരുന്നു. കേരളത്തിലെ ചൂടിൽ നിന്നും അവിടെയെത്തിയപ്പോൾ ആദ്യം കാലാവസ്ഥ ഭയങ്കര തണുപ്പായി തോന്നിയെങ്കിലും പിന്നീട് അതുമായി എല്ലാവരും ഇണങ്ങിച്ചേർന്നു.

ഓർക്കുമ്പോൾ ഇപ്പോഴും എനിക്ക് ചിരി വരാറുള്ള ഒരു കാര്യം .. അപ്പുറത്തെ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ‘മീഥാലി’ എന്ന് പേരുള്ള നോർത്ത് ഇന്ത്യൻ ചേച്ചിയോട് ആദ്യമായി ഞാൻ ഹിന്ദിയിൽ സംസാരിച്ചതാണ്. ഹിന്ദി പഠിക്കുന്നുണ്ടെങ്കിലും ആദ്യമായാണ് സംസാരിക്കാൻ ഒരു അവസരം ഒത്തു വന്നത് . ഗ്രാമ്മർ,സ്ത്രീലിംഗ് ,പുല്ലിംഗ് ഇവരെയൊന്നും മൈൻഡ് ചെയ്യാതെ രാഷ്ട്ര ഭാഷയിൽ അവർ എന്നോട് ചോദിച്ച ചോദ്യങ്ങൾക്കു ഞാൻ മറുപടി നൽകി . പിന്നീട് റൂമിലെത്തി അമ്മയോട് ഞാൻ പറഞ്ഞ വാചകങ്ങൾ ഏറ്റു പറഞ്ഞപ്പോൾ ഗ്രാമറൊക്കെ ഞാൻ കാറ്റിൽ പറത്തിയെന്നു മനസ്സിലായി. പക്ഷെ പിന്നീട് മാമി വന്നു പറഞ്ഞു ആ ചേച്ചി എൻ്റെ ‘കിടു’ ഹിന്ദി കേട്ട് അന്തോം കുന്തോം വിട്ടു നിന്ന് പോയീന്നു!. മാമിയുടെ പാചക നൈപുണ്യം ആദ്യമായി അറിയാൻ കഴിഞ്ഞത് ഡൽഹിയിൽ വച്ചാണ്. സൗത്ത് ഇന്ത്യൻ മാത്രമല്ല എയർഫോഴ്‌സിലുള്ള നോർത്ത് ഇന്ത്യൻ സൗഹൃദത്തിലൂടെ അവരുടെ പാചക രീതികളും പഠിച്ചെടുത്ത മാമി ഞങ്ങൾക്കായി അവരുടെ കുറെ രുചികരങ്ങളായ ഭക്ഷണങ്ങൾ ഉണ്ടാക്കിത്തന്നു. ആദ്യമായി ഞാൻ ‘നൂഡിൽസ്’ എന്ന പരിഷ്ക്കാരി ഭക്ഷണം കഴിക്കുന്നതും അവിടെ വച്ചായിരുന്നു.

ഡൽഹിയിൽ എത്തിയതിനു ശേഷം ആദ്യമായി പുറത്തിറങ്ങിയത് ഇന്ത്യയിലെ തന്നെ പഴക്കമാർന്നതും തിരക്കുള്ളതുമായ മാർക്കറ്റ് ആയ ചാന്ദ്നിചൗക്കിൽ ഷോപ്പിംഗിനായിരുന്നു.രാത്രിയിൽ നിലാവിൻ്റെ പ്രതിഫലനം ഉണ്ടാകുന്നതു കൊണ്ടാണ് ആ സ്ഥലത്തിന് ചാന്ദ്നി ചൗക്ക് എന്ന പേര് വന്നത്. ഇന്ത്യയുടെ തനതായ മധുര പലഹാരങ്ങൾക്കും [ഹൽദിറാം പലഹാരക്കടയുടെ യഥാർത്ഥ ഉറവിടം ഇവിടെയാണ്] സാരികൾക്കും വളരെ പ്രസിദ്ധമാണ് ചുവരുകളുടെ നഗരം എന്നറിയപ്പെടുന്ന ഈ സുപ്രധാന വീഥി. കൂടാതെ ചെരിപ്പുകൾ, തുകൽ ഉൽപ്പന്നങ്ങൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ എന്നിങ്ങനെയുള്ള എല്ലാ സാധനങ്ങളും ഇവിടെ ലഭ്യമാണ്. നാട്ടിലേക്ക് കൊണ്ടു പോകാൻ കുറെ സാധനങ്ങൾ വാങ്ങിയാണ് ഞങ്ങൾ ആ ചരിത്ര-പ്രധാന സ്ഥലത്തോട് വിട പറഞ്ഞത്. തൊട്ടടുത്ത ദിവസങ്ങളിൽ അവിടെയുള്ള പ്രസിദ്ധമായ അയ്യപ്പ ക്ഷേത്രത്തിലും ഹനുമാൻ ക്ഷേത്രത്തിലും തൊഴാൻ പോയി.

തിരിച്ചു വരുന്നതിനു മൂന്നു ദിവസങ്ങൾക്കു മുൻപാണ് എല്ലാവരും ഒരുമിച്ചുള്ള ഒരു ഫുൾ ഡേ ട്രിപ്പ് മാമൻ പ്ലാൻ ചെയ്തത് . അതിനു വേണ്ടി വാൻ ഏർപ്പാടാക്കി തന്നതാകട്ടെ അച്ഛൻ്റെ കസിനായ വിനുവേട്ടനായിരുന്നു. അവരും ഡെൽഹിയിലായിരുന്നു ജോലി ചെയ്തിരുന്നത് . പോകാനുള്ള ദിവസം വിനുവേട്ടൻ രാവിലെ വീട്ടിൽ വന്നു എല്ലാവരെയും കണ്ടു. വണ്ടി റെഡിയാണെന്നും ജോലിത്തിരക്കു കാരണം കൂടെ വരാൻ പറ്റില്ലെന്നും പറഞ്ഞു. അങ്ങനെ അതിരാവിലെ തന്നെ ഞങ്ങൾ വാനിൽ ഡൽഹിയുടെ മനോഹര കാഴ്ചകൾ കാണാൻ യാത്ര തിരിച്ചു . ഇന്നത്തെ അന്തരീക്ഷ മലിനീകരണം കൊണ്ടും ഗതാഗതക്കുരുക്കു കൊണ്ടും വീർപ്പു മുട്ടുന്ന ഡെൽഹിയായിരുന്നില്ല ഇരുപത്തിരണ്ടു വർഷങ്ങൾക്കു മുൻപുള്ള അന്നത്തെ ഡൽഹി. തിരക്കുകൾക്കിടയിലും ശാന്തമായിരുന്നു അന്നത്തെ തലസ്ഥാന നഗരി. അന്ന് പോയ പ്രധാന സ്ഥലങ്ങൾ ഇന്ത്യ ഗേറ്റ്, ലോട്ടസ് ടെംപിൾ, റെഡ്ഫോർട്ട്, ഖുത്ബ് മിനാർ എന്നിവയായിരുന്നു. സ്ഥലങ്ങളെക്കുറിച്ചു ചുരുക്കിപ്പറയാം .

ആദ്യം തന്നെ ഇന്ത്യ ഗേറ്റ് കാണാനാണ് ഞങ്ങൾ പോയത്. ഡൽഹിയിലെ പ്രധാന പാതയായ രാജ്‌പഥിൽ ആണ് ഇന്ത്യ ഗേറ്റ് സ്ഥാപിച്ചിരിക്കുന്നത്. ഒന്നാം ലോകമഹായുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലും മരിച്ച സൈനികരുടെ ഓർമ്മ നിലനിർത്തുവാൻ വേണ്ടി നിർമ്മിച്ച ഈ സ്മാരകം ലോകത്തിലെ ഏറ്റവും വലിയ യുദ്ധസ്മാരകങ്ങളിൽ ഒന്നാണ്. 1931 ൽ പണി പൂർത്തിയായ ഇന്ത്യ ഗേറ്റിൻ്റെ ചുവരുകളിൽ യുദ്ധത്തിൽ മരിച്ച സൈനികരുടെ പേരുകൾ കൊത്തി വച്ചിട്ടുണ്ട് . സൈനികരുടെ ഓർമ്മയ്ക്കായി ആർച്ചിൻ്റെ താഴെയായി കത്തിച്ചു വച്ചിരിക്കുന്ന ദീപമാണ് അമർ ജവാൻ ജ്യോതി. കറുത്ത മാർബിൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഇതോടൊപ്പം ഒരു സൈനിക തോക്കും തൊപ്പിയും പണിതിട്ടുണ്ട്. 1971 ലെ ഇന്ത്യ-പാക് യുദ്ധത്തിൻ്റെ ഓർമ്മയ്ക്കായി തൊട്ടടുത്ത വർഷം സ്ഥാപിച്ച അമർ ജവാൻ ജ്യോതിയുടെ സ്ഥാപന കർമ്മം നിർവഹിച്ചിരിക്കുന്നത് അന്നത്തെ പ്രധാമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ്. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യ ഗേറ്റിൻ്റെ ഉള്ളിൽ സാധാരണക്കാർക്ക് പ്രവേശനം ഇല്ലായിരുന്നു. പക്ഷെ ഒരു എയർഫോഴ്സ് ജവാൻ കൂടെയുള്ളത് കൊണ്ട് ഞങ്ങളെ അവർ അകത്തു കയറാൻ അനുവദിച്ചു. ഇരുട്ട് നിറഞ്ഞ അതിൻ്റെ ഉള്ളിലെ 300 പടവുകൾ ഞങ്ങൾ ടോർച്ചു തെളിച്ചു കൊണ്ടാണ് കയറിയത്. ഞാൻ പടവുകളുടെ എണ്ണമെടുത്താണ് കയറിയത്. ഏറ്റവും മുകളിലെത്തിയപ്പോൾ എല്ലാവരും നന്നേ ക്ഷീണിച്ചു. പ്രത്യേകിച്ചും വല്യമ്മ. പക്ഷെ അതിൻ്റെ മുകളിൽ നിന്നു കൊണ്ട് ഡൽഹിയുടെ പ്രൗഢി മുഴുവൻ കണ്ണുകളാൽ ഒപ്പിയെടുത്തപ്പോൾ ക്ഷീണമൊക്കെ പമ്പ കടന്നു. രാജ്‌പഥിൻ്റെ ഒരു വശത്തു സ്ഥിതി ചെയ്യുന്ന രാഷ്‌ട്രപതി ഭവൻ്റെ വ്യക്തമായ കാഴ്ച അവിടെ നിന്നാൽ കിട്ടും. കൂടാതെ ചുറ്റുമുള്ള ഉദ്യാനങ്ങളുടെ ഭംഗിയും നയന മനോഹരങ്ങളാണ് .

അവിടെ നിന്നും നേരെ പോയത് ലോട്ടസ് ടെംപിളിലാണ്. ഡൽഹിയിലെ പ്രധാന ആകർഷണ കേന്ദ്രമായ ഈ ബഹായ് ക്ഷേത്രം ഏകദൈവ വിശ്വാസത്തിൽ അധിഷ്ഠിതമായ ബഹായി എന്ന മതക്കാരുടേതാണ്. ബഹാവുള്ള ആണ് പേർഷ്യയിൽ ഉടലെടുത്ത ഈ മതത്തിൻ്റെ സ്ഥാപകൻ. ഇന്ത്യയിലെ തന്നെ ശില്പ ചാതുര്യങ്ങളിലും വലിപ്പത്തിലും മുന്നിട്ടു നിൽക്കുന്ന അമ്പലങ്ങളിൽ ഒന്നാണീ താമരപ്പൂവിൻ്റെ ആകൃതിയിലുള്ള ക്ഷേത്രം. ഒൻപതുവശങ്ങൾ മുഴുവനും വെണ്ണക്കല്ലിൽ പൊതിയപ്പെട്ട് മൂന്നിൻ്റെ ഗണങ്ങളിൽ സ്വതന്ത്രമായി നിൽക്കുന്ന 27 ദളങ്ങൾ ചേർന്നതാണ് ഈ ക്ഷേത്രത്തിൻ്റെ ഘടന. ഒൻപത് വാതിലുകളും ഉള്ളിലേക്ക് തുറക്കുന്നത് ഒരു നടുത്തളത്തിലേക്കാണ്. ഏതാണ്ട് 2500 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ആ നടുത്തളത്തിൻ്റെ തറ വെള്ള മാർബിൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഫരിബോസ് എന്ന ഇറാൻകാരൻ നിർമ്മിച്ച ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ബഹാപൂർ എന്ന ഗ്രാമത്തിൽ ആണ് . കണ്ണിനും മനസ്സിനും കുളിർമ്മ നൽകുന്നതാണ് ഈ ടെംപിളിൻ്റെ രൂപ ഭംഗി. അവിടെ കുറച്ചു സമയം ചിലവഴിച്ച ഞങ്ങൾ പിന്നീട് ചെങ്കോട്ട അഥവാ റെഡ് ഫോർട്ട് കാണുവാനായി പോയി .

മുഗൾ ഭരണാധികാരിയായിരുന്ന ഷാജഹാൻ ചക്രവർത്തി പതിനേഴാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച രണ്ടു കിലോമീറ്ററോളം ചുറ്റളവിലുള്ള വിസ്തൃതമായ കോട്ടയാണ് ചുവപ്പു കോട്ട അഥവാ ചെങ്കോട്ട. ഈ കോട്ടയുടെ കിഴക്കു ഭാഗത്തു കൂടിയാണ് യമുനാ നദി ഒഴുകുന്നത്. കോട്ടയിലേക്കുള്ള രണ്ടു പ്രധാന പ്രവേശന കവാടങ്ങളാണ് പടിഞ്ഞാറു വശത്തുള്ള ലാഹോറി ഗേറ്റ്, തെക്കു വശത്തുള്ള ഡൽഹി ഗേറ്റ് എന്നിവ. ഇതിൽ ചുവന്ന മണൽക്കൽ പാളികൾ കൊണ്ടലങ്കരിച്ചിട്ടുള്ള ലാഹോറി ഗേറ്റ് കടന്ന് ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ കാണുന്ന ഇരുവശത്തും വാണിജ്യ സ്ഥാപനങ്ങളോട് കൂടിയ ഇടനാഴിയാണ് ‘മേൽക്കൂരയുള്ള ചന്ത’ എന്നർത്ഥം വരുന്ന ‘ഛത്ത ബസാർ’. ലാഹോറി ഗേറ്റിനു മുകളിൽ ഇന്ത്യയുടെ ദേശീയ പതാക എപ്പോഴും ഉയർത്തിയിരിക്കും. ഈ ഗേറ്റിനു മുന്നിൽ നിന്നാണ് നമ്മുടെ പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തിൽ പ്രസംഗിക്കുന്നത്. കോട്ടയ്ക്കുള്ളിലെ കാഴ്ചകൾ മുഗൾ ഭരണകാലത്തേയ്ക് കാഴ്ചക്കാരെയും കൂട്ടി കൊണ്ട് പോകുന്നതായിരുന്നു . കൊത്തുപണികളാലലംകൃതമായ ഗോപുരങ്ങൾ, മണ്ഡപങ്ങൾ, മന്ദിരങ്ങൾ എന്നിവയുടെ ഭംഗി വർണ്ണനാതീതമാണ്. അവിടെ നിന്നും ഏറ്റവും ഒടുവിൽ പോയത് ഖുത്ബ് മിനാർ കാണാനാണ്.

ഇഷ്ടിക കൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ സ്തൂപമാണ് ഖുത്ബ് മിനാർ. അഞ്ചു നിലകളിലായി 399 പടികളുള്ള ഈ ഗോപുരത്തിൻ്റെ താഴെ നിലയിലുള്ള വ്യാസം കുറഞ്ഞു കുറഞ്ഞു ഏറ്റവും മുകളിലെത്തുമ്പോൾ 2.75 മീറ്ററാകുന്നു. 1199 ൽ ദില്ലി സുൽത്താനായിരുന്ന ഖുത്ബ്ദീൻ ഐബക്ക് ആണ് ഇതിൻ്റെ ആദ്യ നില പണിതത്. 1980 ൽ വൈദ്യുതിത്തകരാറിനാറിനെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 25 കുട്ടികൾ മരിച്ചതിനെത്തുടർന്ന് മിനാറിനകത്തേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നില്ല. അതിനു മുകളിൽ നിന്നു പലരും ആത്മഹത്യ ചെയ്തതും പ്രവേശനം നിഷേധിച്ചതിന് മറ്റൊരു കാരണമാണ്. പുറമെ നിന്ന് അതിൻ്റെ ഭംഗി നോക്കി കണ്ടു കൊണ്ട് ഞങ്ങൾ വീട്ടിലേക്കു മടങ്ങി.

10 ദിവസം കഴിഞ്ഞപ്പോൾ ഞങ്ങൾ ഡെൽഹിയോട് വിട പറഞ്ഞു കൊണ്ട് വീണ്ടും ട്രെയിൻ യാത്ര ആരംഭിച്ചു . എത്രയും പെട്ടന്ന് സ്കൂൾ തുറന്നു കൂട്ടുകാരോട് ഡെൽഹി വിശേഷങ്ങൾ പറയാനുള്ള വെമ്പലിലായിരുന്നു മടക്കയാത്രയിൽ എൻ്റെ മനസ്സ് . ഒപ്പം ലോക മഹാത്ഭുതങ്ങളിലൊന്നായ താജ്‌മഹൽ കാണാതെ മടങ്ങേണ്ടി വന്നതിലുള്ള ചെറിയ ദുഃഖവും. ടാഗോറിൻ്റെ വാക്കുകളിൽ പറഞ്ഞാൽ ‘കാലത്തിൻ്റെ കവിളിൽ വീണ ആ കണ്ണുനീർത്തുള്ളിയെ’ കാണാനുള്ള ആഗ്രഹം ആഗ്രഹമായിത്തന്നെ തുടരുന്നു.

Popular Posts

Total Pageviews